മരണം എങ്ങനെയാണ് വരുന്നത്.. മരണ ശേഷം എന്താണ് സംഭവിക്കുക ? മരണം ഒരു വലിയ ഉറക്കമാണോ ? മരിച്ചയാൾക്ക് വീണ്ടും ജീവനുണ്ടാകുമോ എന്നിങ്ങനെ നൂറു ചോദ്യങ്ങൾ പലവട്ടം പലരും സ്വയമെങ്കിലും ചോദിച്ചിട്ടുണ്ടാകും. എന്നാൽ മരണത്തിന് ശേഷവും ജീവനുണ്ടാകാമെന്നാണ് പുതിയ കണ്ടെത്തൽ. മരിച്ച് കഴിഞ്ഞ് 10 മിനിറ്റോളം മനുഷ്യന്റെ തലച്ചോറ് പ്രവർത്തിക്കുമെന്നാണ് ഡോക്‌ടർമാർ കണ്ടെത്തിയത്.

ഹൃദയം നിലച്ച് ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ച ഒരു രോഗിയുടെ തലച്ചോറ് വീണ്ടും പത്തു മിനിറ്റ് കൂടി പ്രവർത്തിച്ചതാണ് പുതിയ കണ്ടെത്തലിലേക്ക് വഴിവച്ചത്. മനുഷ്യൻ ഗാഢനിദ്രയിലാഴുന്ന സമയത്ത് തലച്ചോറിൽ ഉണ്ടാകുന്ന അതേ തരംഗങ്ങളാണ് മരണ ശേഷവും ഉണ്ടാകുന്നത് എന്നാണ് കാനഡയിലെ ഡോക്‌ടർമാർ കണ്ടെത്തിയത്.

കനേഡിയൻ ഇന്റൻസീവ് കെയർ യൂണിറ്റിലുളള ഡോക്‌ടർമാർ സംഭവത്തെ അസാധാരണവും വിശദീകരിക്കാൻ സാധിക്കാത്ത പ്രതിഭാസവുമാണെന്നാണ് പറഞ്ഞത്. മരണം സ്ഥിരീകരിച്ച നാല് രോഗികളെ നിരീക്ഷിച്ചതിൽ മൂന്ന് പേരുടെയും ഹൃദയവും തലച്ചോറും ഒരുമിച്ച് നിലച്ചിരുന്നു. എന്നാൽ ഒരാളുടെ ഹൃദയം നിലച്ചിട്ടും തലച്ചോർ 10 മിനിറ്റ് കൂടി പ്രവർത്തിക്കുകയായിരുന്നു.

ഡോക്‌ടർമാർ നിരീക്ഷിച്ച നാല് രോഗികളുടെയും തലച്ചോർ മരണസമയത്ത് പല രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. അതായത്, ഓരോ മനുഷ്യരുടെയും മരണം വ്യത്യസ്‌ത തരത്തിലായിരിക്കും. പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ അവയവ ദാനത്തെക്കുറിച്ചുളള ചോദ്യങ്ങളും ഉയരുന്നുണ്ട്. ക്ലിനിക്കലായി ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ച ശരീരത്തിൽ ജീവനുളളപ്പോൾ അവയവങ്ങൾ മാറ്റുന്നത് സംബന്ധിച്ച ആശങ്കയാണുയരുന്നത്.

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷനിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാനഡയിലെ വെസ്റ്റേണ്‍ ഒന്‍ടാരിയോ സര്‍വകലാശാലയിലുള്ളവരാണ് ഗവേഷണത്തിന് പിന്നില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook