ആശയവിനിമയോപാധിയായി മാത്രം രംഗത്ത് വന്ന ഫോണുകള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിട്ടുണ്ട്. പത്രം വായിക്കുന്നത് മുതല്‍ സോഷ്യല്‍മീഡിയയുടെ ഭാഗമാകാന്‍ വരെ മണിക്കൂറുകളോളം ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി നമ്മള്‍ സമയം ചെലവഴിക്കാറുണ്ട്. കാലം മാറിയതോടെ നിത്യജീവിതത്തില്‍ അത്യാവശ്യമായ ഒട്ടുമിക്ക ഉപകരണങ്ങളും നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലും കടന്നുകൂടി. ഒന്നിലധികം ഉപകരണങ്ങള്‍ കൈയിലെടുത്ത് നടക്കേണ്ട സ്ഥിതി മാറി പോക്കറ്റിലൊതുങ്ങുന്ന ഒറ്റ ഉപകരണത്തില്‍ ഇവയെല്ലാം തന്നെ ഉള്‍പ്പെട്ടു. അത് കൊണ്ട് തന്നെയാണ് ചില ഉപകരണങ്ങള്‍ നിത്യജീവിതത്തില്‍ നിന്നും നമ്മള്‍ ഒഴിവാക്കി സ്മാര്‍ട്ട്ഫോണിനെ ആശ്രയിക്കാന്‍ ആരംഭിച്ചത്. സ്മാര്‍ട്ട്ഫോണിന്റെ വരവോടെ നിലനില്‍പ്പ് അവതാളത്തിലായ എട്ട് ഉപകരണങ്ങാണ് താഴെ ചേര്‍ക്കുന്നത്.

ഡിജിറ്റല്‍ ക്യാമറ: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ക്കും അത് കൈയിലെടുത്ത് നടക്കാന്‍ സൗകര്യമില്ലാത്തവര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു ഡിജിറ്റല്‍ ക്യാമറകള്‍. എന്നാല്‍ ഇപ്പോള്‍ ക്യാമറയാണ് ഒരു സ്മാര്‍ട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഏറ്റവും കൂടുതല്‍ എംപിയോടും അപ്പേര്‍ച്ചറോടും കൂടിയ ക്യാമറകള്‍ സ്മാര്‍ട്ട്ഫോണിന്റെ ഭാഗമാക്കാനാണ് കമ്പനികള്‍ മത്സരിക്കുന്നത്. സെല്‍ഫി ഫോട്ടോകള്‍ ഇത്രമേല്‍ പ്രാചരത്തില്‍ വന്നതും സ്മാര്‍ട്ട്ഫോണുകള്‍ മുന്‍ക്യാമറകള്‍ അവതരിപ്പിച്ചതോടെയാണ്.

റേഡിയോ: ഒരു പശ്ചാത്തല മാധ്യമം എന്ന നിലയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വരവിനും മുമ്പ് നമ്മള്‍ ഏറെ ആശ്രയിച്ചിട്ടുളളത് റേഡിയോയെ ആണ്. ടിവിയുടെ കടന്ന് വരവോടെ റേഡിയോ പരിപാടികള്‍ കേള്‍ക്കുന്നത് കുറഞ്ഞിരുന്നെങ്കിലും റേഡിയോ ഉപകരണം പൂര്‍ണമായും പുറത്തായിരുന്നില്ല. എന്നാല്‍ സ്മാര്‍ട്ട്ഫോണിന്റെ വരവോടെയാണ് റേഡിയോ പൂര്‍ണമായും വീടിന് പുറത്തായത്. പിന്നീട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് റേഡിയോ പരിപാടികള്‍ക്ക് നമ്മള്‍ ചെവി കൊടുക്കാറുളളത്.

വോയിസ് റെക്കോര്‍ഡര്‍: ഡിക്ടാഫോണ്‍ അല്ലെങ്കില്‍ വോയിസ് റെക്കോര്‍ഡര്‍ എന്നത് മുമ്പ് മിക്ക മാധ്യമപ്രവര്‍ത്തകരും ആശ്രയിക്കുന്ന ഉപകരണമാണ്. പ്രത്യേകിച്ച് അഭിമുഖത്തിനും മറ്റ് ഈ ഉപകരണത്തിന്റെ സഹായത്തോടെ ശബ്ദം ശേഖരിച്ച് വെക്കാന്‍ ഉപകരിക്കുന്നു. എന്നാല്‍ സ്മാര്‍ട്ട്ഫോണുകളിലെ വോയിസ് മൈക്കും ആപ്ലിക്കേഷനുകളും റെക്കോര്‍ഡിംഗ് ഏറെ എളുപ്പമുളളതാക്കി. കൂടാതെ ഇവ ശേഖരിച്ച് വെക്കാനും എഡിറ്റ് ചെയ്ത് ആവശ്യത്തിന് ഉപയോഗിക്കാനും സ്മാര്‍ട്ട്ഫോണുകള്‍ സ്റ്റുഡിയോകളായി പ്രവര്‍ത്തിക്കുന്നു.

അലാറം ക്ലോക്ക്: അലാറം ക്ലോക്കുകളുടെ സഹായത്തോടെ അമ്മ എഴുന്നേറ്റ് നിങ്ങളെ വിളിച്ചുണര്‍ത്തിയത് ഓര്‍മ്മയുണ്ടാകുമോ? അല്ലെങ്കില്‍ സ്കൂളില്‍ പോകാന്‍ വേണ്ടി അലാറം ക്ലോക്ക് കട്ടിലിന് അടുത്തായി ഒരുക്കി വെച്ചത് ഓര്‍ക്കുന്നുണ്ട്? അലാറം ക്ലോക്കുകളെ സ്മാര്‍ട്ട്ഫോണ്‍ പുറം തളളിയെങ്കിലും മികച്ച സംവിധാനങ്ങളാണ് അലാറത്തിനായി ഫോണില്‍ ഒരുക്കിയിട്ടുളളത്. ഒരേസമയം തന്നെ ഒന്നില്‍ കൂടുതല്‍ സമയത്തേക്ക് അലാറം വെക്കാന്‍ കഴിയുമെന്നതാണ് ഫോണിന്റെ പ്രത്യേകത. കൂടാതെ സ്നൂസ് സംവിധാനവും ഇഷ്ടപ്പെട്ട പാട്ട് കേട്ട് ഉണരാനുളള സംവിധാനവും സ്മാര്‍ട്ട്ഫോണില്‍ ലഭ്യമായി.

കാല്‍ക്കുലേറ്റര്‍: എല്ലാ സ്മാര്‍ട്ട്ഫോണുകളിലും കാല്‍ക്കുലേറ്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവയ്ക്കായി പ്രത്യേക ആപ്ലിക്കേഷനുകളുമുണ്ട്. കാല്‍ക്കുലേറ്ററിന്റെ ഉപയോഗം പൂര്‍ണമായും സ്മാര്‍ട്ട്ഫോണുകള്‍ കൈയടക്കിയെന്ന് പറയാന്‍ കഴിയില്ല. സ്കൂളുകളിലും ഓഫീസുകളിലും കാല്‍ക്കുലേറ്റര്‍ ഉപകരണം തന്നെയാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ദൈന്യംദിന ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ക്ക് ഫോണുകളെ തന്നെയാണ് നമ്മള്‍ ആശ്രയിക്കാറുളളത്.

വാച്ച്: സമയം നോക്കാനുളള ഉപകരണം എന്നതിലുപരി ഒരു ഫാഷന്‍ ഉപകരണമായി വാച്ചുകള്‍ മാറിയിട്ടുണ്ട്. സമയം നോക്കാന്‍ വരെ ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകളെ ആണ് നമ്മള്‍ ആശ്രയിക്കാറുളളത്.

ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം: ദിക്ക് അറിയാതെ റോഡില്‍ വഴി തെറ്റുന്നവര്‍ക്ക് ഒരു വരം എന്ന കണക്കെയായിരുന്നു ജിപിഎസ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ കടന്നുവരവ്. വഴി അറിയുന്ന ഗൈഡിനെയോ മാപ്പുകളോ കൂടെ കൂട്ടുന്നതിലും ഫലപ്രദമായത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഗൂഗിളും ആപ്പിളും അവരുടേതായ നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചതോടെ ജിപിഎസ് നാവിഗേഷന്‍ സിറ്റം ഉപയോഗിക്കാതെയായി.

എംപി ത്രി പ്ലെയര്‍- സ്മാര്‍ട്ട്ഫോണിന്റെ വരവോടെ ഭാഗികമായി കളമൊഴിഞ്ഞത് എംപി ത്രി പ്ലെയറുകളാണ്. എത്ര വേണമെങ്കിലും പാട്ടുകള്‍ സംഭരിച്ച് വെക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സ്മാര്‍ട്ട്ഫോണുകളില്‍ സൗകര്യം ഉളളത് കൊണ്ട് തന്നെ ഇത്തരം പ്ലെയറുകള്‍ അന്യമാവുകയാണ്. ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാതെ തന്നെ പാട്ടുകള്‍ ലൈവ് സ്ട്രീമിംഗായി കേള്‍ക്കാന്‍ കഴിയുന്നതും കൂടുതല്‍ സൗകര്യപ്രദമാകുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ