നൂറോളം രാജ്യങ്ങളിലെ 533 മില്യൺ (ഏകദേശം 53 കോടി)വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, ജോലി, ജോലി ചെയ്യുന്ന സ്ഥലം, റിലേഷൻഷിപ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങളാണ് ഹാക്കിങ് ഗ്രുപ്പുകളിൽ സൗജന്യമായി പോസ്റ്റ് ചെയ്തത്.
2019ൽ ആദ്യം ചോർന്ന ഈ വിവരശേഖരം ആദ്യം മെസേജിങ് പ്ലാറ്റ്ഫോം ആയ ടെലഗ്രാം വഴി ഒരു സെർച്ചിന് 20 ഡോളർ എന്ന വിലക്കാണ് വിറ്റിരുന്നത്. അന്നത്തെ ഡാറ്റ ചോർച്ചയ്ക്ക് കാരണമായ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഫേസ്ബുക്ക് അറിയിച്ചിരുന്നെങ്കിലും 2020 ജൂണിലും ജനുവരിയിലും ഇതേ ഡാറ്റകൾ വീണ്ടും ചോർന്നു. രണ്ടാം തവണത്തെ ചോർച്ചയ്ക്ക് കാരണവും ആദ്യത്തേത് തന്നെയായിരുന്നു. ഹഡ്സൺ റോക്ക് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ചീഫ് ടെക്നിക്കൽ ഓഫീസറായ അലോൺ ഗാളാണ് ഈ വിവര ചോർച്ച റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച്ച ഗാൾ പങ്കുവെച്ച പുതിയ ട്വിറ്റർ പോസ്റ്റിലാണ് വിവര ചോര്‍ച്ച സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. ഒരാൾക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അയാള്‍ ഇതുവരെ നല്‍കിയിരിക്കുന്ന വിവരങ്ങൾ ചോർന്നിട്ടുണ്ട് എന്നാണ് ഗാൾ പോസ്റ്റിൽ പറയുന്നത്. പുതുതായി സംഭവിച്ചിരിക്കുന്ന വിവര ചോർച്ചയിലൂടെ 5.5 ലക്ഷം വരുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികൾ, 12 ലക്ഷം വരുന്ന ഓസ്ട്രലിയക്കാർ, 38 ലക്ഷം വരുന്ന ബംഗ്ളദേശികൾ, 80 ലക്ഷം വരുന്ന ബ്രസീൽ സ്വദേശികൾ, 60 ലക്ഷം വരുന്ന ഇന്ത്യക്കാർ എന്നിവരുടെ വിവരങ്ങൾ സൗജന്യമായാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്.
Read Also: ഗൂഗിള്‍ മീറ്റില്‍ പരിധിയില്ലാതെയുള്ള വിഡിയോ കോള്‍; സൗജന്യ ഓഫര്‍ നീട്ടി
വിഷയത്തിൽ ഫേസ്ബുക്ക് ഇതുവരെയും പ്രതികരിച്ചട്ടില്ല. പത്ത് ദിവസത്തിന്റെ ഇടവേളയിൽ ഇന്ത്യയിൽ ഇത് രണ്ടാം തവണയാണ് വലിയ ഡാറ്റ ചോർച്ച റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഡിജിറ്റൽ വാലറ്റ് ആപ്പായ മോബിക്വിക്കിൽ നിന്ന് 10 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിരുന്നു.
ഡാറ്റ ചോർച്ചകൾ തടയാനും ഡാറ്റകൾ സംരക്ഷിക്കാനും ഇന്ത്യയിൽ നിലവിൽ ശക്തമായ നിയമങ്ങളില്ല. ഡാറ്റാ സംരക്ഷണത്തിനായി കൊണ്ടുവന്ന ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2019 മുതൽ പാസ്സാകാതെ ലോക്സഭയിൽ കിടക്കുകയാണ്. ബില്ല് സംബന്ധിച്ച റിപ്പോർട്ട് മാർച്ചിൽ സമർപ്പിക്കേണ്ടിയിരുന്ന പാർലമെൻററി കമ്മിറ്റി സമയം നീട്ടി ചോദിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്ത് 2000 ലെ ഇൻഫോർമേഷൻ ടെക്നോളജി ആക്ടും 2011ല്‍ കൊണ്ടുവന്ന ഇൻഫോർമേഷൻ ടെക്നോളജി നിയമവുമാണ് നിലവിലുള്ളത്. എന്നാൽ ഇത് രണ്ടും ഡാറ്റ പ്രൊട്ടക്ഷന്‍ അപര്യാപതമാണെന്നാണ് വിദഗ്ധർ പറയുന്നത്.