ന്യൂഡൽഹി: കോവിഡ് -19 രോഗ വ്യാപനവും, തുടർന്നുള്ള ലോക്ക്ഡൗണും കാരണം ഇപ്പോൾ വീഡിയോ കോളിങ്ങ്, വീഡിയോ കോൺഫറൻസിങ്ങ് സേവനങ്ങൾക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. ലോക്ക്ഡൗണിൽ കഴിയുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനു വേണ്ടി വീഡിയോ കോളിങ്ങ് സേവനങ്ങളും വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വീഡിയോ കോൺഫറൻസിങ്ങ് സേവനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.
Also Read: കോവിഡ് – 19 ലോക്ക്ഡൗണ്‍: ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്ടാക്കളുള്ള മെസേജിങ് സേവനമായ വാട്സ്ആപ്പിന്റെ വീഡിയോ കോളിങ് ഫീച്ചർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ലോക്ക്ഡൗൺ കാലത്ത് പെട്ടെന്നുള്ള വർധനവാണുണ്ടായത്. ഈ സാഹചര്യത്തിൽ വോയ്സ്, വീഡിയോ ഗ്രൂപ്പ് കോളിങ് സംവിധാനങ്ങൾ എളുപ്പമാക്കിയതായി വാട്സ്ആപ്പ് അറിയിച്ചു.
നാലു പേരോ അതിൽ കുറവോ അംഗങ്ങളുള്ള ഗ്രൂപ്പുകൾ നിർമിച്ചാൽ അവയിൽ വോയ്സ് കോൾ, വീഡിയോ കോൾ എന്നിവയ്ക്കുള്ള ഐക്കണുകൾ കാണാൻ സാധിക്കും. ഈ ഐക്കണുകൾ ക്ലിക്കുചെയ്ത് വോയ്സ് അല്ലെങ്കിൽ വീഡിയോ കോളിങ്ങ് ആരംഭിക്കാമെന്ന് വാട്സാപ്പ് അറിയിച്ചു. ഇതിനായി ആൻഡ്രോയ്ഡ് ഐഒഎസ് ഉപകരണങ്ങളിൽ വാട്സ് ആപ്പ് ഏറ്റവും പുതിയ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
നാലിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ ഗ്രൂപ്പിന്റെ പേരിനു സമീപമുള്ള കോൾ ഐക്കൺ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം. ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം വരുന്ന പോപ്പ് അപ്പ് ലിസ്റ്റിൽ നിന്ന് ഏതൊക്കെ അംഗങ്ങളെയാണോ ഗ്രൂപ്പ് കോളിൽ ഉൾപ്പെടുത്തേണ്ടതെന്ന് തിരഞ്ഞെടുക്കാം. ഇതിൽ നിന്ന് പരമാവധി മൂന്നു പേരെ തിരഞ്ഞെടുത്ത് ഗ്രൂപ്പ് കോളുകൾ ആരംഭിക്കാം.
സൂം കോൺഫറൻസുകൾ സുരക്ഷിതമാക്കാം
ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് വീഡിയോ കോൺഫറൻസിങ്ങ് ആപ്പുകൾക്ക് ആവശ്യമേറിയത്. സൂം, സിസ്കോ വെബ് എക്സ്, ഗൂഗിൾ മീറ്റ്, മെെക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ സേവനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഇതിൽ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് സൂം.
ഔദ്യോഗിക ആവശ്യങ്ങൾക്ക് പുറമേ വ്യക്തിപരമായ വീഡിയോ കോളിങ്ങിനും ഉപയോഗിക്കുന്ന സൂം ആപ്ലിക്കേഷനിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന തരത്തിലും വാർത്തകൾ പുറത്തു വന്നിരുന്നു. ഓൺലെെൻ യോഗങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾ കയറിവരുന്ന സൂം ബോംബിങ് എന്ന പ്രശ്നം ഈ ആപ്ലിക്കേഷനിൽ വരുന്നതായി പരാതികളുയരുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സൂം അധികൃതർ പ്രതികരണമറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൂം ആപ്ലിക്കേഷനിലെ വെയിറ്റിങ് റൂം ഓപ്ഷൻ ഡിഫോൾട്ട് ആയി സെറ്റ് ചെയ്തിട്ടുണ്ട്. ഇനി മീറ്റിങ്ങുകൾക്കുള്ള ലിങ്ക് ലഭിച്ചവർ ജോയിൻ ചെയ്യാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്താൽ വെയിറ്റിങ് റൂമിലെത്തും. തുടർന്ന് ഹോസ്റ്റിന്റെ അനുമതിയോടെ മാത്രമേ മീറ്റിങ്ങിന്റെ ഭാഗമാവാൻ സാധിക്കൂ. ഇതോടെ മീറ്റിങ്ങിൽ പെട്ടെന്ന് കയറി വരുന്നവരെക്കൊണ്ടുള്ള ശല്യം ഒഴിവാക്കാനാവും.
Also Read: വാട്സാപ് ഉപയോക്താക്കൾക്കൊരു മുന്നറിയിപ്പ്; അടുത്ത ലക്ഷ്യം നിങ്ങളായേക്കാം
മീറ്റിങിന്റെ ഭാഗമാവാൻ പാസ്വേഡ് നിർബന്ധമാക്കണമെന്നതാണ് സൂം ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങളിലൊന്ന്. ഇതിനായി സൂം വെബ്സെെറ്റിൽ ലോഗിൻ ചെയ്ത് അക്കൗണ്ട് മാനജ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ അക്കൗണ്ട് സെറ്റിങ്സ് എന്ന ഇനം തിരഞ്ഞെടുക്കുക. അക്കൗണ്ട് സെറ്റിങ്സ് മീറ്റിങ് എന്ന ടാബിൽ പോയി പാസ് വേഡ് സെറ്റിങ്ങുകളിൽ വേണ്ട മാറ്റം വരുത്താവുന്നതാണ്.