സ്‌മാർട്ഫോൺ നിർമ്മാതാക്കളായ റിയൽമി 2019ന്റെ പകുതിയോടെ എക്‌സ്‌പീരിയൻസ് സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഓഫ്‌ലൈൻ വിപണിയെ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ ചുവടുവയ്പ്. ഇ-കൊമേഴ്‌സ് വിപണനകേന്ദ്രങ്ങൾക്ക് കടിഞ്ഞാണിടുന്ന വിദേശ നിക്ഷേപ നിയമങ്ങളെ മറികടക്കാനാണ് റിയൽമിയുടെ ഓഫ്‌ലൈൻ വിപണിയിലേക്കുള്ള ചുവടുമാറ്റം.

സർക്കാർ കഴിഞ്ഞ വർഷം ഓൺലൈൻ വിൽപ്പനയുടെ നിയമങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു. ഇതോടെ ചില്ലറ വിൽപ്പനക്കാർക്ക് ഒരു ഉൽപ്പന്നം 25 ശതമാനത്തിലധികം ഓൺലൈൻ വിപണനകേന്ദ്രം വഴി വിൽക്കാനാകില്ല. ഫെബ്രുവരി ഒന്ന് മുതൽ ഈ നിയമം നിലവിൽ വരും. വിദേശ നിക്ഷേപ നിയമത്തിൽ മാറ്റം വന്നതോടെ ഓൺലൈൻ വിപണിയിൽ മാത്രം വിൽപ്പന കേന്ദ്രീകരിക്കാൻ ആകില്ലെന്ന് റിയൽമി സിഇഒ മാധവ് സേത് ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.

ഇതോടെ റിയൽമി, ഷവോമി, വൺപ്ലസ്, അസൂസ്, ഹോണർ തുടങ്ങിയ സ്‌മാർട്ഫോൺ കമ്പനികൾക്ക് ഓഫ്‌ലൈൻ വിപണിയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. മുമ്പ് ഈ സ്‌മാർട്ഫോൺ കമ്പനികൾ ഓൺലൈൻ വിപണനകേന്ദ്രങ്ങളിലൂടെ മാത്രം ചില മോഡലുകൾ വിറ്റഴിച്ചിരുന്നു. വിലക്കിഴിവും മറ്റു ആനുകൂല്യങ്ങളും ഓൺലൈൻ വിപണിയിൽ നൽകി ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു. ഇത്തരം വിൽപ്പനയ്ക്കാണ് പുതിയ നിയമം തടസ്സമാകുന്നത്.

വിദേശ നിക്ഷേപ നിയമത്തിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കി കച്ചവടത്തിൽ ചില പരിഷ്കാരങ്ങൾ വരുത്താനാണ് കമ്പനിയുടെ ശ്രമം എന്നാണ് സിഇഒ മാധവ് സേത് പറയുന്നത്. എന്നാൽ റിയൽമി പോലെയുള്ള വിലകുറഞ്ഞ ഫോണുകൾ ഓഫ്‌ലൈൻ വിപണിയിൽ വിൽക്കുന്നത് ലാഭകരമാകില്ല, ഇതിന് പ്രതിവിധി കണ്ടുപിടിക്കണമെന്നും സേത് പറഞ്ഞു.

നിലവിൽ റിലയൻസ് ഡിജിറ്റലുമായി കൈകോർത്തിരിക്കുകയാണ് റിയൽമി. റിലയൻസ് ഡിജിറ്റലും, മൈ ജിയോ സ്റ്റോറിലൂടെ റിയൽമി ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഇതിന് പുറമേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 150 വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങാനാണ് റിയൽമിയുടെ പദ്ധതി.

ഷവോമി, ഹോണർ തുടങ്ങിയ കമ്പനികളെ പോലെ കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യമുള്ള സമാർട്ഫോൺ വിപണിയിൽ ഇറക്കിയിരുന്നു. റിയൽമി 1, റിയൽമി 2, റിയൽമി 2 പ്രോ, റിയൽമി സി1, റിയൽമി യു1 എന്നീ ഫോണുകളാണ് വിപണിയിൽ എത്തിച്ചത്. റിയൽമി സി 1ന്റെ വില 7,499 രൂപയാണ്. നോച്ചഡ് ഡിസ്‌പ്ലെ , സ്‌നാപ്ഡ്രാഗൺ 450 പ്രോസസ്സർ, 430 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി സി 1ന്റെ പ്രത്യേകത.

റിയൽമി 20,000 രൂപയിൽ താഴെയുള്ള ഫോണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സെഗ്മെന്റിലാണ് കൂടൂതൽ ഉപഭോക്താക്കളെന്ന് സേത് അഭിപ്രായപ്പെട്ടു. ഷവോമി വില കുറഞ്ഞ മോഡലുകൾ റെഡ്‌മി എന്ന പേരിൽ വിപണിയിൽ ഇറക്കിയതോടെയാണ് ഈ സെഗ്‌മെന്റിൽ വിപണി ശക്തമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ