താത്കാലികമായി ലഭ്യമാകുന്ന ബട്ടണ്‍ റിയാക്ഷനുകള്‍ ഇനി പുറത്തിറക്കില്ലെന്ന് ഫെയ്സ്ബുക്ക്. ഇഷ്ടം, പ്രണയം, ചിരി, ആശ്ചര്യം, സങ്കടം, ദേഷ്യം എന്നിവ പ്രകടിപ്പിക്കാനുളള റിയാക്ഷനുകളാണ് സ്ഥിരമായി നിലനില്ക്കുക. അതേസമയം ചില പ്രത്യേക ദിനങ്ങളേയും ആഘോഷങ്ങളേയും സൂചിപ്പിക്കാനായുളള റിയാക്ഷനുകള്‍ പുറത്തിറക്കില്ലെന്നാണ് ഫെയ്സ്ബുക്ക് വ്യക്തമാക്കിയത്. 2016ല്‍ നിരവധി താത്കാലിക റിയാക്ഷനുകള്‍ ഫെയ്സ്ബുക്ക് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ മാതൃദിനത്തിലാണ് നീലനിറത്തിലുളള പൂക്കളുടെ റിയാക്ഷന് ഫെയ്സ്ബുക്ക് പുറത്തിറക്കിയത്. അമ്മയോട് നന്ദി അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ റിയാക്ഷന് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. കുറച്ച് നാള് മാത്രമായിരുന്നു പൂക്കള്‍ ഇഫക്ട് ലഭ്യമായിരുന്നത്. തുടര്‍ന്ന് ഇത് അപ്രത്യക്ഷമാവുകയും ചെയ്തു. കൂടാതെ റെയിന്‍ബോ പ്രൈഡ് ഫ്ലാഗും കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറക്കിയിരുന്നു. എല്‍ജിബിടി സമൂഹത്തെ ആദരിക്കാനായി പുറത്തിറക്കിയ ഈ റിയാക്ഷനും പിന്നീട് അപ്രത്യക്ഷമായി. എന്നാല്‍ ഈ വര്‍ഷം ഇത്തരത്തിലുളള പുതിയ റിയാക്ഷനുകളൊന്നും പുറത്തിറക്കിയിരുന്നില്ല.
ഇത്തരത്തിലുളള കസ്റ്റം റിയാക്ഷനുകള്‍ ഇനി പുറത്തിറക്കില്ലെന്ന് കമ്പനി വക്താവ് ലിസ സ്റ്റാര്ട്ടന് വ്യക്തമാക്കി. സാംസ്കാരികമായതും പ്രത്യേക കാര്യങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ദിനങ്ങള്‍ക്കായി ഇനി ഇത്തരത്തില്‍ റിയാക്ഷനുകള്‍ ഇറക്കില്ലെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി. എന്നാല്‍ ഇത്തരം ദിനങ്ങളെ അടയാളപ്പെടുത്താനായി മറ്റ് സൗകര്യങ്ങള്‍ ഫെയ്സ്ബുക്ക് ഒരുക്കും. പ്രൊഫൈല്‍ ഫ്രെയിം, പോസ്റ്റുകള്‍ക്ക് പ്രത്യേക രീതിയിലുളള അക്ഷരങ്ങള്‍ എന്നിവയായിരിക്കും പുറത്തിറക്കുന്ന ഫീച്ചറുകള്‍.