സാൻഹോസെ: ആപ്പിളിന്റെ ലോക കോൺഫറൻസിലേക്ക് ക്ഷണം ലഭിച്ചപ്പോൾ പിന്നെ മറിച്ചൊന്ന് ചിന്തിക്കാതെ പുറപ്പെട്ടതാണ് തേനിക്കാരൻ രാജ വിജയരാമൻ. അദ്ദേഹത്തോട് ആപ്പിൾ കമ്പനിയും പറഞ്ഞില്ല, സാൻഹോസെയിൽ വേദിയിൽ അദ്ദേഹത്തെ കാത്ത് ഒരു സമ്മാനം ഇരിപ്പുണ്ടെന്ന കാര്യം.
കോൺഫറൻസിന്റെ ആദ്യ ദിവസം തന്നെ അദ്ദേഹത്തെ തേടിയെത്തിയത് ഒരിക്കലും മറക്കാനാവാത്ത സമ്മാനമായിരുന്നു. രാജ വിജയരാമൻ രൂപകൽപ്പന ചെയ്ത കാൽസി എന്ന കാൽക്കുലേറ്റർ ആപ്ലിക്കേഷന് ആപ്പിളിന്റെ ഡിസൈൻ അവാർഡാണ് ആദ്യ ദിവസം ലഭിച്ചത്.
“ഞാൻ കരുതിയത് ആപ്പിൾ കോൺഫറൻസിൽ എനിക്ക് ഒരുപാട് ആളുകളെ പരിചയപ്പെടാൻ സാധിക്കുമെന്ന് മാത്രമാണ്. ഇത്ര വലിയൊരു അംഗീകാരം കാത്തിരിപ്പുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല,” രാജ പറഞ്ഞു.
ആരെയും അമ്പരപ്പിക്കുന്നതാണ് രാജ വിജയരാജയുടെ ജീവിതവും. തേനി സ്വദേശിയായ അദ്ദേഹം പഠിച്ചത് മെക്കാനിക്കൽ എൻജിനീയറിങ്ങാണ്. പിന്നീട് വിഎഫ്എക്സിലേക്ക് ചുവടുമാറ്റിയ ഇദ്ദേഹം മദിരാശിയിലെ സിനിമ ലോകത്തായിരുന്നു കുറച്ചുകാലം. രജനീകാന്തിന്റേതടക്കമുളള സിനിമകളുടെ അണിയറയിൽ അദ്ദേഹം ഭാഗമായി.
“അന്നാണ് ഞാൻ എന്റെ ആദ്യത്തെ ഐഫോൺ വാങ്ങുന്നത്. ആപ്ലിക്കേഷനുകളെ കുറിച്ച് മനസിലാക്കിയ ശേഷം അവയുടെ കോഡിങ്ങും ഞാൻ പഠിച്ചു. പിന്നീടാണ് കാൽസി ആപ്ലിക്കേഷൻ ഒരുക്കിയത്,” അദ്ദേഹം പറഞ്ഞു.
കാൽസി 3 എന്ന ആപ്ലിക്കേഷന് 159 രൂപയാണ് വില. ഇത് ആപ്പിൾ ഐഫോണുകളിൽ മാത്രമേ ലഭിക്കൂ. അതേസമയം ഈ ആപ്ലിക്കേഷന് പുറകിൽ രാജയ്ക്ക് കരുത്തായി രാജ മാത്രമേ ഉളളൂ. ആപ്ലിക്കേഷന്റെ ആദ്യാവസാനമുളള എല്ലാ പ്രവർത്തനങ്ങളും ഒറ്റയ്ക്ക് ചെയ്ത അദ്ദേഹം 2014 ലാണ് കാൽസിയുടെ ആദ്യ വെർഷൻ പുറത്തിറക്കിയത്.
ആപ്ലിക്കേഷനിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താൻ ആവശ്യം ഉയർന്നെങ്കിലും രാജ അതിന് തയ്യാറായില്ല. ഏറ്റവും സിംപിളായിട്ടാണ് അതിന്റെ ഡിസൈൻ. അനാവശ്യമെന്ന് തോന്നിയതെല്ലാം ഒഴിവാക്കിയാണ് ഇത് ഉണ്ടാക്കിയത്.
മെമ്മറി ഒഴിവാക്കിയ രാജ, എക്സ്പ്രഷൻ വ്യൂവിൽ മുൻ കണക്കുകൾ കാണാനുളള സൗകര്യം ഒരുക്കി. സയന്റിഫിക് കാൽക്കുലേറ്റർ കാൽസി ആപ്ലിക്കേഷൻ സെറ്റിങ്സിലാണ് ഉളളത്. ഇത് ത്രീഡി ടച്ചിലൂടെ മാത്രമേ തുറക്കാനാവൂ. എതായാലും കാൽസിയിൽ രാജയുടെ കണക്കുകൂട്ടലുകൾ കിറുകൃത്യമെന്ന് തെളിഞ്ഞ വേദിയായി ആപ്പിളിന്റെ കോൺഫറൻസ്.