ഫെയ്സ്ബുക്കിലെ 50,000 രൂപയ്ക്ക് മുകളിൽ വരുന്ന രാഷ്ട്രീയ പരസ്യങ്ങളില്‍ പകുതിയിലധികവും നാല്പത്തിയെട്ട് പേജുകളിൽ നിന്നാണ് വന്നിട്ടുള്ളത്. ഇതിൽ മിക്ക പേജുകളും ‘കമ്യൂണിറ്റി’, ‘ന്യൂസ്’ അല്ലെങ്കിൽ ‘പേർസണൽ ബ്ലോഗ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ഇവയ്ക്ക് നേരിട്ട് ബന്ധവുമില്ല. ഇതിൽ ഭൂരിപക്ഷം പരസ്യങ്ങളും ബിജെപിയെ അനുകൂലിക്കുന്ന തരത്തിലുള്ള ഉള്ളടക്കത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

ഫെയ്സ്ബുക്കിൽ 50,000 രൂപയ്ക്ക് മുകളിലുള്ള പരസ്യങ്ങളുടെ  കണക്കെടുത്ത ഇന്ത്യന്‍ എക്പ്രസിന്റെ കണ്ടെത്തൽ പ്രകാരം, കഴിഞ്ഞ ആറ് ആഴ്‌ചക്കാലത്ത് വന്ന, 35,000 പരസ്യങ്ങളിൽ 18,000 പരസ്യങ്ങളും ഈ നാല്പത്തിയെട്ട് പേജുകൾ വാങ്ങിയതായി കണ്ടെത്തി. പരസ്യ ചെലവിനു നീക്കി വയ്ക്കപ്പെട്ടിട്ടുള്ള 12.7 കോടി രൂപയിൽ നിന്നും 5.3 കോടി രൂപ ഈ പരസ്യങ്ങള്‍ക്കായി ചെലവാക്കിയതായും മനസിലാക്കാൻ സാധിച്ചു. മൊത്തത്തിൽ ചെലവാക്കപ്പെട്ടത് 14.7 കോടി രൂപയാണ്. ഇതില്‍ 85 ശതമാനം പരസ്യങ്ങളും 50,000 രൂപയ്ക്ക് മുകളിൽ ഉള്ളതുമാണ്.

Read in English: 48 pages account for half the political ads of over Rs 50,000 on Facebook

ഇത്തരത്തില്‍, ഒരു പാർട്ടിയുമായും നേരിട്ട് ബന്ധമില്ലാതെ, പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതൽ പണം ചിലവാക്കിയ പേജുകൾ ‘ഭാരത് കെ മാൻ കി ബാത്’ (Bharat Ke Maan Ki Baath) (ഏകദേശം 3,200 പരസ്യങ്ങൾ – 2.2 കോടി), ‘മൈ ഫസ്റ്റ് വോട്ട് ഫോർ മോദി (My First Vote for Modi) (7,200 പരസ്യങ്ങൾക്കായി 1 കോടി), ‘നേഷൻ വിത്ത് നമോ’ (Nation with NaMo) (3,100 പരസ്യങ്ങൾ- 1.2 കോടി) എന്നിവയാണ്. ഈ പേജുകളെല്ലാം ഫെയ്സ്ബുക്കില്‍ ‘കമ്യൂണിറ്റി’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

 

കോൺഗ്രസിനെ പിന്തുണയ്ക്കുന്ന ഒരുപാട് പേജുകൾ ഉണ്ടായിരുന്നു, എന്നാൽ അവയിൽ ഇത്തരം രേഖപ്പെടുത്തലുകൾ ഉണ്ടായിരുന്നില്ല. “മുദ്ദ ധാബ’ (Mudda Dhaba) എന്ന പേജ് (35 പരസ്യങ്ങൾക്ക് 2.5 ലക്ഷം) ‘എന്റർടൈൻമെന്റ് വെബ്സൈറ്റ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലെ കോൺഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ കോൺട്രാക്റ്റ് കൊടുക്കപ്പെട്ട ഹിതേഷ് ചൗളയാണ് ഈ പേജിന്റെ പബ്ലിഷർ. ഡിസൈൻ ബോക്സ്‌സ്ഡ്‌ (DesignBoxed) നടത്തുന്ന ‘ഷട്ട് ദി ഫേക്ക് അപ്പ്’ (Shut the fake UP) (260 പരസ്യങ്ങൾക്ക് 2.4 ലക്ഷം) എന്ന പേജ് ‘കമ്മ്യൂണിറ്റി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പേജും കോൺഗ്രസിന് വേണ്ടിയാണു പ്രവർത്തിക്കുന്നത്.

ഇത്തരം ‘പാർട്ടി അഫിലിയേറ്റഡ്‌’ പേജുകള്‍ക്ക് പുറമേ, ‘പൊളിറ്റീഷ്യന്‍’ (രാഷ്‌ട്രീയ പ്രവര്‍ത്തകന്‍) അല്ലെങ്കിൽ ‘പബ്ലിക് ഫിഗർ’ എന്ന ലേബലുള്ള, പലതിലും ലോക്സഭാ സ്ഥാനാർഥികളുടെ പേരുകളുള്ള ഏകദേശം നൂറ്റിയമ്പതോളം പേജുകളുണ്ട്. ഈ പേജുകളില്‍ നിന്നാണ് മൊത്തം പരസ്യ ചെലവിന്റെ നാലിലൊന്ന് ഭാഗം വരുന്നത് – 9,800 പരസ്യങ്ങൾക്കായി 3 കോടി. ഇങ്ങനെയുള്ള ‘പൊളിറ്റീഷ്യന്’ പേജുകളുടെ ഒരു വലിയ ഭാഗവും ദക്ഷിണേന്ത്യയിൽ നിന്നുമാണ്. അവര്‍ ചെലവാക്കിയാതാകട്ടെ, 5000 പരസ്യങ്ങൾക്ക് 1.4 കോടി രൂപയാണ്.

‘പൊളിറ്റിക്കൽ പാർട്ടി’ അല്ലെങ്കിൽ ‘പൊളിറ്റിക്കൽ ഓർഗനൈസേഷൻ’ എന്ന് രേഖപ്പെടുത്തിയ മുപ്പത്തിയഞ്ചോളം പേജുകൾ മൊത്തം ചെലവിന്റെ അഞ്ചിലൊന്ന് പോലും ചെലവാക്കിയിട്ടില്ല – 4,500 പരസ്യങ്ങൾക്ക് 2 കോടി. ‘പാർട്ടിയുടെ ഉടമസ്ഥതയിലുള്ള’ ഇത്തരം പേജുകളും ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യയില്‍ നിന്നാണ് – 704 പരസ്യങ്ങൾക്ക് 55 ലക്ഷം.

‘പാർട്ടി അനുബന്ധ’ പേജുകളിലെ ഏകദേശം കാൽ ഭാഗത്തോളമുള്ള പരസ്യങ്ങൾ, ‘ഡിസ്ക്ലെയ്‌മറുകൾ ഇല്ലാത്ത പരസ്യങ്ങൾ’ ആയതിനാൽ ഫെയ്സ്ബുക്ക് പിൻവലിക്കുകയുണ്ടായി. വിജ്ഞാപനം നടത്തുന്നയാൾ ഈ പരസ്യങ്ങൾ രാഷ്ട്രീയ പശ്ചാത്തലം ഉള്ളവയാണെന്ന് വ്യക്തമാക്കാത്തതിനാലാണ് ഇത്തരമൊരു നടപടി ഉണ്ടായത്.

വിജ്ഞാപനം നടത്തിയ ആളുടെ പാർട്ടി അനുഭവം വ്യക്തമാക്കുന്നതായിരുന്നില്ല പരസ്യത്തിലെ ഡിസ്ക്ലെയ്‌മെർ. കൂടാതെ ഫെയ്സ്ബുക്ക് ആർക്കൈവ് പറയുന്നത് പ്രകാരം, ഈ വിഭാഗത്തില്‍ വലിയ ചെലവു ചെയ്തവർ, അവരുടെ പരസ്യം രാഷ്ട്രീയപരമാണ് എന്ന് രേഖപ്പെടുത്തിയതിനാല്‍ ഫെയ്സ്ബുക്ക് അവ പ്രദർശിപ്പിക്കുകയും ചെയ്തു.

ഫെയ്സ്ബുക്ക് റെക്കോർഡുകൾ സൂചിപ്പിക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ, ബിജെപിയെ പിന്തുണയ്ക്കുന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്തത് ഏകദേശം 80 പേജുകൾ മാത്രമാണ് എന്നാണ്. എന്നാൽ പരസ്യങ്ങള്‍ക്കായി ചെലവാക്കപ്പെട്ട 6.5 കോടിയുടെ പകുതിയും പോയത് ഈ 80 പേജുകളിലെ 60 ശതമാനം പരസ്യങ്ങള്‍ക്കാണ്.’

 

കോൺഗ്രസിനെ പിന്തുണച്ച് കൊണ്ടുള്ള പേജുകൾ 4,400 പരസ്യങ്ങൾക്കായി ഒരു കോടി രൂപ ചിലവാക്കി. കോൺഗ്രസുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, മൊത്തം ചിലവിൽ എട്ട് ശതമാനവും, ആഡ്‌ സ്പേസില്‍ 13 ശതമാനവുമാണ് കരസ്ഥമാക്കിയത്. കോൺഗ്രസിന്റെ മിക്ക ചെലവുകളും ‘പൊളിറ്റിക്കൽ പാർട്ടി’ എന്ന് രേഖപ്പെടുത്തിയ പേജുകളിൽ നിന്നോ അല്ലെങ്കിൽ ‘പൊളിറ്റീഷ്യൻ’ എന്ന് രേഖപ്പെടുത്തിയ പേജുകളിൽ നിന്നുമാണ് വന്നിരിക്കുന്നത്. പരസ്യങ്ങള്‍ വന്നതാകട്ടെ, ‘പൊളിറ്റിഷ്യന്‍’ എന്ന് രേഖപ്പെടുത്തിയ മത്സരാര്‍ഥികളുടെ പേജുകളിലും.

‘ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ’ പബ്ലിഷ് ചെയ്യുന്ന ബിജെപിയെ പിന്തുണയ്ക്കുന്ന പേജുകളായ ‘ദി ട്രൂ പിക്ച്ചർ’ (The True Picture) ‘ന്യൂസ് ആൻഡ് മീഡിയ വെബ്‌സൈറ്റ്’, 5.4 ലക്ഷം രൂപയാണ് ചെലവാക്കിയത്. ബിജെപിയും ബ്ലേക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷം തന്നെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റ് ചില പേജുകൾ, ‘പേഴ്സണൽ ബ്ലോഗ്’ എന്നോ (ഉദാഹരണം: ‘മോദി 11’) അല്ലെങ്കിൽ ‘സോഷ്യൽ സർവീസ്’ എന്നോ (ഉദാഹരണം: ‘മോദി ഫോർ ന്യൂ ഇന്ത്യ’) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 81 ലക്ഷം രൂപയാണ് TDP ചെലവാക്കിയിരിക്കുന്നത്, ഇതിൽ 26 ലക്ഷം പാർട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത കമ്മ്യൂണിറ്റി പേജുകളായ ‘AP റൈസസ് വിത്ത് CBN’ ‘AP വിത്ത് CBN’ വഴിയാണ് ചെലവാക്കിയിരിക്കുന്നത്.

രാഷ്ട്രീയ പരസ്യങ്ങളുടെ അടുത്ത നിര ഇങ്ങനെയാണ് – BJD (66 ലക്ഷം രൂപ), YSRCP (62 ലക്ഷം രൂപ), തുടർന്ന് AIADMK (18 ലക്ഷം രൂപ), ശിവസേന (7.9 ലക്ഷം രൂപ), AAP (3.8 ലക്ഷം രൂപ), BSP (3.8 ലക്ഷം), DMK (3.1 ലക്ഷം രൂപ), TMC (1.5 ലക്ഷം രൂപ)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook