ന്യൂഡൽഹി : ലോകത്ത് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്നതിൽ ഫെയ്സ്ബുക്ക് മുന്നിലാണെന്ന് കണ്ടെത്തൽ. അമേരിക്കയിലെ ദി ന്യൂയോർക് ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഫെയ്സബുക്കിലെ മുൻ ജീവനക്കാർ, മുൻ പങ്കാളികൾ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ നിന്നാണ് ഇത് വ്യക്തമായത്. ഈ വിവരങ്ങൾ പ്രകാരം ഉപഭോക്താക്കൾ കരുതിയതിലും അപ്പുറത്താണ് ഫെയ്സ്ബുക്ക് നടത്തുന്ന വ്യക്തി വിവര ശേഖരണം എന്നാണ് വ്യക്തമാക്കുന്നത്. മറ്റേത് സ്വകാര്യ സ്ഥാപനത്തേക്കാളും മുന്നിലാണ് ഇക്കാര്യത്തിൽ മുന്നിലെന്നാണ് പഠനം.

വ്യക്തിവിവരങ്ങൾ ചോർത്തിയ ശേഷം ഇത് ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, നെറ്റ്‌ഫ്ലിക്സ്, സ്പോട്ടിഫൈ, യാന്റക്സ് തുടങ്ങിയ നിരവധി കമ്പനികൾക്ക് വിൽക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് ഫെയ്‌സ്ബുക്ക് തളളിക്കളഞ്ഞു.

വ്യക്തികളുടെ അനുമതിയില്ലാതെ മറ്റ് കമ്പനികൾക്ക് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കില്ലെന്നും മറിച്ചുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. വ്യക്തികളുടെ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കുമെന്നത് തങ്ങൾ അനുവദിക്കാൻ പാടില്ലാത്തതായിരുന്നുവെന്നാണ് മുൻ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് പറഞ്ഞത്.

എന്നാൽ ഫെയ്സ്ബുക്കിന്റെ വിശദീകരണത്തെ വിമർശിച്ച് സ്ഥാപനത്തിന്റെ മുൻ ചീഫ് സെക്യുരിറ്റി ഓഫീസർ അലക്സ് സ്റ്റാമോസ് ട്വീറ്റ് ചെയ്തു. പുറമെ, വലിയ കോലാഹലങ്ങൾക്കാണ് വാർത്ത തുടക്കം കുറിച്ചിരിക്കുന്നത്.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് പിന്നാലെ ഫെയ്സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങൾ ഇവയാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  റഷ്യൻ ഇടപെടൽ, ദശലക്ഷക്കണക്കിന് ഫോട്ടോകൾ ചോർത്തിയ സംഭവം, മാർക് സുക്കർബർഗിന്റെ ഇമെയിൽ ചോർച്ച,  കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽ അഞ്ച് ലക്ഷം പൗണ്ട് പിഴ.

ഈ സംഭവങ്ങൾ ലോകത്താകമാനം ഫെയ്സ്ബുക്കിന്റെ വിശ്വാസ്യത തകർത്തിരുന്നു. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ശക്തമായ വാദങ്ങളാണ് ഫെയ്സ്ബുക്കിനെതിരെ ലോകത്താകമാനം ഉയർന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ