ഫെയ്സ്ബുക്കിലെ 267 ദശലക്ഷം അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ ഹാക്കർമാർ ഡാർക് വെബിൽ വിൽപന നടത്തിയതായി സൈബർ സുരക്ഷാ ഗവേഷകർ. വെറും 450 ഡോളറിനാണ് ഡാറ്റാ വിൽപന. ഇമെയിൽ അഡ്രസ്സ്, പേര്, ഫെയ്സ്ബുക്ക് ഐഡി, ജന്മദിനം, ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് ഹാക്കർമാർ ഡാർക് വെബിൽ വിറ്റതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൽ പറയുന്നു. ഭാഗ്യത്തിന് പാസ് വേഡുകൾ ഇക്കൂട്ടത്തിൽ വിൽക്കാൻ വച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

എങ്ങനെയാണ് 267 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് കഴിഞ്ഞതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫെയ്സ്ബുക്കിലെ തേഡ് പാർട്ടി എപിഐകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഈ വിവരങ്ങൾ സൈബർ കുറ്റവാളികൾ ഫിഷിങ് പോലുള്ള തട്ടിപ്പുകൾക്കായും സ്പാമിങ്ങിനു വേണ്ടിയും ഉപയോഗപ്പെടുത്താൻ സാധ്യതയുള്ളതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Also Read: ആപ്പിള്‍ വാച്ചിന് വയസ്സ് അഞ്ച്; വാച്ചിന്റെ രഹസ്യങ്ങള്‍ ഇവയാണ്‌

കഴിഞ്ഞ വർഷം അവസാനം സമാനമായ തരത്തിൽ ഫെയ്സ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ ചോർന്നിരുന്നു. പേര്, ഫെയ്സ്ബുക്ക് ഐഡി, ഫോൺ നമ്പർ എന്നിവയടങ്ങിയ ഡാറ്റാബേസാണ് ചോർന്നത്. ഇവ ഓൺലൈനിൽ ആർക്കും പരിശോധിക്കാവുന്ന വിധത്തിൽ ലഭ്യമാവുകയും ചെയ്തിരുന്നു. പിന്നീട് വിയറ്റ്നാമിൽ നിന്നാണ് ഇവ പ്രചരിച്ചതെന്ന് കണ്ടെത്തിയതായി സൈബർ സുരക്ഷാ സ്ഥാപനങ്ങൾ പറയുന്നു.

100ഓളം ആപ്പ് ഡെവലപ്പർമാർക്ക് ഉപഭോക്തൃ വിവരങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്ന് കഴിഞ്ഞ നവംബറിൽ ഫെയ്സ്ബുക്ക് സമ്മതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ സ്വകാര്യതാ ലംഘനങ്ങളുടെ പേരിൽ ഫെയ്സ്ബുക്കിനെതിരെ പല തവണ വിമർശനങ്ങളുയർന്നിരുന്നു. 2018ലെ കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തിന്റെ കേന്ദ്ര സ്ഥാനത്തും ഫെയ്സ്ബുക്ക് ആണ്. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും വേണ്ടിയുള്ള പ്രചാരണങ്ങൾക്കായി കോടിക്കണക്കിന് അമേരിക്കൻ ഉപഭോക്താക്കളുടെ ഫെയ്സ്ബുക്ക് വിവരങ്ങൾ കേംബ്രിജ് അനലറ്റിക്ക വിലക്ക് വാങ്ങിയെന്നത് സംബന്ധിച്ചായിരുന്നു വിവാദം.

എങ്ങനെ പ്രൊഫൈൽ സുരക്ഷിതമാക്കാം ?

ഫെയ്സ്ബുക്ക് പാസ്വേഡും, ഫെയ്സ്ബുക്ക് ലോഗിൻ ചെയ്യാനുപയോഗിക്കുന്ന ഇ-മെയിലിന്റെ പാസ്‌വേഡും മാറ്റുന്നത് അക്കൗണ്ട് സുരക്ഷിതമാക്കാൻ സഹായിക്കും. ഒപ്പം ലോഗ് ഇൻ ചെയ്യാൻ ടു ഫാക്ടർ ഒതന്റിഫിക്കേഷൻ എനേബിൾ ചെയ്യുന്നതും സുരക്ഷ വർധിപ്പിക്കും. യൂസർ നെയിമും പാസ്വേഡും ചോർത്തിയാലും ടു ഫാക്ടർ ഒതന്റിഫിക്കേഷൻ ഓണാക്കിയിട്ടുണ്ടെങ്കിൽ ഹാക്കർക്ക് അക്കൗണ്ടിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നതിനാലാണിത്. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ രജിസ്ട്രർ ചെയ്ത ഫോൺ നമ്പരിലേക്ക് വരുന്ന ഒടിപി നമ്പർ കൂടി നൽകിയാൽ മാത്രമാണ് അപ്പോൾ ലോഗിൻ ചെയ്യാൻ സാധിക്കുക.

Read More: 267 million Facebook profiles sold on dark web for $540: How you can protect your account

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook