ഇന്ത്യയിലെ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ കോവിഡ് -19 വാക്സിൻ ലഭ്യമാണ്. ഏപ്രിൽ 1 മുതലാണ് കേന്ദ്ര സർക്കാർ 45 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചത്. ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ചോ കോവിൻ പോർട്ടൽ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാൻ സാധിക്കും.

എവിടെ നിന്നാണ് വാക്സിൻ എടുക്കാൻ കഴിയുക എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? എങ്കിൽ ഗൂഗിൾ മാപ്പിലും മാപ്പ് മൈ ഇന്ത്യയിലും നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്. എങ്ങനെയാണു ഗൂഗിൾ മാപ് ഉപയോഗിച്ചും, മാപ്പ്മൈ ഇന്ത്യ ഉപയോഗിച്ചും വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയുന്നത് എന്ന് നോക്കാം.

നിങ്ങളുടെ വീടിനടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഗൂഗിൾ മാപ്പിലൂടെ അറിയാൻ

നിങ്ങളുടെ സ്മാർട്ഫോണിലെ ഗൂഗിൾ മാപ് തുറക്കുക. കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ വെബ് ബ്രൗസറിൽ നിന്ന് ഗൂഗിൾ മാപ് തുറക്കാം. അതിനു ശേഷം ഗൂഗിൾ മാപ്പിന് മുകളിലായുള്ള സെർച്ച് ഓപ്ഷനിൽ ”കോവിഡ് 19 വാക്സിനേഷൻ സെന്റർ” എന്ന് നൽകിയ ശേഷം സെർച്ച് ചെയ്യുക. അപ്പോൾ നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ സെന്ററുകൾ അറിയാൻ സാധിക്കും. നിങ്ങൾ ഉപയോഗിക്കുന്ന ഫോണിന്റെ ലൊക്കേഷൻ ഓപ്ഷൻ ഓൺ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. അങ്ങനെ എങ്കിൽ നിങ്ങൾ നിൽക്കുന്നതിനു തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സാധിക്കും.

Read Also: വിപണിയില്‍ അടിതെറ്റി എല്‍ജി; മൊബൈല്‍ ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ചു

സർക്കാർ അംഗീകരിച്ചിട്ടുള്ള, വാക്സിൻ നൽകുന്ന സർക്കാർ ഹോസ്പിറ്റലുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ, സ്വാകാര്യ ക്ലിനിക്കുകൾ ഒക്കെയാണ് ഗൂഗിൾ മാപ്പിൽ കാണിക്കുക. അതിൽ തന്നെ എത്രപേർക്കാണ് വാക്സിൻ നൽകുന്നത്, മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കേണ്ടതുണ്ടോ എന്ന വിവരങ്ങളും ലഭിക്കും.

45 മുകളിൽ ഉളവർക്കാണ് വാക്സിനെന്നും രജിസ്ട്രേഷനായി സർക്കാർ തിരിച്ചറിയൽ കാർഡ് കരുതണമെന്നും അതിൽ കാണാൻ കഴിയും. ഒപ്പം വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുണമെന്നും വാക്സിനേഷൻ കേന്ദ്രത്തിൽ വിളിച്ച് അന്വേഷിക്കണമെന്ന അറിയിപ്പും അതിൽ ഉണ്ടാകും.

മാപ്പ് മൈ ഇന്ത്യ വഴി അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം അറിയാൻ

മാപ്പ് മൈ ഇന്ത്യ ആപ്പും വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സഹായിക്കുന്ന ഒന്നാണ്. കോവിൻ പോർട്ടലിലും മാപ്പ് മൈ ഇന്ത്യ കാണാൻ സാധിക്കും. മാപ്മൈ ഇന്ത്യ ആപ്പ് തുറക്കുമ്പോൾ തന്നെ അതിൽ വാക്സിനേഷൻ സെന്റർ എന്ന ഓപ്ഷൻ കാണാൻ സാധിക്കും, അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ കഴിയും. ഇതിലും നിങ്ങൾ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഏത് വാക്സിനേഷൻ കേന്ദ്രത്തിലായാലും വിളിച്ചു മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് പോകുന്നതാകും ഉചിതം.

എങ്ങനെയാണു വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്?

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലൂടെയും, കോവിൻ എന്ന വെബ് പോർട്ടലിലൂടെയും നിങ്ങൾക്ക് വാക്സിൻ സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും. കോവിൻ ആപ്പിൽ അല്ലെങ്കിൽ വെബ്സൈറ്റ് വഴി ചെയ്യുവാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പർ നൽകുക. അതിനു ശേഷം ഒരു ഒറ്റ തവണ പാസ്സ്‌വേർഡ് (ഓടിപി) നിങ്ങളുടെ ഫോൺ നമ്പറിൽ ലഭിക്കും. അത് നൽകിയ ശേഷം വെരിഫൈ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ആരോഗ്യസേതു ആപ്പിലാണെങ്കിൽ കോവിൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ നിന്ന് വാക്സിനേഷൻ എന്ന ഓപ്ഷൻ എടുക്കുക.

അപ്പോൾ കാണുന്ന രജിസ്‌ട്രേഷൻ പേജിൽ ചോദിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡ് വിവരങ്ങളും, പേരും, മൊബൈൽ നമ്പറും, പ്രായവും, ജനനതിയതിയും നൽകി രജിസ്റ്റർ ചെയ്യണം. അതിനു ശേഷം വരുന്ന പേജിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കാണാൻ കഴിയും അതിലേക്ക് നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെ ചേർക്കാൻ കഴിയും.

അതിനു ശേഷം വരുന്ന ഓപ്ഷൻ കോവിൻ ആപ്പിലും ആരോഗ്യസേതുവിലും ഒന്ന് തന്നെയാണ്. വാക്സിൻ എടുക്കുന്ന ആളുകളെ തിരഞ്ഞെടുത്ത ശേഷം അടുത്ത പേജിൽ കാണുന്ന ‘കലണ്ടർ’ ഓപ്ഷനിൽ നിന്ന് ലഭ്യമായ ഒരു തിയതി തിരഞ്ഞെടുത്ത് വാക്സിനേഷന് ബുക്ക് ചെയ്യാം.

അതിനു ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ലാ, പിൻകോഡ്, എന്നീ വിവരങ്ങൾ നൽകി സെർച്ച് ചെയ്താൽ വാക്സിനേഷൻ കേന്ദ്രങ്ങൾ കാണാൻ സാധിക്കും. അതിൽ നിന്ന് ലഭ്യമായ ദിവസത്തിലെ ഒരു സമയം തിരഞ്ഞെടുത്ത് ‘കൺഫോം’ ഓപ്ഷൻ ക്ലിക്ക് ചെയുക. നിങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook