ന്യൂഡൽഹി: ജൂൺ 16മുതൽ ഇന്ധന വില ദിവസവും മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വില കൃത്യമായി അറിയാൻ മൊബൈൽ ആപ്ലിക്കേഷൻ. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമേ എസ്എംഎസിലൂടെയും ഉപഭോക്താക്കൾക്ക് ഇന്ധന വില അറിയാനാകും.

RSP Dealer code ടൈപ്പ് ചെയ്ത ശേഷം 922492249 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. എല്ലാ പെട്രോൾ പമ്പുകൾക്ക് സമീപത്തും ഡീലർ കോഡ് എഴുതിയിട്ടുണ്ടാകും. അതിനാൽ തന്നെ ഉയർന്ന വില നൽകി ചതിക്കപ്പെടുമെന്ന ഭയവും വേണ്ട.

Fuel@IOC എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഓരോ നഗരത്തിലെയും ഇന്ധന വില അറിയാനാവുക. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുള്ള നിരക്ക് വ്യത്യാസം അനുസരിച്ച് ഇന്ധന വിലയിലും മാറ്റം വരുത്താൻ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളാണ് ശുപാർശ ചെയ്തത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് ഇന്ധന വില ദിവസവും മാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ.

“ഏറ്റവും സുതാര്യമായി ഇന്ധന വില നിശ്ചയിക്കുന്നതിനും വില ഉപഭോക്താക്കൾക്ക് ലാഭകരമാകും വിധം നിശ്ചയിക്കാനുമാണ് ദിവസവും വില മാറ്റുന്നതെന്ന്” ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.

ഇതോടെ മാസത്തിൽ രണ്ട് തവണ ഇന്ധന വില നിശ്ചയിക്കുന്ന സംവിധാനം മറ്റ് പല വികസിത രാജ്യങ്ങളിലേതിനും സമമായി ദിവസവും നിശ്ചയിക്കപ്പെടും.

തീരുമാനം ഈ മാസം 15 ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. മെയ് ഒന്ന് മുതൽ രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിൽ പെട്രോൾ വില ദിവസവും പുതുക്കാനുള്ള നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. പോണ്ടിച്ചേരി, ഛണ്ഡീഗഡ്, വിശാഖപട്ടണം,  ഉദയ്പൂർ, ജംഷഡ്പൂർ എന്നിവിടങ്ങളിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ വില ദിവസവും പുതുക്കി നിശ്ചയിക്കുന്നത്.

ഈ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം രാജ്യത്താകമാനം വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ നീക്കം ഇനി മുതൽ ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കി വിപണി വിലയും മാറ്റാൻ കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook