സാങ്കേതിക വിദ്യ ലോകത്തെ വിരല്‍ത്തുമ്പിലെത്തിച്ച് ആഗോള ഗ്രാമമാക്കി മാറ്റി. ആ ഗ്രാമത്തിലെ ഏതെങ്കിലുമൊരു വീട്ടില്‍ ഇരുന്ന് മറുതലയ്ക്കുള്ള ഓഫീസിലെ ജോലികള്‍ ചെയ്യാനും സാങ്കേതിക വിദ്യ സഹായിക്കുന്നു. മുമ്പ് ആധുനിക ടെക് ജിപ്‌സികളും കുഞ്ഞുങ്ങളെ നോക്കാനുമുള്ള അമ്മമാരുമായിരുന്നു ഓഫീസില്‍ എത്താതെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന മാര്‍ഗം തെരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ ആഗോള വ്യാപകമായി കോവിഡ് 19 രോഗം പടരുന്നത് പരമാവധി ആളുകളെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന വഴി തേടാന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവയെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇനി പറയുന്നത്.

ജോലി ചെയ്യുന്നതിന് സ്ഥിരം സമയം നിശ്ചയിക്കുക. ആ സമയത്ത് ജോലി ആരംഭിക്കുകയും അവസാനിപ്പിക്കുകയും വേണം. ഇത് പ്രൊഫഷണല്‍ ജീവിതവും നിങ്ങളുടെ വ്യക്തി ജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടു പോകാന്‍ സഹായിക്കും.

Read Also: കോവിഡ് 19: ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ 250 ഇന്ത്യാക്കാര്‍ കുടുങ്ങി

ഒരു ഷെഡ്യൂള്‍ തയാറാക്കി അത് പാലിക്കുക. വീട്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചെയ്യേണ്ട ഓഫീസ് ജോലി തീര്‍ക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വയം തയാറാക്കുക. ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ ശ്രമിക്കുക.

വീട്ടിൽ എവിടെയിരുന്ന് വേണമെങ്കിലും ജോലി ചെയ്യാമെങ്കിലും ഏതെങ്കിലും ഒരു ഇടം ഓഫീസായി നിശ്ചയിക്കണം. ആ ഇടം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഓഫീസിലേക്ക് പോകുന്ന വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് നല്ലതാണ്.

വീട്ടില്‍ നിങ്ങള്‍ ഓഫീസായി നിശ്ചയിക്കുന്ന ഇടത്ത് വീട്ടിലെ മറ്റുള്ളവര്‍ക്കായി കുറച്ച് ചട്ടങ്ങള്‍ നടപ്പിലാക്കണം. കുട്ടികളുണ്ടെങ്കില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് ശല്യപ്പെടുത്തരുതെന്ന് പറയണം. നിങ്ങള്‍ വീട്ടിലുണ്ടെന്ന് കരുതി വീട്ടിലെ മറ്റു ജോലികള്‍ ഈ ഓഫീസ് സമയത്ത് ചെയ്യുമെന്ന് മറ്റംഗങ്ങള്‍ കരുതരുത്. വീട്ടിലെ ജോലിയും വീട്ടിലിരുന്ന ചെയ്യുന്ന ഓഫീസ് ജോലിയും ചെയ്യുന്ന സമയം കൃത്യമായി വിഭജിക്കണം. ഓഫീസ് ജോലി സമയത്ത് വീട്ടിലെ ജോലി ചെയ്താല്‍ നിങ്ങളുടെ ഉല്‍പ്പാദന ക്ഷമത കുറയും.

കൃത്യമായ ഇടവേളകള്‍ നിശ്ചയിച്ച് അത് എടുക്കണം. കംപ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം.

Read Also: ഷെയ്ന്‍ വോണിന്റെ മദ്യ കമ്പനി ജിന്നിന് പകരം സാനിറ്റൈസര്‍ നിര്‍മിക്കും

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ പുറത്തൊക്കെ പോകണമെന്ന് പറയാറുണ്ടെങ്കിലും ഈ കൊറോണക്കാലത്ത് സൂക്ഷിക്കണം. പകരം, വീട്ടിലെ പൂന്തോട്ടമോ കൃഷിത്തോട്ടമോ ഒരുക്കുന്നത് നല്ലതാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏകാന്തത തോന്നുകയും ഈ ലോകത്തോടുള്ള ബന്ധം നഷ്ടപ്പെട്ടു പോയിയെന്ന തോന്നലും ഉണ്ടാകും. അതുകൊണ്ട് സ്ഥാപനത്തിലെ മറ്റുള്ളവരുമായും സുഹൃത്തുക്കളുമായി ബന്ധപ്പെടണം.

വീഡിയോ കോണ്‍ഫറന്‍സുകളും കോണ്‍ഫറന്‍സ് കോളുകളും ഉണ്ടെങ്കില്‍ അതില്‍ പങ്കെടുക്കണം. അതില്‍ സംസാരിക്കാനും ശ്രമിക്കണം. വീഡിയോ കോണ്‍ഫറന്‍സിങ് സമയത്ത് ഔദ്യോഗിക ജോലി സമയത്തുള്ള വസ്ത്രധാരണം വേണം. രോഗബാധിതനാണെങ്കില്‍ അവധിയെടുക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook