ന്യൂഡൽഹി: ലോകത്തെമ്പാടും പടരുന്ന കൊറോണ വൈറസ് ബാധയ്‌ക്കെതിരെ നമ്മുടെ കേരളത്തിലും ജാഗ്രത പുലർത്തുകയാണ്. കൊറോണ വൈറസ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ലോകത്ത് ദിവസം തോറും വർധിക്കുന്ന സാഹചര്യത്തിൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ നമ്മളിൽ പലരും പാലിക്കുന്നുണ്ട്.
മാസ്കം സാനിറ്റൈസറും ഉപയോഗിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാകത്ത മൊബൈൽ ഫോണിന്റെ കാര്യവും പരിഗണിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ വ്യാപനത്തിന് മൊബൈൽ ഫോണുകൾ കാരണമായേക്കാം.
ജേണൽ ഓഫ് ഹോസ്പിറ്റൽ ഇൻഫെക്ഷന്റെ റിപ്പോർട്ട് പ്രകാരം ഗ്ലാസ്, മെറ്റൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ ഒമ്പത് ദിവസം വരെ കൊറോണ വൈറസ് ജീവിക്കും. ഒരു ടോയിലെറ്റിൽ ഉള്ളതിനേക്കാൾ പത്ത് മടങ്ങ് അധികം ബാറ്റീരിയ മൊബൈൽ ഫോണുകളിലുണ്ടാകുമെന്നാണ് അരിസോണ സർവകലാശാലയുടെ 2012 ലെ കണ്ടെത്തൽ. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഫോണുകൾ വൃത്തിയാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ്.
ദൂരെ യാത്രയ്ക്ക് പോകുന്നവർ കൂടാതെ വിമാന യാത്രകൾ ചെയ്യന്നവർ അവരുടെ സ്മാർട്ട് ഫോൺ കോട്ടൺ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കണം. സ്മാർട്ട് ഫോണുകൾ പൊതുഇടങ്ങളിൽ വെക്കുന്നത് ഒഴിവാക്കുക. യാത്രകൾക്ക് പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ഫോൺ വൃത്തിയായി തുടച്ചു വയ്ക്കുക എന്നതാണ് ചെയ്യാവുന്ന മറ്റൊരു കാര്യം. കവർ ഉപയോഗിക്കുന്ന ഫോണാണെങ്കിൽ അത് മാറ്റിയതിന് ശേഷവും തുടയ്ക്കണം. അതേസമയം ചാർജ് ചെയ്തുകൊണ്ടോ കെമിക്കലുകൾ ഫോണിലേക്ക് നേരിട്ട് സ്പ്രേ ചെയ്തുകൊണ്ടോ തുടയ്ക്കാൻ പാടില്ല.