ബീജിങ്: സ്മാർട്ഫോണില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ വിഡിയോ ഗെയിം കളിച്ച 21കാരിക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. ചൈനീസ് യുവതിക്കാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേര്‍ക്ക് കളിക്കാവുന്ന ‘ഓണര്‍ ഓഫ് കില്ലിങ്’ (Honour of Killing) എന്ന ഏറെ പ്രചാരം നേടിയ ഗെയിമാണ് യുവതി കളിച്ചത്.

ഏകദേശം 24 മണിക്കൂര്‍ അടുത്തപ്പോള്‍ യുവതിയുടെ കണ്ണില്‍ ഇരുട്ട് പടരുന്നതായി തോന്നിയെന്നും കാഴ്ച നഷ്ടപ്പെട്ടെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇവര്‍ക്ക് റെറ്റിനല്‍ ആര്‍ട്ടറി ഒക്ലൂഷന്‍ എന്ന രോഗസ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ വളരെ വിരളമായി കണ്ടുവരുന്നതാണിത്.

എന്നാല്‍ ഏറെ നേരം കണ്ണിന് പണി കൊടുത്തതാണ് ഇതിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബാങ്ക് ജീവനക്കാരിയായ യുവതി ജോലിക്ക് ശേഷം ഏറെ നേരം ഗെയിമില്‍ മുഴുകാറുളളതായി ഡോക്ടര്‍മാരോട് പറഞ്ഞു. ജോലി ഇല്ലാത്ത സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഗെയിം കളിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ചെറുതായൊന്ന് ഉറങ്ങി വീണ്ടും കളി ആരംഭിച്ച് രാത്രി 1 മണിക്കാണ് ഉറങ്ങാറുളളതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ തന്നെ തുടരുന്ന യുവതിക്ക് ഇതുവരെയും പൂര്‍ണമായും കാഴ്ച തിരിച്ചുകിട്ടിയിട്ടില്ല. ചരിത്രത്തിന്റെ പശ്ചാത്തലത്തിലുളള യുദ്ധമാണ് ഓണര്‍ ഓഫ് കില്ലിങ് എന്ന വിഡിയോ ഗെയിം. ചൈനയില്‍ മാത്രം 20 കോടി ഉപയോക്താക്കളുണ്ട് ഈ ഗെയിമിന്. ഉപയോക്താക്കള്‍ ഈ ഗെയിമിന് അടിമപ്പെടുന്നതിനാൽ ചൈനയില്‍ നേരത്തേ ഇതിന്റെ നിരോധനത്തിന് മുറവിളി ഉയര്‍ന്നിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ