ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി ലോകത്തെ ആകെ ഭീതിയിലാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. ആദ്യം ചൈനയിലും പിന്നീട് കേരളം ഉൾപ്പടെ ലോകത്തിന്റെ പലഭാഗത്തും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ആയിരകണക്കിന് ആളുകൾക്കാണ് ഈ പകർച്ചവ്യാധി മൂലം ജീവൻ നഷ്ടമായത്. ഇപ്പോഴും പലയിടങ്ങളിലും മരണം സംഭവിക്കുന്നുണ്ട്. വൈറസ് പകരുന്നതിന്റെ തോത് കുറഞ്ഞെങ്കിലും പൂർണമായും ഭീതിയിൽ നിന്നൊഴിയാൻ ലോകത്തിന് സാധിച്ചട്ടില്ല. കൊറോണ വൈറസ് ഡിജിറ്റൽ രംഗത്തെയും കാര്യമായി തന്നെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.

ആപ്പിൾ, സാംസങ് ഉൾപ്പടെ ഡിജിറ്റൽ രംഗത്തെ പല വമ്പന്മാരുടെയും വിൽപ്പനയിൽ കാര്യമായ ഇടിവാണ് കൊറോണ വൈറസ് സ്ഥിരീകരണത്തിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വമ്പന്മാരായ ഫെയ്സ്ബുക്ക് നടത്താനിരുന്ന F8 ഡെവലപ്പർമാരുടെ സമ്മേളനവും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ആപ്പിൾ ഐഫോൺ 9ന്റെയും ഐഫോൺ SE 2ന്റെയും ലോഞ്ച് ആപ്പിൾ വൈകിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

കൊറോണ വൈറസ് മൂലം സാംസങ് ഗ്യാലക്സി S20യുടെ വിൽപ്പന ചൈനയിൽ വലിയ രീതിയിൽ കുറഞ്ഞതായാണ് കമ്പനി പറയുന്നത്. 70,800 യൂണിറ്റുകളാണ് ദക്ഷിണ കൊറിയയിൽ മാത്രം കമ്പനി വിപണിയിലെത്തിച്ചത്. എന്നാൽ സാംസങ്ങിന്റെ തന്നെ ഗ്യാലക്സി S10ന്റെ വിൽപ്പനയുടെ ഏഴ് അയലത്ത് പോലും എത്താൻ പുതിയ മോഡലിനായില്ല.

അതേസമയം ദക്ഷിണ കൊറിയയിലെ തങ്ങളുടെ ഡിസ്‌പ്ലേ ഫാക്ടറിയുടെ നിർമാണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ് എൽജി. കൊറോണ വൈറസ് കമ്പനിയുടെ പ്രവർത്തനങ്ങളെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook