ന്യൂഡല്‍ഹി: നിര്‍മിതബുദ്ധി(എ ഐ)യുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കാമറകളില്‍നിന്നു രാത്രിയും പകലും മനുഷ്യശരീരത്തെ മറയ്ക്കാന്‍ കഴിയുന്ന ‘അദൃശ്യ മേലങ്കി’ കണ്ടുപിടിച്ച് ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികള്‍. ‘ഇന്‍വിസ് ഡിഫന്‍സ് കോട്ട്’ എന്നാണു കണ്ടുപിടിത്തത്തിനു നല്‍കിയിരിക്കുന്ന പേര്.
സുരക്ഷാ കാമറകളെ കബളിപ്പിക്കുമെങ്കിലും ഈ വസ്ത്രം മനുഷ്യന്റെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയും. വസ്ത്രത്തിലെ പാറ്റേണുകളാണു പകല്‍ സമയത്ത് കാമറകളെ കബളിപ്പിക്കുന്നത്. രാത്രിയിലാവട്ടെ, വസ്ത്രത്തിലെ ചൂട് ഉല്പാദിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്‍ഫ്രാറെഡ് കാമറകളുടെ കാഴ്ച മറയ്ക്കമെന്നു ‘സൗത്ത് മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
”ഇക്കാലത്ത്, നിരവധി നിരീക്ഷണ ഉപകരണങ്ങള്‍ക്കു മനുഷ്യശരീരങ്ങള്‍ കണ്ടെത്താനാകും. റോഡിലെ കാമറകള്‍ക്കു കാല്‍നടയാത്രക്കാരെ കണ്ടെത്താനുള്ള കഴിവുണ്ട്. സ്മാര്‍ട്ട് കാറുകള്‍ക്കു കാല്‍നടയാത്രക്കാരെയും റോഡുകളും തടസങ്ങളും തിരിച്ചറിയാന്‍ കഴിയും. ഞങ്ങളുടെ ഇന്‍വിസ്ഡിഫന്‍സ് നിങ്ങളെ കണ്ടെത്താന്‍ കാമറയെ അനുവദിക്കുന്നു. എന്നാല്‍ നിങ്ങള്‍ മനുഷ്യനാണോയെന്നു പറയാന്‍ കഴിയില്ല,” പദ്ധതിയ്ക്കു മേല്‍നോട്ടം വഹിച്ച വുഹാന്‍ യൂണിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് സ്കൂള്‍ പ്രൊഫസര്‍ വാങ് ഴെങ്ങിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത, മറഞ്ഞുനില്ക്കാന് കഴിയുന്ന പാറ്റേണുള്ള ഇന്‍വിസ്ഡിഫന്‍സ് കോട്ട് കാമറാക്കാഴ്ചയുടെ തിരിച്ചറിയല്‍ അല്‍ഗോരിതം തടസപ്പെടുത്തും. ഈ മേലങ്കി ധരിച്ചയാളെ മനുഷ്യനാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കാമറയെ കബളിപ്പിക്കുകയാണു ചെയ്യുന്നത്. മനുഷ്യശരീരങ്ങളെ, അവയുടെ ചലനത്തിലൂടെയും അതിര്‍രേഖ വിലയിരുത്തിയുമാണു ഒരു നിരീക്ഷണ കാമറ കണ്ടെത്തുന്നത്.
രാത്രിയില്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമേജിങ്ങിലൂടെ മനുഷ്യശരീരങ്ങളെ ട്രാക്ക് ചെയ്യുന്ന കാമറയെ അസാധാരണമായ താപനില പാറ്റേണ്‍ സൃഷ്ടിച്ചാണ് ഇന്‍വിസ് ഡിഫന്‍സ് കോട്ട് ആശയക്കുഴപ്പത്തിലാക്കുന്നത്.
”യുദ്ധരംഗത്ത് ഡ്രോണ്‍വേധ ആക്രമണത്തിലോ മനുഷ്യ-യന്ത്ര ഏറ്റുമുട്ടലിലോ ഇന്‍വിസ് ഡിഫന്‍സ് ഉപയോഗിച്ചേക്കാമെന്നു വസ്ത്രം വികസിപ്പിച്ച സംഘത്തിലെ ഗവേഷക വിദ്യാര്‍ഥിയായ വെയ് ഹൂയ് പറഞ്ഞു.
കണ്ടുപിടുത്തത്തിന് നവംബര്‍ 27 നു നടന്ന ക്രിയേറ്റീവ് വര്‍ക്ക് മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സമ്മാനം നേടി. ചൈന ബിരുദാനന്തര നൂതനത്വ, പരിശീലന മത്സരങ്ങളുടെ ഭാഗമായി നടന്ന പരിപാടി വാവേയ് ടെക്നോളജീസ് കോര്‍പറേഷനാണു സ്പോണ്സര് ചെയ്തത്. ആറായിരം രൂപ(500 ചൈനീസ് യുവാന്‍)യില്‍ താഴെയാണ് ഇന്‍വിസ് ഡിഫന്‍സ് കോട്ടിന്റെ വില.
ഫെബ്രുവരിയില്‍ വാഷിങ്ടണ്ണില്‍ നടക്കുന്ന അസോസിയേഷന് ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-23 (എഎഎഐ-23) സമ്മേളനത്തില്‍ ചൈനീസ് വിദ്യാര്‍ഥികള്‍ ഇന്‍വിസ് ഡിഫന്‍സ് കോട്ട് പദ്ധതി അവതരിപ്പിക്കും. നിര്‍മിതബുദ്ധി മേഖലയിലെ വര്‍ഷം തോറും നടക്കുന്ന പ്രമുഖ രാജ്യാന്തര അക്കാദമിക് സമ്മേളനങ്ങളിലൊന്നാണ് എഎഎഐ.