കോവിഡ് രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ആളുകളിൽ നിന്ന് 1.5 മീറ്ററെങ്കിലുമാണ് അകലം പാലിച്ചാൽ കോവിഡ് പകരുന്നതിനുള്ള സാധ്യത കുറയ്ക്കാനാവുമെന്നുാണ് കണക്കാക്കുന്നത്. പുറത്തിറങ്ങുകയും പൊതു ഇടങ്ങളിൽ ഇടപെടുകയും ചെയ്യുമ്പോൾ മറ്റുളളവരിൽ നിന്ന് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കാൻ കഴിയുന്നുണ്ടോ എന്നത് കൃത്യമായി പരിശോധിക്കാനാവാറില്ല.
ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ഒരു മൊബൈൽ ആപ്പ്. വൺ പോയിൻറ് ഫൈവ് (1point5) എന്നു പേരുള്ള ഈ ആപ്പ് ആൻഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
Read More: ടെലഗ്രാം മെസഞ്ചറിൽ ഗ്രൂപ്പ് വീഡിയോ കോൾ; ഓൺലൈൻ വിദ്യാഭ്യാസത്തിന് നാല് ലക്ഷം യൂറോ
ഉപഭോക്താക്കളുടെ അടുത്ത് 1.5 മീറ്ററിൽ കുറഞ്ഞ അകലത്തിൽ ആരെങ്കിലും എത്തിയാൽ നോട്ടിഫിക്കേഷൻ നൽകുന്ന തരത്തിലാണ് ആപ്പിന്റെ പ്രവർത്തനം. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുഎൻ ടെക്നോളജി ഇന്നൊവേഷൻ ലാബ്സ് (അൺറ്റിൽ) ആണ് ആപ്പ് വികസിപ്പിച്ചത്.
പ്രവർത്തന രീതി
ബ്ലൂടൂത്ത് വഴി അടുത്തുള്ള മൊബൈൽ ഉപകരണങ്ങൾ സ്കാൻ ചെയ്താണ് ആപ്പിന്റെ പ്രവർത്തനം. ആപ്പ് ഉപയോഗിക്കുന്ന ആളുടെ 1.5 മീറ്റർ ചുറ്റളവിനുള്ളിൽ ആരെങ്കിലും എത്തിയാൽ മൊബൈലിൽ നോട്ടിഫിക്കേഷൻ വരും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന്റെ പ്രവർത്തനത്തിന് ഏതാണ്ട് സമാനമാണ് വൺ പോയിൻറ് ഫൈവ് ആപ്പിന്റെ പ്രവർത്തനവും.
ബ്ലൂടൂത്ത്, ജിപിഎസ് സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ സേതുവിന്റെ പ്രവർത്തനം. കോവിഡ് -19 സ്ഥിരീകരിച്ച ആരെങ്കിലുമായി സമ്പർക്കത്തിൽ വന്നാൽ ആരോഗ്യ സേതു ആപ്പ് വഴി അറിയാനാവും. ഇതിനായി ആപ്പ് ഉപഭോക്താക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും കോവിഡ് സ്ഥിരീകരിച്ചവരെക്കുറിച്ചുള്ള വിവര ശേഖരവുമാണ് ആരോഗ്യ സേതുവിൽ ഉപയോഗിക്കുന്നത്. വൺ പോയിൻറ് ഫൈവ് ആപ്പ് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നാണ് അൺറ്റിൽ പറയുന്നത്.
ഉപയോഗ ക്രമം
- ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
- ഇൻസ്റ്റാൾ ചെയ്ത് ആപ്പ് തുറന്നാൽ ലഭിക്കുന്ന സ്ക്രീനിൽ ഗെറ്റ് സ്റ്റാർട്ടഡ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- തുടർന്നു വരുന്ന സ്ക്രീനിലെ സ്ലൈഡറിൽ 1.5 മീറ്ററിനും രണ്ട് മീറ്ററിനും ഇടയിലുള്ള അകലം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും
ഈ അകലം സെറ്റ് ചെയ്ത ശേഷം സ്റ്റാർട്ട് മോണിറ്ററിങ്ങ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. - ബ്ലൂടൂത്ത്, ലൊക്കേഷൻ എന്നിവ ഉപയോഗിക്കുന്നതിനുള്ള അനുമതി ആപ്പ് ആവശ്യപ്പെടും.ഇവയ്ക്കുള്ള പെർമിഷൻ നൽകിയാൽ ആപ്പ് ഉപയോഗിക്കാം.
- ആപ്പിൽ സെറ്റ് ചെയ്ത, 1.5 മീറ്ററിനും രണ്ട് മീറ്ററിനും ഇടയിലുള്ള ദൂരപരിധിയിൽ ഏതെങ്കിലും മൊബൈൽ ഫോണോ സമാന ഉപകരണങ്ങളോ കണ്ടെത്തിയാൽ ആപ്പ് അലാം ശബ്ദം പുറപ്പെടുവിക്കും.
Read More: റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാം
പുറത്തിറങ്ങുമ്പോഴും പൊതു ഇടങ്ങളിൽ പോവുമ്പോഴും ആപ്പ് പ്രവർത്തന സജ്ജമാക്കിയാൽ സാമൂഹിക അകല നിർദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിയും. മൊബൈൽ ഫോണിൽ ബ്ലൂ ടൂത്ത്, അല്ലെങ്കിൽ ലൊക്കേഷൻ ഓൺ ചെയ്യാത്തവരോ, മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരോ, ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരോ ആണ് 1.5 മീറ്ററിൽ കുറഞ്ഞ ദൂരത്ത് വരുന്നതെങ്കിൽ അത് അറിയാൻ സാധിക്കില്ലെന്ന പ്രശ്നം ഈ ആപ്പിനുണ്ട്.