ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഇന്റര്‍നെറ്റ് കണക്ഷനുകളുടെ വേഗത്തെ എങ്ങനെയാാണ് സ്വാധീനിച്ചത്? വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് (വര്‍ക്ക് ഫ്രം ഹോം) വര്‍ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇന്റര്‍നെറ്റ് സ്പീഡിനെ സ്വാധീനിക്കുന്നുണ്ട്. വീട്ടിനകത്ത് കഴിയുമ്പോള്‍ സമയം പോക്കുന്നതിനായി ആളുകള്‍ വീഡിയോ സ്ട്രീമിങ് അടക്കമുള്ള ഓണ്‍ലൈന്‍ സേവനങ്ങളെ ആശ്രയിക്കുന്നതും ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിനെ ബാധിക്കും.
കൊറോണയെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്ന കണക്കുകള്‍ വിവിധ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്. ചൈനയും ഇറ്റലിയുമടക്കമുള്ള രാജ്യങ്ങളില്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗം കുറഞ്ഞതായി സ്പീഡ് ടെസ്റ്റിങ് സേവനദാതാക്കളായ ഊക്ല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Read Also: ഡല്‍ഹിയില്‍ യുവതിക്കു നേരെ മോശം പെരുമാറ്റം; ചോദ്യംചെയ്തതിനു ‘കൊറോണ’യെന്ന് വിളിച്ച് അധിക്ഷേപം
കോവിഡ് രോഗബാധ ആദ്യം രേഖപ്പെടുത്തിയ ചൈനയില്‍ ഇന്റര്‍നെറ്റ് വേഗം കുറഞ്ഞെങ്കിലും ഈ മാസം രണ്ടിനും ഒന്‍പതിനുമിടയില്‍ പൂര്വസ്ഥിതിയിലെത്തിയതായി ഊക്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരമുള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ വേഗക്കുറവ് തുടരുകയാണ്.
കൊറോണ ബാധയെത്തുടർന്ന് ചൈനയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡില്‍ കുത്തനെയുള്ള ഇടിവാണുണ്ടായത്. 80 എംബിപിഎസിനു മുകളിലുണ്ടായിരുന്ന ഇന്റര്‍നെറ്റ് സ്പീഡ് ജനുവരി 15ഓടെ കുറയാനാരംഭിക്കുകയും 50 എംബിപിഎസിലും കുറഞ്ഞ നിലയിലെത്തുകയും ചെയ്തു. എന്നാല്‍ ജനുവരി അവസാനത്തോടെ ഇത് വര്ധിക്കാനാരംഭിക്കുകയും ഈ മാസം ഒന്‍പതോടെ 80 എംബിപിഎസിന് അടുത്ത് എത്തുകയും ചെയ്തു.
ഹുബെയ് പ്രവിശ്യയിലെ മാത്രം കണക്ക് നോക്കിയാല്‍ 70 എംബിപിഎസില്‍ നിന്ന് 30 എംബിപിഎസിലേക്കാണ് ജനുവരി 15നും ഫെബ്രുവരി 15നുമിടയില്‍ ഡൗണ്‍ലോഡ് വേഗം കുറഞ്ഞത്. ഈ മാസം രണ്ടാം വാരത്തിലെ കണക്കുകള്‍ പ്രകാരവും വുഹാനിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗം 40 എംബിബിഎസിനു താഴെയാണ്. ചൈനയില്‍ ഫിക്സഡ് ലൈന്‍ കണക്ഷനുകളുടെ വേഗം കൊറോണ വ്യാപനത്തെത്തുടര്‍ന്ന് കുറഞ്ഞെങ്കിലും പിന്നീട് പൂര്‍വസ്ഥിതിയിലെത്തുകയും വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഹുബെയ് പ്രവിശ്യയില്‍ ഇത് കുറഞ്ഞുതന്നെ തുടരുകയാണ്. കോവിഡ് ബാാധയില്നിന്ന് മുക്തമാവുന്ന സാഹചര്യമാണ് നിലവില്‍ ചൈനയില്‍.
രോഗം രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് ആദ്യ വാരങ്ങളില്‍ മൊബൈല്‍, ഫിക്സഡ് ലൈന്‍ കണക്ഷനുകളുടെ ഡൗണ്‍ലോഡ് സ്പീഡില്‍ കുറവു വന്നിട്ടുണ്ട്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ലൊംബാര്‍ഡി മേഖലയിലാണ് ഡൗണ്‍ലോഡ് സ്പീഡ് ഏറ്റവും കുറഞ്ഞത്.
കഴിഞ്ഞ വാരത്തോടെയാണ് ഇന്ത്യയിൽ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തുടങ്ങിയത്. ഈ മാസം ഒന്‍പത് വരെയുള്ള കണക്കുകളാണ് ഊക്ല പുറത്തുവിട്ടത്. ഇന്ത്യയിൽ കോവിഡ് ബാധ എങ്ങനെ ഇന്റർനെറ്റ് സ്പീഡിനെ ബാധിച്ചു എന്നതിന്റെ പൂർണ ചിത്രം ഈ കണക്കുകളിൽ കാണാൻ കഴിയില്ല.
Read Also: ‘വീട്ടിൽ പോകണം, ഒരേയൊരു വിമാനം അയയ്ക്കൂ’; അഭ്യർഥനയുമായി 300 ഓളം വിദ്യാർഥികൾ
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ആദ്യവാരം ഇന്ത്യയില്‍ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ വേഗം കൂടിയതായാണ് ഊക്ലയുടെ കണക്കുകൾ പറയുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഫിക്സഡ് ലൈന്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ 69-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പിന്നീട് മൂന്ന് സ്ഥാനം പിറകിലേക്ക് പോയി. 36.95 എംബിപിഎസ്, 37.09 എംബിപിഎസ് എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ കണക്കുപ്രകാരം ഇന്ത്യയിലെ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ ശരാശരി ഡൗണ്‍ലോഡ്, അപ്ലോഡ് സ്പീഡുകള്‍. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ ലോകത്ത് 128-ാം സ്ഥാനത്താണ് ഇന്ത്യ. 11.83 എംബിപിഎസ്, 4.61 എംബിപിഎസ് എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ ശരാശരി ഡൗണ്‍ലോഡ്, അപ്ലോഡ് സ്പീഡുകള്‍.
ഈ മാസം ഒന്‍പതിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഫിക്സഡ് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ വേഗം 40 എംബിപിഎസിനോട് അടുത്തിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡില്‍ മാറ്റില്ല.
Read in English: COVID-19 and internet speeds across the world: What Ookla’s numbers show