ന്യൂഡൽഹി: കേംബ്രിഡ്‌ജ് അനലിറ്റിക്ക അഞ്ചര ലക്ഷത്തിലേറെ ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തിയതായി ഫെയ്സ്ബുക്ക് വെളിപ്പെടുത്തി. ഈ വിഷയത്തിൽ നേരത്തേ കേന്ദ്രസർക്കാർ ഫെയ്സ്ബുക്കിനോട് വിശദീകരണം തേടിയിരുന്നു. ആകെ 5,62,120 പേരുടെ വിവരങ്ങളാണ് ചോർത്തിയത്.
കേംബ്രിഡ്‌ജ് അനലിറ്റിക്കയുടെ മൈ ഡിജിറ്റൽ ലൈഫ് (My Digital Life) എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ 335 പേർ ഡൗൺലോഡ് ചെയ്‌തതായി ഫെയ്‌സ്ബുക്ക് പറയുന്നു. രാജ്യത്ത് 8.7 കോടി പേരാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. കേംബ്രിഡ്‌ജ് അനലിറ്റിക്ക ചോർത്തിയതിൽ 81 ശതമാനം പേരും അമേരിക്കൻ പൗരന്മാരാണ്.
ഫെയ്‌സ്ബുക്കുമായി ചേർന്ന് പ്രവർത്തിച്ച ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുളളത്. ഇവിടുത്തെ മുന്‍ റിസര്‍ച്ച് ഡയറക്ടർ ക്രിസ്റ്റഫര്‍ വെയ്‌ലി, അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡോണൾഡ് ട്രംപിന്റെ വിജയത്തിന് വേണ്ടി വ്യക്തിവിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം.
വിവാദമായതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരിവിലകൾ കുത്തനെ ഇടിഞ്ഞു. ഇതോടെ അഞ്ഞൂറ് കോടി ഡോളറിന്റെ നഷ്ടമാണ് ഫെയ്‌സ്ബുക്ക് ഉടമയായ മാർക് സുക്കർബർഗിന് മാത്രം സംഭവിച്ചത്.