ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്യുന്നതിനുളള ഫീച്ചറാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്. പൊഫൈൽ ലോക്ക് ചെയ്യുന്നതിലൂടെ സുഹൃത്തുക്കൾക്ക് അല്ലാതെ മറ്റൊരാൾക്കും അവരുടെ ഫൊട്ടോകളോ പോസ്റ്റുകളോ പൊഫൈൽ ഫൊട്ടോയോ കാണാൻ കഴിയില്ല. സ്ത്രീ ഉപയോക്താക്കളെ ലക്ഷ്യമിട്ടുളളതാണ് പുതിയ ഫീച്ചർ. പുരുഷന്മാർക്കും വേണമെങ്കിൽ പുതിയ ഫീച്ചർ ഉപയോഗപ്പെടുത്താം. അടുത്ത ആഴ്ചയോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകും.
പ്രൊഫൈൽ പിക്ചർ ഗാർഡിന്റെ പിൻഗാമിയായി വരുന്ന ഈ ഫീച്ചറിൽ ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കും കണക്കിലെടുത്തിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് പ്രൊഡക്ട് മാനേജർ റോക്‌സ്‌ന ഇറാനി പറഞ്ഞു. ”പ്രൊഫൈൽ ഫൊട്ടോയിലാണ് ഞങ്ങൾ ആദ്യം തുടങ്ങിയത്, കാരണം പ്രൊഫൈൽ ഫൊട്ടോ ഡൗൺലോഡ് ചെയ്യുന്നതിലും ഷെയർ ചെയ്യുന്നതിലും സ്ത്രീകൾ വളരെ അസ്വസ്ഥരായിരുന്നു. അങ്ങനെ ഞങ്ങൾ ആദ്യം പ്രൊഫൈൽ പിക്ചർ ഗാർഡ് അവതരിപ്പിച്ചു. പിന്നീടാണ് പ്രൊഫൈൽ ഫൊട്ടോയ്ക്കുപുറമേ മറ്റു ഫൊട്ടോകളിലേക്കും ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്,” ഇറാനി പറഞ്ഞു.
Read Also: സ്റ്റാറ്റസ് പരിധി 30 സെക്കൻഡ് തന്നെ; വാട്‌സാപ്പ് പഴയ രൂപത്തിൽ
പ്രൊഫൈൽ ലോക്ക് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ, മറ്റൊരാൾക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഫൊട്ടോ കാണാൻ മാത്രമേ കഴിയൂ. അത് വലുതാക്കാനോ പേജിലെ മറ്റെന്തെങ്കിലും കാണാനോ കഴിയില്ല. പ്രൊഫൈൽ ലോക്ക് ചെയ്യുമ്പോൾ ഒരു ബ്ലൂ ബാൻഡ് കാണിക്കും. പ്രൊഫൈലിലെ കൂടുതൽ ഓപ്ഷനുകളിൽ നിന്ന് ഈ ഫീച്ചർ തിരഞ്ഞെടുക്കാം. അവിടെ ഉപയോക്താക്കൾക്ക് ലോക്ക് പ്രൊഫൈലിൽ ടാപ്പ് ചെയ്യേണ്ടിവരും.
ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ ഉപയോക്താവിന് പബ്ലിക്കലി പോസ്റ്റ് ചെയ്യാനാവില്ല. അതിനു ശ്രമിക്കുമ്പോൾ പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരു പോപ്അപ് വരും. പ്രൊഫൈൽ അൺലോക്ക് ചെയ്താൽ മാത്രമേ പബ്ലിക് പോസ്റ്റിന് സാധിക്കൂ. മറ്റ് ആളുകൾക്ക് പോസ്റ്റുകളിൽ ഉപയോക്താവിനെ ടാഗുചെയ്യാൻ കഴിയും, പക്ഷേ ഉപയോക്താവ് അനുവദിക്കുന്നതുവരെ ഇവ ടൈംലൈനിൽ ദൃശ്യമാകില്ല.
Read in English: Facebook enables profile lock for Indian users, will let only friends see posts