2022 ന്റെ രണ്ടാം പകുതിയിലേക്ക് നമ്മള് കടക്കുകയാണ്. സാംസങ്, ഷവോമി, വണ്‍ പ്ലസ് തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ പഴയ ഫ്ലാഗ്ഷിപ് മോഡലുകള്‍ക്ക് ഡിസ്കൗണ്ട് നല്‍കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ അത്തരത്തില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഒരുങ്ങുന്നയാളാണോ. എങ്കില്‍ ഏത് വാങ്ങണമെന്ന് തീര്‍ച്ചയായും സംശയമുണ്ടാകും. ഏതൊക്കെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്കാണ് ഇപ്പോള്‍ ഓഫറുള്ളതെന്നും മേടിക്കാനൊരുങ്ങുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.
എപ്പോഴാണ് പഴയ മോഡല്‍ ഫ്ലാഗ്ഷിപ്പ് ഫോണ്‍ മേഡിക്കാന്‍ കഴിയുന്നത്?
നല്ല വില വ്യത്യാസമുള്ളപ്പോള്‍
ആദ്യം നോക്കേണ്ടത് ഫോണിന്റെ വില തന്നെയാണ്. നിങ്ങള്‍ മേടിക്കാന്‍ ഉദ്ദേശിക്കുന്ന ഫോണിന്റെ യഥാര്‍ത്ഥ വില 60,000 രൂപയും ഇപ്പോള്‍ ഫോണ്‍ ലഭ്യമായിരിക്കുന്നത് 45,000 രൂപയ്ക്കുമാണെങ്കില് നല്ല ഓഫറാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന സവിശേഷതയ്ക്ക് അനുയോജ്യമായ വിലയായിരിക്കും ഇത്.
ഷവോമി 11 എക്സ് പ്രൊ ഉദാഹരണമായി എടുക്കാം. സ്നാപ്ഡ്രാഗണ്‍ 888 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 2021 ല്‍ പുറത്തിറങ്ങിയപ്പോള്‍ 39,999 രൂപയായിരിന്നു വില. ഇപ്പോള്‍ ഫോണിന്റെ വില 29,999 രൂപയാണ്. ഇത്തരത്തില്‍ മികച്ച ഓഫറുള്ള മറ്റൊരു ഫോണാണ് വണ്‍ പ്ലസ് 9 പ്രൊ. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ ആദ്യ വില 64,999 രൂപയായിരുന്നു. എന്നാല്‍ നിലവില്‍ 49,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും.
മികച്ച ക്യാമറ സവിശേഷതകള്‍ ആവശ്യമാകുമ്പോള്‍
നിങ്ങള്‍ ഒരു മികച്ച ക്യാമറയുള്ള ഫോണാണ് മേടിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പഴയ മോഡല്‍ ഫ്ലാഗ്ഷിപ്പ് ഫോണ്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. കാരണം നിങ്ങള്‍ക്ക് കൂടുതല്‍ പണം ലാഭിക്കാന്‍ സാധിക്കും. പുതിയ മോഡല്‍ ഫോണുകള്‍ക്ക് താരതമ്യേന വില കൂടുതലാണെങ്കിലും ക്യാമറ സവിശേഷതകളില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല.
ഉദാഹരണമായി 2021 ല്‍ പുറത്തിറങ്ങിയ വിവോ എക്സ് 70 സീരിസെടുക്കാം. എക്സ് 80 പുതിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എക്സ് 70യും അതേ നിലവാരം പുലര്‍ത്തുന്നവയാണ്. ഇതുപോലെ തന്നെ സമാനമാണ് വണ്‍ പ്ലസ് 10 പ്രൊയുടേയും 9 പ്രോയുടേയും ക്യാമറകള്‍. ക്യാമറ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പോലും സാധിക്കണമെന്നില്ല.
സവിശേഷതകളില്‍ പുതിയ മോഡലുമായി കാര്യമായ വ്യത്യാസമില്ലാത്തപ്പോള്
ഒരു ഫ്ലാഗ്ഷിപ്പ് ഫോണിന്റെ വേഗതയും പ്രകടനവുമെല്ലാം അതിലെ ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയാണ്. സ്നാപ്ഡ്രാഗണ്‍ 800 സീരിസില്‍ വരുന്ന ചിപ്സെറ്റുകളില്‍ കാര്യമായ അപ്ഡേഷനുകള്‍ ഉണ്ടാകാറില്ല. ഉദാഹരണത്തിന് സ്നാപ്ഡ്രാഗണ്‍ 865, സ്നാപ്ഡ്രാഗണ്‍ 865+, സ്നാപ്ഡ്രാഗണ്‍ 870 എന്നിവയുടെ പ്രകടനം സ്നാപ്ഡ്രാഗണ്‍ 888, സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന് ഒന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്.
Also Read: വാട്ട്സ്ആപ്പില്‍ ഏത് ഇമോജിയും റിയാക്ഷനുവേണ്ടി ഉപയോഗിക്കാം; റിപ്പോര്‍ട്ട്