ട്വിറ്റർ വാങ്ങാനുള്ള 44 ബില്യൺ ഡോളർ വാഗ്ദാനം ഉപേക്ഷിക്കുന്നതായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ചുള്ള വേണ്ടത്ര വിവരങ്ങൾ നൽകാൻ കമ്പനിക്ക് കഴിയാതിരുന്നതിനാലാണ് പിന്മാറ്റമെന്ന് മസ്‌ക് വെള്ളിയാഴ്ച പറഞ്ഞു. കരാറിൽ നിന്ന് പിന്മാറിയാൽ ടെസ്‌ല സിഇഒക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും സമ്പന്നനും ഏറ്റവും പ്രധാനപ്പെട്ട സോസ് മീഡിയ കമ്പനിയും തമ്മിലുള്ള പുതിയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ് ഇത്. ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ മസ്‌ക് ഒരു ബില്യൺ ഡോളർ ബ്രേക്ക്-അപ്പ് ഫീസ് നൽകണം എന്നാണ് നിബന്ധന. ഇത് സ്വീകരിച്ചു ഇടപാട് അവസാനിപ്പിക്കാതെ ഇടപാട് പൂർത്തീകരിക്കാനാണ് ട്വിറ്ററിന്റെ ശ്രമം എന്നാണ് വ്യകതമാവുന്നത്.
മസ്‌ക് രണ്ടു മാസത്തിലേറെയായി വ്യാജ അക്കൗണ്ടുകൾ സംബന്ധിച്ച ഡേറ്റ ആവശ്യപ്പെടുന്നു എന്നാൽ ലഭിച്ചിട്ടില്ലെന്ന് ട്വിറ്ററിന് അയച്ച കത്തിൽ മസ്കിന്റെ അഭിഭാഷകൻ പരാതിപ്പെട്ടു. നേരത്തെ ലയനം പൂർത്തിയാക്കാൻ ഈ വിവരങ്ങൾ ലഭ്യമാക്കണം എന്ന് മസ്‌ക് പറഞ്ഞിരുന്നു.
അതേസമയം കത്തിനു മറുപടിയായി, മാസ്കുമായി അംഗീകരിച്ച വിലയിലും വ്യവസ്ഥകളിലും ഇടപാട് പൂർത്തിയാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ലയന കരാർ നടപ്പിലാക്കാൻ നിയമനടപടി സ്വീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്നും ട്വിറ്റർ ബോർഡ് ചെയർ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിലിൽ ആണ് 44 ബില്യൺ ഡോളറിന്(ഏകദേശം 3.67 ലക്ഷം കോടി ഇന്ത്യന്‍ രൂപ) മസ്‌ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാർ ഉറപ്പിച്ചത്. ഓരോ ഓഹരിക്കും 54.20 ഡോളർ (4,148 രൂപ) നൽകി ഏറ്റെടുക്കാൻ ആയിരുന്നു കരാർ.
ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുകതുടങ്ങിയവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചിരുന്നു.