കൊച്ചി: രാജ്യത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും മികച്ച നേട്ടം കൈവരിച്ച് കേരളം. കേന്ദ്ര സർക്കാരിന് കീഴിലെ ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രമോഷൻ വകുപ്പേർപ്പെടുത്തിയ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. പട്ടികയിൽ ഒന്നാം സ്ഥാനം ഗുജറാത്തിനാണ്.

നൂറിൽ നൂറ് മാർക്ക് നേടിയാണ് ഗുജറാത്ത് രാജ്യത്തെ ബെസ്റ്റ് പെർഫോമർ എന്ന ബഹുമതി നേടിയത്. ടോപ് പെർഫോമർ എന്ന വിഭാഗത്തിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ സംസ്ഥാനങ്ങളാണ് ഉളളത്. ഇതിൽ കർണ്ണാടകം, രാജസ്ഥാൻ, ഒഡിഷ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിന്റെയും സ്ഥാനം.

സംസ്ഥാന തലത്തിൽ നടക്കുന്ന സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും സംസ്ഥാനങ്ങൾ വഹിക്കുന്ന പങ്കാണ് വിലയിരുത്തിയിരിക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള സ്റ്റാർട്ടപ്പ് നേതൃത്വം പങ്കെടുത്തു.

ആറ് കാറ്റഗറികളായി തരംതിരിച്ചാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്. താഴെ മുതൽ മുകളിലേക്ക് ബിഗിനർ, എമർജിങ് സ്റ്റേറ്റ്സ്, ആസ്പൈറിങ് ലീഡേർസ്, ലീഡേർസ്, ടോപ് പെർഫോമർ, ബെസ്റ്റ് പെർഫോമർ എന്നിങ്ങനെയാണ് സംസ്ഥാനങ്ങളെ തിരിച്ചിരിക്കുന്നത്.

സ്റ്റാർട്ടപ്പ് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പ്രതിനിധികളെ ഡിഐപിപി സിലിക്കൺ വാലിയിലേക്കും, ഇസ്രായേലിലേക്കും കൊണ്ടുപോകും. ഏപ്രിലിലാണ് ഈ സന്ദർശനം. സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 2016 ജനുവരി 16 ന് ആരംഭിച്ച 19 ഇന ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് ഈ തീരുമാനം. രണ്ട് വർഷത്തിനിടെ 801 പരിഷ്‌കാരങ്ങളാണ് സ്റ്റാർട്ടപ്പ് രംഗത്ത് സംസ്ഥാനങ്ങൾ നടപ്പിലാക്കിയതെന്ന് ഡിഐപിപി വ്യക്തമാക്കി.

ഇനി  ഓരോ സംസ്ഥാനവും തങ്ങളുടെ ജില്ലകളെ സ്റ്റാർട്ടപ്പ് പ്രോത്സാഹനവുമായി ബന്ധപ്പെട്ട് ഇതേ നിലയിൽ റാങ്ക് ചെയ്യും. ഇത് കേന്ദ്രസർക്കാരിന്റെ നിർദേശമാണ്. ഇതോടെ മാറുന്ന കാലത്തിനനുസരിച്ച് സ്റ്റാർട്ടപ്പ് വികസനം ഇനി മുതൽ രാജ്യത്തെ മുക്കിലും മൂലയിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് 29 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 484 ജില്ലകളാണ് ഉളളത്. ഈ ജില്ലകളിൽ നിന്ന് 14,600 സ്റ്റാർട്ടപ്പ് പ്രൊജക്ടുകളാണ് ഇതുവരെ ഉണ്ടായിട്ടുളളത്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനും ലോകത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സംസ്കാരം ഇന്ത്യയിൽ വളർത്തിയെടുക്കാനുമാണ് ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook