/indian-express-malayalam/media/media_files/uploads/2018/11/facebook-bloomberg-7591.jpg)
വ്യാജ വാർത്തകൾ ഫെയ്‌സ്ബുക്കിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫെയ്‌സ്ബുക്ക് അധികൃതർ. വ്യാജ വാർത്തകളെ നേരിടുന്നതിനായി ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
സമൂഹമാധ്യമം എന്ന നിലയിൽ ഫെയ്‌സ്ബുക്ക് സമൂഹനന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഫെയ്‌സ്ബുക്ക് വഴി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ നൈതികതയ്ക്ക് എതിരാണെന്ന് ഫെയ്‌സ്ബുക്കിന്റെ ന്യൂസ് പാർട്നർഷിപ്സ് തലവൻ മനീഷ് ഖാൻദൂരി പറഞ്ഞു.
സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചാൽ നിമിഷങ്ങൾക്കകം ഫെയ്‌സ്ബുക്കിൽ നിന്നും നീക്കം ചെയ്യും. എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷികളുടെ പ്രചരണമാണെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ കൂടുതൽ ആലോചിച്ച ശേഷമേ നടപടി എടുക്കൂവെന്ന് 'വ്യാജ വാർത്തയ്ക്ക് അപ്പുറം' എന്ന പേരിൽ ന്യൂഡൽഹിയിൽ ബിബിസി സംഘടിപ്പിച്ച ചടങ്ങിൽ മനീഷ് ഖാൻദുരി പറഞ്ഞു.
ഫെയ്‌സ്ബുക്കിനെ കൂടാതെ സമൂഹമാധ്യമ രംഗത്തെ വമ്പൻമാരായ ട്വിറ്റർ, ഗൂഗിൾ കമ്പനികളുടെ പ്രതിനിധികളും വ്യാജ വാർത്തയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു. വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നുണ്ട്. എന്നാൽ വാർത്തകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക പ്രയാസമാണെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു.
വ്യാജ വാർത്ത ഏതെന്ന് കണ്ടെത്താനും, അവയുടെ ആധികാരികത സ്ഥിരീകരിക്കാനും പ്രയാസമാണ്. അതിനാൽ വ്യാജ വാർത്തകൾ സ്ഥിരീകരിക്കാൻ ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വാർത്തയുടെ വസ്തുതകൾ പരിശോധിക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് നിലവിൽ ചെയ്യുന്നതെന്ന് ഗൂഗിൾ ന്യൂസ് വക്താവ് ഐറിൻ ജെയ് ലിയു പറഞ്ഞു.
വ്യാജ വാർത്തകളെ എങ്ങിനെ നിയന്ത്രിക്കുമെന്ന ചോദ്യത്തിന് കൃത്യമായ പരിശീലനത്തിലുടെ പരിഹരിക്കാനാകും എന്നാണ് ഐറിൻ ജെയ് ലിയു പറഞ്ഞത്. ഇതിന് വേണ്ടി ഗൂഗിളിന്റെ നേതൃത്വത്തിൽ പരീശിലന പദ്ധതി രൂപികരിച്ചിട്ടുണ്ട് . ഇതിലൂടെ പ്രാദേശിക ഭാഷയിലടക്കമുള്ള 8000 മാധ്യമ പ്രവർത്തകരെ പരിശീലിപ്പിക്കാനാകും. 1000 മാധ്യമ പ്രവർത്തകരെ നിലവിൽ ഈ പദ്ധതിയിലൂടെ പരിശീലിപ്പിച്ചു കഴിഞ്ഞെന്നും ഐറിൻ ജെയ് ലിയു പറഞ്ഞു.
ഏത് വാർത്തയാണ്, ശരി ഏത് വാർത്തയാണ് തെറ്റ് എന്നത് സംബന്ധിച്ച് ഏതെങ്കിലും ഒരു സ്ഥാപനം തീരുമാനം എടുക്കുക എന്നത് പ്രയാസമാണെന്ന് ട്വിറ്ററിന്റെ സുരക്ഷ വിഭാഗം മേധാവി വിജയ ഗാഡേ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.