ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫെയ്സ്ബുക്ക്. അതുകൊണ്ട് തന്നെ ഓരോ ദിവസവും പുതിയ ഫീച്ചറുകളും അപ്ഡേഷനുകളുമായി ഫെയ്സ്ബുക്ക് സജീവവുമാണ്. അത്തരത്തിൽ ഒരു അപ്ഡേഷനായിരുന്നു ഗ്രൂപ്പുകൾക്ക് പ്രാധാന്യം നൽകി കഴിഞ്ഞ ദിവസങ്ങളിൽ ആപ്ലിക്കേഷൻ റീഡിസൈൻ ചെയ്തത്. ഫെയ്സ്ബുക്ക് ഉപഭോക്താക്കളിൽ 400 മില്ല്യൺ ആളുകൾ അംഗങ്ങളായിട്ടുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും അത്തരത്തിൽ മില്ല്യൺ കണക്കിന് ഗ്രൂപ്പുകളുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. അതുകൊണ്ട് തന്നെയാണ് ഗ്രൂപ്പിന് പ്രത്യേക പ്രാധാന്യം നൽകുന്ന പുതിയ ഡിസൈൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളുടെ ഉപയോഗം കൂടുതൽ എളുപ്പത്തിലാക്കുകയാണ് ലക്ഷ്യം.

പുതിയ അപ്ഡേഷനിൽ ഗ്രൂപ്പുകൾക്കായുള്ള ടാബ് ആപ്ലിക്കേഷന്റെ മുകളിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പുകളിലേക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനും സാധിക്കും. ഇതിന് പുറമെ പുതിയ അപ്ഡേഷനിൽ ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നതിനും എളുപ്പമായിരിക്കും.

ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ എങ്ങനെ ജോയിൻ ചെയ്യാം

ഒരു ഫെയ്സ്ബുക്ക് ഉപഭോക്താവിന് 6000ലധികം ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് ഏതെങ്കിലും ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെങ്കിൽ ആ ഗ്രൂപ്പിന്റെ പേര് ആദ്യം സെർച്ച് ചെയ്യുക. നിങ്ങൾക്ക് താൽപര്യമുള്ള ഗ്രൂപ്പ് തുറന്ന ശേഷം ജോയിൻ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുക.

ഓപ്പൻ ഗ്രൂപ്പുകളിൽ നേരിട്ട് ജോയിൻ ചെയ്യാമെങ്കിലും ചില ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിന് അഡ്മിന്റെ അനുമതി വേണം. സീക്രട്ട് ഗ്രൂപ്പുകൾ എന്ന പേരിൽ മറ്റൊരു സൗകര്യം കൂടിയുണ്ട്. ഇത്തരം ഗ്രൂപ്പുകൾ സെർച്ച് ചെയ്യുന്ന സാഹചര്യത്തിൽ ലിസ്റ്റ് ആവുകയില്ല. ഈ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്നതിന് ഗ്രൂപ്പിൽ അംഗമായിട്ടുള്ള ആരെങ്കിലും നിങ്ങളെ ഇൻവൈറ്റ് നൽകണം.

ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിന്ന് എങ്ങനെ പുറത്ത് പോകാം

എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകാൻ നിങ്ങൾ താൽപര്യപെടുന്നെങ്കിൽ അതിനും അവസരമുണ്ട്. ഗ്രൂപ്പിൽ കയറിയ ശേഷം വലത് ഭാഗത്ത് ഏറ്റവും മുകളിലായി കാണുന്ന മെനു ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ ലീവ് ഗ്രൂപ്പ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ഗ്രൂപ്പിൽ നിന്ന് പുറത്താകും. അങ്ങനെ ഒരിക്കൽ പുറത്തായാൽ പിന്നെ ഒരിക്കലും ആ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളും മറ്റും കാണാൻ സാധിക്കില്ല.

എങ്ങനെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം

നിങ്ങളുടെ സ്വന്തം വാളിൽ പോസ്റ്റ് ചെയ്യുന്നത് പോലെ തന്നെ എളുപ്പത്തിൽ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യാൻ സാധിക്കും. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവക്ക് പുറമെ ലൈവ് പോകാനും സാധിക്കും. ഗ്രൂപ്പിൽ കയറിയ ശേഷം സാധാരണ രീതിയിൽ തന്നെ പോസ്റ്റ് ചെയ്യുക. എന്നാൽ ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നതിന് അഡ്മിന്റെ അനുമതി വേണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook