കാലിഫോര്‍ണിയ: കമ്പനിയുടെ പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്നാണ് പുതിയ നാമം. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്കിന് കീഴിലുള്ള മറ്റ് സമൂഹമാധ്യമങ്ങളിലെ ദുരുപയോഗം മുതല്‍ നിരവധി വിഷയങ്ങളില്‍ കമ്പനി വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
മെറ്റയുടെ കീഴിലായിരിക്കും ഇനിമുതല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍. മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രീമിങ് വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
വ്യത്യസ്‌ത ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുക എന്നതാണ് മെറ്റാവേഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതയും സുരക്ഷയും മെറ്റാവേസിൽ സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കർബർഗ് കൂട്ടിച്ചേര്‍ത്തു. ഉദാഹരണം നിങ്ങളുടെ സ്പേയ്സിലേക്ക് ഒരാളുടെ കടന്നുകയറ്റം തടയുന്നത് പോലെയുള്ള കാര്യങ്ങള്‍.
ഓഗ്മെന്റ‍്, വെര്‍ച്വല്‍ റിയാലിറ്റികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കനാണ് സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നത്. ഒരു സമൂഹ മാധ്യമ കമ്പനി എന്നതിലുപരി ഒരു മെറ്റാവേഴ്സ് കമ്പനിയായി വളരുന്നതിനാണ് പ്രാധാന്യം നല്‍കുന്നതും. മെറ്റാവേഴ്സ് മൊബൈല്‍ ഇന്റര്‍നെറ്റ് പോലെ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് സക്കര്‍ബര്‍ഗിന്റെ അവകാശവാദം.
കമ്പനിയുടെ മുന്‍ ജീവനക്കാരനായ ഫ്രാൻസെസ് ഹൗഗൻ പുറത്ത് വിട്ട രേഖകളിലായിരുന്നു ഫെയ്സ്ബുക്കിനെതിരെ ഗുരതര ആരോപണങ്ങള്‍ വന്നത്. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തേക്കാള്‍ കമ്പനി ലാഭത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഹൗഗന്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെ സക്കര്‍ബര്‍ഗ് നിഷേധിച്ചു.