100 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി ഓപ്പൺ എഐയുടെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി. നവംബറിൽ ആരംഭിച്ച ചാറ്റ്ജിപിടി രണ്ടു മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 100 ദശലക്ഷം ഉപയോക്താക്കളെ മറിക്കടക്കാൻ, ഫെയ്സ്‌ബുക്കിന് നാല് വർഷവും സ്‌നാപ്ചാറ്റിനും മൈസ്‌പേസിനും മൂന്ന് വർഷവും ഇൻസ്റ്റഗ്രാമിനു രണ്ടു വർഷവും ഗൂഗിളിന് ഏകദേശം ഒരു വർഷവും വേണ്ടിവന്നിരുന്നു.
ലോഞ്ച് ചെയ്തതു മുതൽ ഇന്റർനെറ്റിൽ തരംഗമായി കൊണ്ടിരിക്കുന്ന ചാറ്റ്ബോട്ടിന്റെ കുതിച്ചുയരുന്ന ജനപ്രീതിയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ നേട്ടം ഇന്റർനെറ്റ് ആപ്ലിക്കേഷനുകളുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായി ചാറ്റ്ജിപിടിയെ മാറ്റി.
നവംബർ 30നാണ് ഓപ്പൺ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ഉപയോക്താക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ചാറ്റ്ബോട്ടിന്റെ ബുദ്ധിപരവും മനുഷ്യസമാനമായതുമായ പ്രതികരണങ്ങൾ പ്രൊഫഷണലുകളെയും വിദഗ്ധരെയും ചാറ്റ്ജിപിടിയെ സമീപിക്കുന്നതിന് കാരണമാക്കി. സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായ ചാറ്റ്ജിപിടിയ്ക്കു ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് മുതൽ സങ്കീർണമായ കോഡിങ് പ്രശ്നങ്ങൾ വരെ പരിഹരിക്കാൻ സാധിക്കും.
ചാറ്റ്ജിപിടിയുടെ വ്യാപകമായ സ്വീകാര്യതയെത്തുടർന്ന്, മൈക്രോസോഫ്റ്റ് ടീംസ് പോലെയുള്ള ആപ്ലിക്കേഷനുകൾ അതിന്റെ ഇന്റർഫേസിലേക്കു ചാറ്റ്ജിപിടി സംയോജിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മൈക്രോസോഫ്റ്റ് തന്റെ സമീപകാല ബ്ലോഗ് പോസ്റ്റിൽ, ചാറ്റ്ജിപിടി ഉടൻ തന്നെ ടീംസിന്റെ പ്രീമിയം ഉപയോക്താക്കളെ സഹായിക്കാനെത്തുമെന്നു പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ നടത്തുന്ന മീറ്റിങ്ങുകളും മറ്റു ജോലികളും ചാറ്റ്ബോട്ട് ലളിതമാക്കുമെന്നാണു റിപ്പോർട്ട്.
ചാറ്റ്ജിപിടിയുടെ വർധിച്ചുവരുന്ന സ്വീകാര്യത ആപ്ലിക്കേഷന്റെ ഗുണങ്ങളെയും ദോഷങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചർച്ചയ്ക്കു കാരണമായി. പല സംഘടനകളും പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ കോപ്പിയടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ മറ്റു പല സ്ഥാപനങ്ങളും ചാറ്റ്ജിപിടിയെ തുറന്ന മനസ്സോടെ സ്വീകരിച്ചു.
ബസ്‌ഫീഡ് പോലുള്ള വാർത്താ ഓർഗനൈസേഷനുകൾ ചാറ്റ്ജിപിടിയുടെ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിനു ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ മെറ്റയുമായി 10 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പിട്ടതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഫോർബ്സ് ചാറ്റ്ബോട്ടിനെ നിരോധിച്ചു.
തുടക്കത്തിൽ, സൗജന്യ ആപ്ലിക്കേഷനായാണു ചാറ്റ്ജിപിടി ആരംഭിച്ചതെങ്കിലും രണ്ടു മാസത്തിനുള്ളിൽ പൈലറ്റ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ഓപ്പൺ എഐ അവതരിപ്പിച്ചു, ഇത് ചാറ്റ്ജിപിടിയുടെ വേഗതയേറിയ പതിപ്പാണ്. പ്രീമിയം പതിപ്പിന് ഉപയോക്താക്കൾ മാസം 20 ഡോളർ നൽകണം.
എന്താണ് ചാറ്റ്ജിപിടി?
നിർമിത ബുദ്ധി (എ ഐ) സഹായത്തോടെ ഉപഭോക്താക്കളോട് ടെക്സ്റ്റ് രൂപത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ). എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളെയാണ് ചാറ്റ് ബോട്ട് എന്ന് പറയുന്നത്.
നവംബർ 30നാണ് ചാറ്റ്ജിപിറ്റിയുടെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. 2021 വരെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡേറ്റയെ വിലയിരുത്തുകയാണ് ഈ ബോട്ട് ചെയ്യുന്നത്. ‘ഞാൻ നിങ്ങളെ സഹായിക്കട്ടെ’ എന്ന ചോദ്യവുമായി ചില ബാങ്ക് വെബ്സൈറ്റുകളിലും മറ്റും വരുന്ന പോപ്പ് അപ്പുകൾ ചാറ്റ് ബോട്ടിന് ഉദാഹരണമാണ്.