കണ്ണൂര്‍: കോവിഡ്-19 ചികിത്സയില്‍ വലിയ സുരക്ഷാ വെല്ലുവിളി നേരിടുന്നവരാണ് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. രോഗസ്ഥിതി മനസിലാക്കാനും മരുന്നുകൊടുക്കാനും പോകുമ്പോള്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെങ്കില്‍ വൈറസ് എപ്പോള്‍ കൂടെപ്പോന്നുവെന്ന് മാത്രം ചോദിച്ചാല്‍ മതി. ഈ സാഹചര്യത്തിലൊരു ‘കുഞ്ഞപ്പന്‍’ വന്നാലോ?

രോഗികളുടെ അടുത്തുപോകുന്നതു കുറയ്ക്കാനൊരു യമണ്ടന്‍ പരിഹാരമാണു ‘നൈറ്റിങല്‍-19’ റോബോട്ട്. ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീറിങ് കോളേജ് വിദ്യാര്‍ഥികളുടെതാണു കണ്ടുപിടിത്തം. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്ന ‘നൈറ്റിങല്‍’ മന്ത്രി കെകെ ശൈലജയുടെയും ശ്രദ്ധയില്‍ പതിഞ്ഞുകഴിഞ്ഞു.

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ആശുപത്രികളില്‍ രോഗികള്‍ക്കു ഭക്ഷണവും മരുന്നും നല്‍കാന്‍ റോബോട്ടിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ചെനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണു ‘നൈറ്റിങ്ങലി’ല്‍ ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിലെ പ്രത്യേക ഡിസ്പ്ലേ വഴി രോഗികള്‍ക്കു ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാം.

ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത്…

Posted by K K Shailaja Teacher on Monday, 20 April 2020

ആറു പേര്‍ക്കു ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ 25 കിലോഗ്രാം വരെ കൊണ്ടുപോകാനുള്ള ശേഷിയുള്ളതാണു റോബോട്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം നൈറ്റിങ്ങലിനെ നിയന്ത്രിക്കാനാകും. ഭക്ഷണവും മരുന്നും ഓരോ രോഗിയുടെയും മുറിയിലും കൃത്യമായി എത്തിക്കും. റോബോട്ടിനെ അണുവിമുക്തമാക്കിയശേഷമാണ് വീണ്ടും ഉപയോഗിക്കുക.

പിപിഇ കിറ്റും എന്‍-95 മാസ്‌കും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളണിഞ്ഞാണു ഡോക്ടര്‍മാരും നഴ്‌സുമാരും ക്ലീനിങ് ജീവനക്കാരും രോഗികളുടെ മുറികളില്‍ പ്രവേശിക്കുന്നത്. ശരീരം മുഴുവന്‍ മൂടിക്കെട്ടുന്ന ഈ സംവിധാനം അണിഞ്ഞാല്‍ പരമാവധി നാലുമണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. അപ്പോഴേക്കും പിപിഇ കിറ്റിനുള്ളിലെ കടുത്ത ചൂടില്‍ തളരും.

പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തം റോബോട്ടിന്റെ ടെലി വീഡിയോ സംവിധാനം വഴി തിരുവനന്തപുരത്ത് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി മന്ത്രി സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook