ഭൂമിയില്‍ നിന്ന് 1100 കോടി മൈല്‍ അകലത്തിലും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം മുഴങ്ങുന്നുണ്ട്. കേട്ടാൽ വെറും തള്ള് എന്നേ ആരും കരുതൂ. എന്നാൽ സംഗതി സത്യമാണ്. അധികമാര്‍ക്കും അറിയാത്ത ഈ അപൂര്‍വ്വ സംഗീതത്തിന് നന്ദി പറയേണ്ടത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ വോയേജര്‍ ദൗത്യത്തിനാണ്. വിക്ഷേപണത്തിന് ശേഷം 40 വര്‍ഷം തികയുന്ന വോയേജര്‍ 2ല്‍ നിന്നാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം അജ്ഞാത ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സംഗീതം വോയേജര്‍ 2വില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയില്‍ നിന്നുള്ളതാണ്. 1970 ആഗസ്ത് 20നാണ് വോയേജര്‍ 2 ഭൂമിയില്‍ നിന്നും പറന്ന് ഉയർന്നത്. ശനി, യുറാനസ്, ജൂപിറ്റര്‍ എന്നീ ഗ്രഹങ്ങളെയും സൗരയൂഥത്തേയും മറികടന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവായിരുന്നു വോയേജര്‍ 2. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ജാത് കഹാം ഹോ എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടുത്തിയത്. സുപ്രസിദ്ധ സംഗീതജ്ഞ സുര്‍ശ്രീ കേസര്‍ഭായ് കേര്‍ക്കറിന്റെ ഭൈരവി രാഗത്തിലുള്ള ഹിന്ദുസ്ഥാനി കീര്‍ത്തനമാണിത്. ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് റെക്കോഡുകളൊന്നും ലഭ്യമല്ലാതിരുന്ന കേസര്‍ഭായുടെ കീര്‍ത്തനം കണ്ടെത്തിയത്. അന്യഗ്രഹജീവികള്‍ എന്നെങ്കിലും കേള്‍ക്കാന്‍ സാധ്യതയുള്ള ഭൂമിയില്‍ നിന്നുള്ള ശബ്ദങ്ങളിലൊന്നായി ഈ കീര്‍ത്തനം മാറി.

വോയേജര്‍ എന്നെങ്കിലും അന്യഗ്രഹജീവികള്‍ കണ്ടെത്തിയാല്‍ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കാനായി നാസ അതില്‍ ഒരു ശബ്ദശേഖരവും ചിത്രങ്ങളുമെല്ലാം സ്ഥാപിച്ചിരുന്നു. വിഖ്യാത അമേരിക്കന്‍ പ്രപഞ്ചശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. കാള്‍ സാഗന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയായിരുന്നു ഇതിനായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. ഭൂമിയിലെ മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും ജന്തുക്കളുടെയും ശബ്ദങ്ങള്‍, ഭൂമിയില്‍നിന്നുള്ള അനവധി ചിത്രങ്ങള്‍ എന്നിവയും വോയേജറിലുണ്ട്.

ഭൂമിയിലെ 55 ഭാഷകളിലുള്ള ആശംസകള്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടേയും യു.എന്‍. സെക്രട്ടറി ജനറലിന്റെയും ആശംസകളും റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതവും ഉള്‍പ്പെടുത്തിയിരുന്നു. ആസ്‌ട്രേലിയന്‍ ആദിവാസി സംഗീതവും മൊസാര്‍ട്ടും ബിഥോവനും അമേരിക്കന്‍ പോപ്പുലര്‍ സംഗീതവും വരെ വോയേജറിന്റെ ട്രാക്കുകളിലുണ്ട്.

Voyager

സംഗീത ഗവേഷകനായ റോബര്‍ട്ട് ഇ ബ്രൗണിന്റെ നിര്‍ദ്ദേശപ്രകാരമാണ് രവീന്ദ്ര നാഥ ടാഗോര്‍ സുര്‍ശ്രീ എന്ന് വിശേഷിപ്പിച്ച കേസര്‍ഭായ് കേര്‍ക്കറിന്റെ ഹിന്ദുസ്ഥാനി കീര്‍ത്തനം തെരഞ്ഞെടുത്തത്. ആകെ 90 മിനുറ്റുള്ള വോയേജറിലെ ശബ്ദങ്ങളിൽ മൂന്ന് മിനുറ്റ് 25 സെക്കന്റ് ദൈര്‍ഘ്യമുള്ള കേസര്‍ഭായുടെ കീര്‍ത്തനവും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നും മറ്റൊരു സംഗീതം കൂടി ഉള്‍പ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ പാലക്കാട് മണി അയ്യരുടെ മൃദംഗമായിരിക്കും താന്‍ ഉള്‍പ്പെടുത്തുകയെന്നും റോബര്‍ട്ട് ഇ ബ്രൗണ്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook