നമുക്ക് ചുറ്റുമുള്ള എന്ത് സംശയത്തിനുമുള്ള ഉത്തരം ഗൂഗിള്‍ തരും. അതുകൊണ്ടുതന്നെയാണ് ഇക്കാലത്ത് ചിലര്‍ ചികില്‍സയും ഗൂഗിള്‍ വഴിയാക്കിയിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍, ഉടന്‍ ഗൂഗിളിനോട് വിവരം ആരായുകയാകും ചെയ്യുക. ചിലര്‍ മരുന്നുകള്‍ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു വാങ്ങി കഴിക്കാറുണ്ട്. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരാറുണ്ട്.

‘ഗൂഗിള്‍ ഡോക്‌ടറുടെ’ ചികില്‍സ പലപ്പോഴും പൊല്ലാപ്പ് ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇത് മറി കടക്കാനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ‘സിംറ്റംസ് സെര്‍ച്ച് (Symptoms Search) എന്ന ഫീച്ചറിലൂടെ രോഗലക്ഷണങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ രോഗം എന്താകാമെന്ന് വളരെ കൃത്യമായ രീതിയില്‍ കണ്ടെത്താനാവുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

ഡാറ്റാബേസില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് തുടങ്ങിയതായി ഗൂഗിള്‍ വ്യക്തമാക്കി. ചുമയും ശരീര വേദനയും ഉണ്ടെന്ന് ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്താല്‍ എന്ത് രോഗമാകാം ഉളളതെന്ന് ആപ്പ് മറുപടി നല്‍കും. രോഗം മാറാന്‍ സ്വയം ചെയ്യാവുന്ന പ്രതിരോധ വഴികളും ഡോക്ടറെ കാണിക്കണോ വേണ്ടയോ എന്ന വിവരങ്ങളും ആപ് നല്‍കും.

ഇത് പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണെന്നും കൃത്യമായ ചികിൽസയ്ക്ക് ഡോക്ടറെ തന്നെ സമീപിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ ഉപയോക്താവിന് ഈ വിവരങ്ങള്‍ എത്രമാത്രം ഉപയോഗപ്രദമാകുമെന്ന് നോക്കാന്‍ ഡോക്ടര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook