ന്യൂയോർക്ക്: ട്വിറ്റർ സിഇഒ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ച് എലോൺ മസ്ക്. ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവയ്ക്കും. അതിനുശേഷം, സോഫ്റ്റ്വെയർ, സെർവറുകളുടെ മാത്രം ചുമതല താൻ ഏറ്റെടുക്കുമെന്നും ട്വിറ്ററിലൂടെയാണ് മസ്ക് വ്യക്തമാക്കിയത്.
ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ വേണ്ടയോ എന്നാവശ്യപ്പെട്ട് മസ്ക് ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും മസ്ക് ആ സ്ഥാനത്ത് വേണ്ടെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 42.5 ശതമാനം പേർ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെയാണ് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചത്.
നേരത്തെ, മാധ്യമപ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചിരുന്നു. ദി ന്യൂ യോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചത്.