scorecardresearch
Latest News

WhatsApp-വാട്സ്ആപ്പ്: നിങ്ങളുടെ ചാറ്റ് സുരക്ഷിതമാക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില വാട്സ്ആപ്പ് ഫീച്ചറുകൾ

WhatsApp, ie malayalam

മെസേജ് അയക്കുന്നതിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പിൽ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില ഫീച്ചറുകൾ പരിശോധിക്കാം.

എൻക്രിപ്റ്റഡ് ചാറ്റ്: ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്താൽ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമാണ് കാണാനാവുക. കോളുകൾ, ടെക്‌സ്‌റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് മെസേജുകൾ, ഡോക്യുമെന്റുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സന്ദേശങ്ങളും അയച്ചയാളും സ്വീകർത്താവും തമ്മിൽ മാത്രമേ പങ്കിടൂ. വാട്ട്‌സ്ആപ്പിൽ നിന്നും മൂന്നാം കക്ഷികൾ വായിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നതിനാണ് സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നത്.

ടു ഫാക്ടർ ഒതന്റിഫിക്കേഷൻ: ഈ ഫീച്ചർ നിങ്ങളുടെ അക്കൗണ്ടിന് കൂടുതൽ സുരക്ഷ നൽകുന്നു. നിങ്ങളുടെ വാട്ട്‌സ്ആപ്പിനായി ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ, ആറ് അക്ക പാസ്‌കോഡ് സൃഷ്‌ടിക്കാൻ അത് നിങ്ങളോട് ആവശ്യപ്പെടുന്നു. അതോടെ നിങ്ങളുടെ സിം കാർഡ് കൈവശം വച്ച് ഒടിപി നമ്പർ ലഭിച്ചാൽ പോലും മറ്റാർക്കും ആർക്കും നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.

ടച്ച് ഐഡി, ഫെയ്‌സ് ഐഡി അല്ലെങ്കിൽ ഫിംഗർപ്രിന്റ് ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ലോക്ക് ചെയ്യുക: ഐഫോണിനുള്ള ടച്ച് ഐഡിയും ഫേസ് ഐഡിയും ആൻഡ്രോയിഡിനുള്ള ഫിംഗർപ്രിന്റ് ലോക്കും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ലോക്ക് ചെയ്യാം. ഇത് അധിക സുരക്ഷ നൽകുന്നു.

ഡിസപ്പീയറിങ് സന്ദേശങ്ങൾ: പുതിയ ഡിസപ്പിയറിങ് മെസേജ് ഫീച്ചർ വഴി സന്ദേശങ്ങൾ സ്വയം ഡിലീറ്റ് ചെയ്യുന്ന വിധത്തിൽ സജ്ജീകരിക്കാം. പ്രത്യേക സമയ പരിധി വച്ചോ അല്ലെങ്കിൽ സ്വീകർത്താക്കൾ കണ്ടതിന് തൊട്ടു പിറകെയോ സന്ദേശങ്ങൾ ഡിലീറ്റ് ആവുന്ന വിധത്തിൽ ഇത് ക്രമീകരിക്കാം. ഈ ടൈമർ 24 മണിക്കൂർ, ഏഴ് ദിവസം അല്ലെങ്കിൽ 90 ദിവസമായി ക്രമീകരിക്കാം. ഉപയോക്താക്കൾക്ക് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഫീച്ചർ ഉപയോഗിക്കാം.

Also Read: വാട്സ്ആപ്പിലെ വോയ്‌സ് കോളുകളിൽ ഇഷ്‌ടാനുസൃത വാൾപേപ്പറുകൾ ചേർക്കാം; പുതിയ ഫീച്ചർ വരുന്നു

സീ വൺസ്: ‘സീ വൺസ് (ഒരിക്കൽ കാണുക)’ ഫീച്ചർ വഴി ഫോട്ടോകളും വീഡിയോകളും തുറന്നതിന് ശേഷം ചാറ്റിൽ നിന്ന് അപ്രത്യക്ഷമാക്കുന്ന തരത്തിൽ ക്രമീകരിക്കാം. ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം നൽകുന്നു.

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്: സന്ദേശങ്ങളുടെ ബാക്കപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ വാട്ട്‌സ്ആപ്പിൽ ലഭ്യമാണ്. ഈ ഫീച്ചർ വഴി ഗൂഗിൾ ഡ്രൈവിലോ ആപ്പിൾ ഐ ക്ലൗഡിലോ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ എൻക്രിപ്ഷൻ കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് ഒരു പാസ്‌വേഡ് തിരഞ്ഞെടുക്കാനും കഴിയും

ബ്ലോക്ക് ചെയ്‌ത് റിപ്പോർട്ട് ചെയ്യുക: ഉപയോക്താക്കൾക്ക് പ്രശ്‌നകരമായ സന്ദേശങ്ങൾ നേരിടേണ്ടി വന്നാൽ ആ സന്ദേശം അയച്ച അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും വാട്ട്‌സ്ആപ്പിലേക്ക് റിപ്പോർട്ടുകൾ നൽകാനും കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് റിപ്പോർട്ട് ചെയ്ത സന്ദേശങ്ങൾ വസ്തുതാ പരിശോധകരുമായോ നിയമപാലകരുമായോ പങ്കിടണമെങ്കിൽ അത് അവരുടെ ഫോണിൽ സൂക്ഷിക്കാനുള്ള ഓപ്‌ഷനുണ്ട്.

ഗ്രൂപ്പ് പ്രൈവസി സെറ്റിംഗ്‌സ്: വാട്ട്‌സ്ആപ്പിന്റെ പ്രൈവസി സെറ്റിങ്സും ഗ്രൂപ്പ് ഇൻവിറ്റേഷൻ സെറ്റിങ്സും ഗ്രൂപ്പുകളിലേക്ക് ആരെയൊക്കെ ചേർക്കാമെന്ന് തീരുമാനിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ സുപ്രധാന മാറ്റം ഉപയോക്തൃ സ്വകാര്യത വർദ്ധിപ്പിക്കുകയും അനാവശ്യ ഗ്രൂപ്പുകളിലേക്ക് ആളുകളെ ചേർക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.

കൂടാതെ, വാട്ട്‌സ്ആപ്പ് 2021 ലെ ഐടി നിയമങ്ങൾക്ക് അനുസൃതമായി അതിന്റെ പ്രതിമാസ റിപ്പോർട്ട് ഇന്ത്യയിൽ പതിവായി പ്രസിദ്ധീകരിക്കുന്നു. ഉപയോക്തൃ പരാതികളും വാട്ട്‌സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളും പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള വാട്ട്‌സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും റിപ്പോർട്ടുകളിൽ വിശദമാക്കുന്നു. കമ്പനിയുടെ ഏറ്റവും പുതിയ കംപ്ലയൻസ് റിപ്പോർട്ട് അനുസരിച്ച്, 2021 നവംബർ മാസത്തിൽ മാത്രം 1.75 ദശലക്ഷം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി പറയുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Data privacy day all whatsapp safety features to help keep your chats secure

Best of Express