സാൻഫ്രാൻസിസ്കോ: ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുന്നതായി ഇലോൺ മസ്ക്. ട്വിറ്ററിന്റെ പുതിയ സിഇഒയെ കണ്ടെത്തിയെന്നും വരുന്ന ആറാഴ്ചയ്ക്കുള്ളിൽ അവർ സ്ഥാനം ഏറ്റെടുക്കുമെന്നും ഇലോൺ മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചു. സിഇഒ സ്ഥാനം ഒഴിഞ്ഞശേഷം ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് താൻ മാറുമെന്നും മസ്‌ക് വ്യക്തമാക്കി. അതേസമയം, പുതിയ സിഇഒയുടെ പേരുവിരങ്ങളൊന്നും മസ്ക് വെളിപ്പെടുത്തിയിട്ടില്ല.
എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേർസൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോയാണ് പുതിയ ട്വിറ്റർ സിഇഒ എന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് യാക്കറിനയുമായി മസ്ക് സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ട്വിറ്ററിനെ നയിക്കാൻ മസ്ക് കണ്ടെത്തിയത് യാക്കറിനോയെയാണെന്നാണ് റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം മയാമിയിൽ നടന്ന ഒരു കോൺഫറൻസിനിടെ യാക്കറിനോയും മസ്കും കണ്ടിരുന്നു. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ യാക്കറിനോ തയ്യാറായിട്ടില്ല.
ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ സിഇഒ സ്ഥാനത്തെത്തിയത്. 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിനുപിന്നാലെയായിരുന്നു പദവി ഏറ്റെടുത്തത്. ട്വിറ്റർ സിഇഒ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ മസ്ക് അറിയിച്ചിരുന്നു.
ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ വേണ്ടയോ എന്നാവശ്യപ്പെട്ട് മസ്ക് ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും മസ്ക് ആ സ്ഥാനത്ത് വേണ്ടെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 42.5 ശതമാനം പേർ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെയാണ് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചത്.