scorecardresearch
Latest News

ആഴക്കാഴ്ചകൾ മുങ്ങിത്തപ്പാൻ ഇനി ‘ഐറോവ് ട്യൂണ’, ആദ്യ ജലാന്തർ ഡ്രോൺ

കൊച്ചിക്കാരായ ജോൺസണും കണ്ണപ്പനും സ്ഥാപിച്ച ഐറോവ് ടെക്നോളജീസ് കേരള സ്റ്റാർട്ടപ് മിഷന്റെ മേക്കർ വില്ലേജിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലാണ്…

make in kerala,

കൊച്ചി: സിഇടി എന്ന തിരുവനന്തപുരത്തെ  കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നാരംഭിച്ച  സൗഹൃദം. അതാണ് കണ്ണപ്പന്റെയും ജോൺസണിന്റെയും വിജയകഥയുടെ തുടക്കം. എൻജിനീയറിങ് പഠനകാലത്ത് റോബോട്ടിക്സിലൂടെയാണ് അവർ തങ്ങൾ ഇരുവരുടെയും താത്പര്യങ്ങൾ തിരിച്ചറിഞ്ഞത്. അന്ന് തുടങ്ങിയ സൗഹൃദത്തിന് ഇപ്പോൾ പത്ത് വർഷത്തെ പഴക്കമുണ്ട്.

ഇന്നവർ ആ പഴയ ജോൺസൺ ടി.മത്തായിയും കണ്ണപ്പ പളനിയപ്പൻ പിയും അല്ല. മേക്കർ വില്ലേജിൽ നിന്നും വെന്നിക്കൊടി പാറിച്ച ഒരു സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ അമരക്കാരാണ്. ഐറോവ് ടെക്നോളജീസിന്റെ സിഇഒ ആണ് ജോൺസൺ. ഈ സംരംഭത്തിന്റെ ചീഫ് ടെക്നോളജി ഓഫീസറാണ് കണ്ണപ്പൻ.

കണ്ണപ്പനും ജോൺസണും

ഐറോവ് ആദ്യമായി വികസിപ്പിച്ച ജലാന്തർ ഡ്രോൺ അതിന്റെ വിപണിയിലേയ്ക്കിറങ്ങുന്നത്, പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മന്‍റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഭാഗമായ നേവൽ ഫിസിക്കൽ ആന്റ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻപിഒഎൽ)ക്ക് വിൽപ്പന നടത്തിക്കൊണ്ടാണ്.   വിപണനോദ്ദേശ്യത്തോടെ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ ജലാന്തർ ഡ്രോണാണ് ഐറോവ് ട്യൂണ എന്ന് പേരിട്ടിരിക്കുന്ന ഈ ജലാന്തർ ഡ്രോൺ.

തുടക്കം കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം

2006-10 കാലം. ആ എൻജിനീയറിങ് ബാച്ചിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിലെ (സിഇടി) വിദ്യാർത്ഥികളായിരുന്നു ജോൺസണും കണ്ണപ്പനും. തമിഴ്‌നാട്ടുകാരനായ കണ്ണപ്പൻ ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു കണ്ണപ്പന്റെ അച്ഛൻ പെരിയകറുപ്പൻ. നാച്ചമ്മാളാണ് അമ്മ. എറണാകുളം നഗരത്തിൽ എളമക്കരയിലാണ് ഇവരുടെ വീട്. എറണാകുളം പട്ടിമറ്റം സ്വദേശിയാണ് ജോൺസൺ. അച്ഛൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായ ടി.ഐ.മത്തായി. അമ്മ റിട്ട ആയുർവേദ ഡോക്ടർ സാലി.

സിഇടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങായിരുന്നു കണ്ണപ്പന്റെ വിഷയം. ജോൺസൺ ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിയുമായിരുന്നു. “റോബോട്ടിക്സിലെ പല പ്രൊജക്ടുകളിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടായിരുന്നു അന്ന്. പിന്നീട് ജോൺസ് ഐഐടി ഡൽഹിയിൽ ഉന്നത പഠനത്തിനായി പോയി. അവിടുത്തെ പഠനത്തിന് ശേഷം സാംസങ്ങിലും ഗ്രേ ഓറഞ്ച് റോബോട്ടിക്സിലുമൊക്കെയായിട്ടാണ് ജോൺസ് പ്രവർത്തിച്ചത്,” കണ്ണപ്പൻ പറഞ്ഞു.

“അന്ന് ഞാനൊരു റിസർച്ച് ഓർഗനൈസേഷനിലായിരുന്നു. സമുദ്രഗവേഷണമായിരുന്നു വിഷയം. അന്ന് ജലത്തിനടിയിലെ തിരച്ചിലിനും ഗവേഷണത്തിനുമെല്ലാം ആളുകൾ തന്നെയാണ് വെളളത്തിലേയ്ക്ക് ഇറങ്ങിയത്. അതിന്റെ  ഫലങ്ങളിൽ  കൃത്യതയുടെ കുറവുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ജലത്തിനകത്തെ ഗവേഷണങ്ങൾക്കും തിരച്ചിലിനും ഉപയോഗിക്കാൻ സാധിക്കുന്ന ഡ്രോണുകളെ കുറിച്ച് ആലോചിക്കുന്നത്.

2016 ഒക്ടോബർ, ഒരു നാഴികക്കല്ല്
“കണ്ണപ്പന്റേതാണ് ഐഡിയ. ആൾ മുൻപ് ഷിപ്പിൽ ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്ന് കിട്ടിയതാണ് ഈ ആശയം. അന്ന് മേക്കർ വില്ലേജ് തുടങ്ങിയ കാലമാണ്. ഇവിടെ ആവശ്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കണ്ണപ്പൻ ഇങ്ങോട്ടേയ്ക്ക് പുറപ്പെട്ടത്. ഞാനന്ന് ഡൽഹിയിലായിരുന്നു. കണ്ണപ്പൻ ഇവിടെ ഇന്റർവ്യു കഴിഞ്ഞ് പ്രവേശനം ലഭിച്ച ഉടൻ എന്നെ വിളിച്ച് പറഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാനെന്റെ ജോലി രാജിവച്ചു. പിന്നീട് മേക്കർ വില്ലേജിലാണ് ഞങ്ങൾ പ്രവർത്തിച്ചത്,” ജോൺസൺ പറഞ്ഞു.

മൂന്ന് മാസം കൊണ്ടാണ് ആശയത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. ഈ പ്രോട്ടോ ടൈപ്പ് 50 മീറ്റർ ആഴത്തിൽ തിരച്ചിൽ നടത്താനും കാഴ്ചകൾ പകർത്താനും സഹായിക്കുന്ന ഒന്നായിരുന്നു. പത്ത് മാസത്തോളം ഈ ഉൽപ്പന്നവുമായി നിരവധി ഇടങ്ങളിൽ ജലാന്തർഭാഗത്തെ തിരച്ചിലിനും കാഴ്ചകൾ പകർത്തുന്നതിനുളള സേവനങ്ങൾ നൽകാനുമായി ഇവർ പോയി.

പ്രവർത്തന ശേഷി പരീക്ഷിക്കാൻ വൈക്കത്ത്, ഇന്ത്യയിലെ ആദ്യ സോളാര്‍ ഫെറിയിലാണ് ഐറോവ് ഡ്രോണ്‍ ആദ്യമായി പരീക്ഷിച്ചത്. പിന്നീടിങ്ങോട്ട് സംസ്ഥാനത്തിന്റെ പല ഭാഗത്തായി നൂറിലേറെ മണിക്കൂർ  ഐറോവ് ട്യൂണയുടെ പ്രവർത്തനം പരിശോധിച്ചതായി ജോൺസൺ പറഞ്ഞു.  കേരള പൊലീസിനടക്കം സഹായം നൽകി.

ഒക്ടോബറിലാണ്   എൻപിഒഎൽ ഗവേഷണാവശ്യത്തിനായി ജലാന്തർ ഡ്രോണിന് വേണ്ടി  ടെണ്ടർ ക്ഷണിക്കുന്നത്.  ടെണ്ടർ നേടിയ ഐ​റോവ് ടീം എൻ​പിഒ എല്ലിന് ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല, ലോകോത്തരനിലവാരമുള്ള ഒരു ഡ്രോൺ നിർമ്മിക്കാനാണ് ശ്രമിച്ചത്.

“എൻപിഒഎല്ലിന്റെ മാർഗനിർദേശങ്ങൾ ഓരോ ഘട്ടത്തിലും ഉണ്ടായിരുന്നു. അവർ ഓരോ ആഴ്ചയിലും ഉൽപ്പന്നത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. ട്യൂണയുടെ നിർമ്മാണത്തിന് പല ഉപകരണങ്ങളും നിർമ്മിക്കാനും മറ്റും സഹായിച്ച സ്ഥാപനങ്ങളുടെ സഹായം ഉറപ്പാക്കിയതും എൻപിഒഎല്ലാണ്. പ്രോട്ടോടൈപ്പ് ഉപയോഗിച്ച ഘട്ടത്തിൽ അതിന്റെ ന്യൂനതകൾ എന്തൊക്കെയെന്ന് മനസിലാക്കാനും സാധിച്ചു,” കണ്ണപ്പൻ പറഞ്ഞു.

ഐറോവ് ട്യൂണ എന്ന ജലാന്തർ ഡ്രോൺ
ജലത്തിന്റെ അടിത്തട്ടിലുളള കാഴ്ചകൾ എച്ച്ഡി ഗുണമേന്മയോടെ പകർത്താനാവുന്ന ക്യാമറയാണ് ഇത്. വിപണനോദ്ദേശ്യത്തോട് കൂടി രാജ്യത്ത് വികസിപ്പിച്ചെടുത്ത ഇത്തരത്തിലുള്ള  ആദ്യത്തെ ഉൽപ്പന്നം എന്ന പ്രത്യേകതയാണ് ഐറോവ് ട്യൂണയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.

ജലത്തിന്റെ അടിത്തട്ടിൽ നൂറ് മീറ്റർ വരെ ആഴത്തിലിറങ്ങി കാഴ്ചകൾ പകർത്താൻ ഈ ഉപകരണം സഹായിക്കും. കരയിൽ നിന്ന് ഒരു ജോയ്സ്റ്റിക്കിന്റെയോ ലാപ്ടോപ്പിന്റെയോ സഹായത്തോടെ എളുപ്പം നിയന്ത്രിക്കാവുന്ന ഒന്നാണിത്.

ഐറോവ് ട്യൂണ പകർത്തിയ ചിത്രം

വെളളത്തിനടിയിൽ കപ്പലുകളുടെ ഹൾ അഥവാ പളള പരിശോധിക്കുന്നതിന് ഇവ ഉപയോഗിക്കാൻ സാധിക്കും. അണക്കെട്ടുകളുടെ അടിഭാഗത്തെ പരിശോധനയ്ക്കും മത്സ്യഫാമുകളുടെ പരിശോധനയ്ക്കും ഇത് ഉപയോഗിക്കാനാവും. ഈ ഡ്രോണുകൾ പ്രതിരോധ സേനകൾക്കും മറ്റും ഏറെ സഹായകരമാകുന്ന ഒന്നാണെന്നാണ് ജോൺസണും കണ്ണപ്പനും അഭിപ്രായപ്പെടുന്നു.

മികച്ച ഗുണമേന്മയുളള ചിത്രങ്ങൾ പകർത്താൻ സഹായകരമാകുന്ന 6000 ലൂമെൻസ് ശേഷിയുളള രണ്ട് എൽഇഡി ലൈറ്റുകൾ ക്യാമറയ്ക്ക് കരുത്തേകുന്നു. മൂന്ന് മണിക്കൂർ വരെയാണ് ക്യാമറയുടെ ബാറ്ററിയുടെ പ്രവർത്തന ശേഷി. തുടർന്ന് ഉപയോഗിക്കണമെങ്കിൽ ബാറ്ററി ഒന്നുകിൽ ചാർജ് ചെയ്യുകയോ അല്ലെങ്കിൽ മാറ്റി ചാർജുളള മറ്റൊരു ബാറ്ററി ഘടിപ്പിക്കുകയോ വേണം.

ഐറോവ് ട്യൂണ വെളളത്തിന്റെ അടിയിൽ നിന്നും പകർത്തിയ ദൃശ്യം

മേക്കർ വില്ലേജിൽ  ട്യൂണയുടെ ജനനം
കേരള സ്റ്റാർട്ടപ് മിഷന്റെ കളമശേരി കിൻഫ്ര പാർക്കിലെ മേക്കര്‍വില്ലേജിൽ വച്ചാണ് ഐറോവ് ട്യൂണയുടെ ആദ്യവിൽപ്പനയുടെ ഔദ്യോഗിക ചടങ്ങ് നടന്നത്. മേക്കർ വില്ലേജിലാണ് കണ്ണപ്പന്റേയും ജോൺസന്റെയും സ്ഥാപനമായ  ഐറോവ് ടെക്നോളജീസിന്റെ ജനനവും തുടർപ്രവർത്തനവും.

ഗവേഷണ ആവശ്യങ്ങൾക്കായി  ജലാന്തര്‍ഭാഗ ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതിനാണ് എൻപിഒഎൽ ആദ്യ  ‘ഐറോവ് ട്യൂണ’  വാങ്ങിയത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥില്‍ നിന്നും ഡിആര്‍ഡിഒ സ്ഥാപനമായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി(എന്‍പിഒഎല്‍) ഡയറക്ടര്‍ എസ്.കേദാര്‍നാഥ് ഷേണായി ഐറോവ് ട്യൂണ ഏറ്റുവാങ്ങി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥില്‍ നിന്നും എന്‍പിഒഎല്‍ ഡയറക്ടര്‍ എസ് കേദാര്‍നാഥ് ഷേണായി ഐറോവ് ട്യൂണ ഏറ്റുവാങ്ങുന്നു

ഐറോവ് ടെക്നോളജീസിന്റെ ഭാവി പരിപാടി
ഐറോവ് ട്യൂണയിലൂടെ തന്നെയാണ് ഐറോവ് വളർച്ച ഉദ്ദേശിക്കുന്നത്. ഉൽപ്പന്നം വിറ്റഴിക്കുന്നതിനും അതേസമയം ഐറോവ് ട്യൂണയുടെ സേവനം ഉറപ്പാക്കുന്നതിലുമാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

“സൈന്യത്തിന്റെയും എണ്ണക്കമ്പനികളുടെയും ആവശ്യങ്ങൾ കൂടി മുന്നിൽക്കണ്ടാണ് ഇനി പ്രവർത്തനം. ക്യാമറയുടെ ശേഷി വർദ്ധിപ്പിച്ചും ബാറ്ററി ശേഷി വർദ്ധിപ്പിച്ചും കൂടുതൽ മികച്ച പ്രവർത്തനം ഉറപ്പാക്കും. അതിന്റെ ഗവേഷണങ്ങൾ ഒരു വശത്ത് പുരോഗമിക്കും,” കണ്ണപ്പൻ പറഞ്ഞു.

അതേസമയം തന്നെ ഐറോവ് ട്യൂണയുടെ വിപണി ഉറപ്പാക്കാനുളള പരിശ്രമവും നടക്കും. പേറ്റന്റ് വിൽക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് കണ്ണപ്പൻ പറഞ്ഞു. അതേസമയം ഐറോവ് ട്യൂണയുടെ സഹായം വേണ്ടവർക്ക് ഇത് വാടകയ്ക്ക് ലഭിക്കുന്ന സൗകര്യവും ഉറപ്പാക്കുമെന്നും കണ്ണപ്പൻ പറഞ്ഞു.

കുതിച്ചുചാടാനൊരുങ്ങി മേക്കർ വില്ലേജ്

മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ

കേരള സ്റ്റാർട്ടപ് മിഷന്റെ അഭിമാന ഭാഗമാണ് മേക്കർ വില്ലേജ്. രണ്ട് വർഷങ്ങൾക്ക് മുൻപാരംഭിച്ച ഈ കേന്ദ്രത്തിൽ ആദ്യം റജിസ്റ്റർ ചെയ്ത അഞ്ച് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ഐറോവ് ടെക്നോളജീസ്. ഹാർഡ്‌വെയർ സംരംഭങ്ങളെയാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്.

“അടുത്ത ഒരു വർഷത്തിനുളളിൽ രാജ്യാന്തര നിലവാരമുളള ദേശീയ തലത്തിലെ സെന്റർ ഓഫ് എക്സലൻസായി മാറാൻ മേക്കർ വില്ലേജിന് കഴിയും,” എന്ന് മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോഴിവിടെ 60 ഓളം സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. അടുത്ത ആറ് മാസത്തിനുളളിൽ ആറോളം സ്റ്റാർട്ടപ്പ് ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാവുമെന്നാണ് മേക്കർ വില്ലേജിന്റെ പ്രതീക്ഷ. ഐറോവ് ട്യൂണ ഈ ജൈത്രയാത്രയിലെ ആദ്യത്തെ സംരംഭമാണ്.

സംസ്ഥാനത്തിന് പുറത്ത് നിന്നുളള എട്ട് സ്റ്റാർട്ടപ്പുകൾ ഇപ്പോൾ മേക്കർ വില്ലേജിൽ ഉണ്ട്. 60,000 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന മേക്കർ വില്ലേജ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഇന്‍കുബേറ്ററുകളില്‍ ഒന്നാണ്. സംരംഭങ്ങളെ വളർത്തിയെടുക്കുന്നതിലും ഒന്നാം സ്ഥാനത്തെത്താനുളള പരിശ്രമത്തിലാണ് മേക്കർ വില്ലേജ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Eye rov tuna indias first underwater drone developed at maker village sold to npol drdo