കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചതുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്ത. കഴിഞ്ഞ ഒരു പതിറ്റാണ്ടായ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പ്രധാന വേദികളിലൊന്നാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍ വെറും അഭിപ്രായ പ്രകടനത്തിന് മാത്രമുള്ളതല്ല ഫെയ്‌സ്ബുക്കിന്‍െറ പ്ലാറ്റ്‌ഫോം എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

എങ്ങനെയാണ് ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ പൊളിറ്റിക്കല്‍ ക്യാമ്പയിനെ സഹായിക്കുന്നത്?

ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്ന ഇന്ററാക്ഷനുകളില്‍ നിന്നും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകള്‍, വാര്‍ത്തകളുടെ ഉറവിടങ്ങള്‍, എത്തരത്തിലായിരിക്കും നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെല്ലാം ഫെയ്‌സ്ബുക്കിന് അറിയാം. ഈ വിവരങ്ങളില്‍ നിന്നും നിങ്ങളുടെ രാഷ്ടീയ നിലപാടുകള്‍ മനസിലാക്കാനും എളുപ്പമാണ്.

ഈ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കും?

നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം അനുസരിച്ച് നിങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്കിലുണ്ട്. നിങ്ങളുടെ ലൈക്കുകളും ഡിസ് ലൈക്കുകളും ഇന്ററസ്റ്റുകളുമെല്ലാം പരിശോധിച്ചാണ് ഈ പരസ്യങ്ങള്‍ തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വരുന്ന പരസ്യങ്ങള്‍ മോദിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താല്‍പര്യമുള്ളവരെ ലക്ഷ്യം വച്ചുള്ളതായിരിക്കും. എന്റെ കാര്യത്തില്‍ ഇത് ട്രാക്ടറിന്റെ പരസ്യം മുതല്‍ രാഷ്ട്രീയ നേതാക്കളുടെ പരസ്യം വരെ വന്നിട്ടുണ്ട്.

ഈ തരത്തിലുളള വിവരങ്ങളാണോ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിക്കുന്നത്?

ഇല്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വരൂപിക്കാന്‍ ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന ഒരു ആപ്പാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിക്കുന്നത്. അലക്‌സാണ്ടര്‍ കോഗന്‍ എന്നയാളാണ് ഈ ക്വിസ് ആപ്പ് നിര്‍മ്മിച്ചത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളിലേക്ക് കടന്നു ചെല്ലുകയാണ് ഇതിന്റെ ലക്ഷ്യം. ഉപഭോക്താവിന്റെ സ്വാഭവത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചുമെല്ലാം കൂടുതല്‍ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന ചോദ്യങ്ങളായിരിക്കും ആപ്പില്‍ ഉണ്ടാവുക. ഈ വിവരങ്ങള്‍ വോട്ടര്‍മാരെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കും.

ഈ വിവരങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കുക?

പ്രായം, സ്ഥലം, താല്‍പര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ടാര്‍ഗറ്റിംഗ് തീരുമാനിക്കുക. എന്നാല്‍ തങ്ങളുടെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷ്യമിടുക റിവര്‍ഡേലിലെയോ അര്‍കാന്‍സിലെയോ 12 വോട്ടര്‍മാരെയായിരിക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത എന്നാല്‍ സ്വാധീനിക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍.

സാമ്പത്തിക മാന്ദ്യത്തിലും തൊഴിലില്ലായ്മയിലും രോക്ഷാകുലരായ ആളുകളെയായിരിക്കും പ്രോ-ട്രംപ് ക്യാമ്പയിന്‍ ടാര്‍ഗറ്റ് ചെയ്യുക എന്ന് ചുരുക്കം. നിരന്തരമുള്ള, ഇത്തരത്തിലുള്ള ക്യാമ്പയിന്റെ ഭാഗമായി ഇക്കൂട്ടരുടെ മനസുമാറുകയും വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook