ന്യൂഡൽഹി: കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന മൊബെെൽ ആപ്പ് കേന്ദ്രസർക്കാർ പുറത്തിറക്കി. ആരോഗ്യസേതു (Aarogya Setu) എന്ന പേരിലുള്ള ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ സൌജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ആപ്പിൽ മലയാളം അടക്കം 11ഭാഷകൾ ലഭ്യമാണ്. ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളുപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ആപ്പ് ഉപയോഗിക്കാൻ ജിപിഎസും ബ്ലൂടൂത്തും എപ്പോഴും ഓൺ ചെയ്ത് വയ്ക്കണം.
മറ്റ് മൊബെെൽ ഫോണുകളിലേക്കുള്ള ദൂരം അളക്കുന്നതിനാണ് ബ്ലൂടൂത്ത് ഓണാക്കി വയ്ക്കാൻ പറയുന്നത്. ഇത്തരത്തിൽ അപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ നിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കും. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുമായി ആരൊക്കെ അടുത്തിടപഴകിയെന്നറിയാൻ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തും.
അറിഞ്ഞോ അറിയാതെയോ ഇടപഴകിയ ആർക്കെങ്കിലും കോവിഡ് ബാധ സ്ഥിരീകരിച്ചാൽ അത് ആപ്പിലൂടെ അറിയാൻ സാധിക്കും. ഒപ്പം എങ്ങനെ സ്വയം ക്വാറന്റെെൻ ചെയ്യാം, രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ എന്ത് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും ലഭിക്കും.
ആപ്പ് എങ്ങനെ ഉപയോഗിക്കാം
- പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് ആരോഗ്യസേതു (Aarogya Setu) ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
- ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക.
- തുടർന്നുവരുന്ന നിർദേശങ്ങൾ വായിച്ച ശേഷം രജിസ്ട്രർ ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
- തുടർന്നു വരുന്ന പേജിൽ ലൊക്കേഷൻ, ബ്ലൂടൂത്ത് വിവരങ്ങൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കാണാം. ഈ നിർദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ അതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാവുന്നതാണ്.
- ആപ്പിൽ മൊബെെൽ നമ്പർ നൽകണം. തുടർന്നു ലഭിക്കുന്ന ഒടിപി നമ്പർ എന്റർ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം. പേര്, വയസ്സ്, ജോലി, കഴിഞ്ഞ 30 ദിവസത്തിനിടെ സഞ്ചരിച്ച രാജ്യങ്ങൾ എന്നീ വിവരങ്ങളും ഒപ്പം എന്റർ ചെയ്യണം.
സർക്കാരുമായി മാത്രമാണ് വിവരങ്ങൾ പങ്കുവയ്ക്കുകയുള്ളൂവെന്ന് ആപ്പിൽ പറയുന്നുണ്ട്. ഉപഭോക്താക്കളുടെ പേരോ മൊബെെൽ നമ്പറോ അടക്കമുള്ള വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും മൊബെെൽ ആപ്പിലെ വിശദീകരണത്തിൽ പറയുന്നു.
Read in English: Government’s Aarogya Setu COVID-19 tracking app can check if can get coronavirus