ചന്ദ്രനെ കുറിച്ച് നാം നിരവധി കാര്യങ്ങൾ കേട്ടിട്ടുണ്ട്. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലു കുത്തിയത് വളരെ ആകാംഷയോടെയാണ് നാം കേട്ടിരുന്നത്. എന്നാൽ ചന്ദ്രനിലേക്ക് ഒരു ലിഫ്റ്റ് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് സായ് കിരൺ എന്ന 18 വയസുകാരൻ. ചെന്നൈയിലെ ബ്രിട്ടീഷ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർത്ഥിയാണ് സായി കിരൺ. നാസ ആമെസ് സ്‌പേസ് സെറ്റിൽമെന്റ് മത്സരത്തിലെ ഗ്രേഡ് 12 കാറ്റഗറിയിൽ രണ്ടാം സ്ഥാനമാണ് സായ് കിരണിനെ തേടിയെത്തിയിരിക്കുന്നത്. പ്ളസ്‌ ടു വരെയുളള വിദ്യാർത്ഥികൾക്കായാണ് നാസ മത്സരം നടത്തിയത്.

ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്ന ഒരു ലിഫ്റ്റ് എന്ന ആശയമാണ് സായ് മത്സരത്തിൽ അവതരിപ്പിച്ചത്. നാസയുടെ ആമെസ് ഗവേഷണ കേന്ദ്രവും നാഷണൽ സ്‌പേസ് സെന്ററും ചേർന്ന് പ്ളസ്‌ ടു വരെയുളള വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ചന്ദ്രനിൽ മനുഷ്യവാസം തുടങ്ങാനുളള ആശയങ്ങൾ നിർദേശിക്കാനുളള​തായിരുന്നു മത്സരം.

മത്സരത്തെ കുറിച്ചറിഞ്ഞത് മുതൽ അതിന്റെ തയ്യാറെടുപ്പിലായിരുന്നു സായ്. 2013 തൊട്ട് ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ തുടങ്ങി. കണക്‌ടിങ് മൂൺ, എർത്ത് ആന്റ് സ്‌പേസ് എന്നാണ് തന്റെ പ്രൊജക്‌ടിന് ഈ പതിനെട്ടുകാരൻ പേര് നൽകിയത്.

മനുഷ്യനെയും അവർക്ക് ജീവിക്കാനാവശ്യമായ സാധനങ്ങളും ചന്ദ്രനിലെത്തിക്കാനുളള ലിഫ്‌റ്റ് ഉണ്ടാക്കുകയെന്ന ആശയമാണ് പ്രൊജക്‌ടിന്റെ ആദ്യ ഭാഗത്തിൽ പറയുന്നത്. കൂടാതെ കൃഷി, വിനോദം തുടങ്ങിയ വിഷയങ്ങളും സായിയുടെ പ്രൊജക്ടിൽ പ്രതിപാദിക്കുന്നുണ്ട്.

സായ് കിരണിനു പുറമേ 138 ഇന്ത്യൻ വിദ്യാർഥികൾക്കും വിവിധ ഗ്രേഡുകളിലായി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ