വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് പ്രശ്‌നം തുടങ്ങിയത്. വ്യാഴാഴ്ച രാവിലെയും ഇത് തുടരുകയാണ്. പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും ഇരു കമ്പനികളും ട്വിറ്ററിലൂടെ അറിയിച്ചു.

‘ഫെയ്‌സ്ബുക്ക് കുടുംബത്തിലെ ആപ്പുകള്‍ ലോഗിന്‍ ചെയ്യുന്നതിന് പലര്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിയുന്നത്ര വേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,’ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഫെയ്‌സ്ബുക്ക് അറിയിച്ചു.

‘ഞങ്ങള്‍ക്കറിയാം ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്, ഞങ്ങളുടെ ടീം എത്രയും പെട്ടെന്ന് പരിഹാരം കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്,’ എന്ന് ഇന്‍സ്റ്റഗ്രാമും ട്വീറ്റ് ചെയ്തു.

ചില അക്കൗണ്ടുകളില്‍ നിന്ന് പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്റുകളിടാനോ സാധിക്കുന്നില്ല. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റയും സമാനമായ പ്രശ്‌നം നേരിട്ടു.

വാട്‌സാപ്പില്‍ മീഡിയ ഫയല്‍ ഷെയര്‍ ചെയ്യാനും ജി മെയിലില്‍ ഇ മെയില്‍ അയയ്ക്കാനും പലര്‍ക്കും തടസം നേരിട്ടു. ഇക്കഴിഞ്ഞ ജനുവരിയിലും ജി മെയിലില്‍ ഇതേ പ്രശ്‌നം നേരിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook