/indian-express-malayalam/media/media_files/uploads/2023/08/chandrayaan-3-crop.jpg)
ചന്ദ്രയാന്‍ -3: വിക്രം ലാന്‍ഡറെയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്താനുള്ള ശ്രമം, പ്രതികരണമില്ലെന്ന് ഐഎസ്ആര്‍ഒ |ഫൊട്ടോ; ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് പേടകത്തെ ഉണര്‍ത്താന്‍ വൈകുന്നതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
''വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും അവരുടെ ഉണര്‍ന്നിരിക്കുന്ന അവസ്ഥ അറിയാന്‍ ആശയവിനിമയം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിലെ പകല്‍ സമയം അവസാനിച്ചതിനാല്‍, ചന്ദ്രനില്‍ അതിന്റെ ആയുസ്സ് നീട്ടുമെന്ന പ്രതീക്ഷയില്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഏകദേശം രണ്ടാഴ്ച മുമ്പ് ഐഎസ്ആര്‍ഒ ഹൈബര്‍നേഷന്‍ മോഡില്‍ ഇട്ടിരുന്നു. തുടര്‍ന്ന് ലാന്‍ഡറും റോവറും സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് സ്ലീപ്പ് മോഡിലേക്ക് മാറ്റി.
ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാനുള്ള സാധ്യതയില്ലെങ്കിലും അവ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കുകയാണെങ്കില്‍, മൊഡ്യൂളുകള്‍ക്ക് കുറഞ്ഞത് 14 ഭൗമദിനങ്ങള്‍ കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി 'സോഫ്റ്റ് ലാന്‍ഡിംഗ്' വിജയകരമായി നടത്തി ചന്ദ്രയാന്‍-3 ദൗത്യം ഓഗസ്റ്റ് 4 നാണ് ചരിത്രം സൃഷ്ടിച്ചത്.
ചന്ദ്രനിലെ രാത്രിയെ അതിജീവിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങള്‍ സാധാരണയായി ചില ഓണ്‍ബോര്‍ഡ് ഹീറ്റിങ് സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ പരാജയപ്പെട്ട റഷ്യയുടെ ലൂണ -25 ന് അത്തരമൊരു സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍-3 ക്ക് ഒരു ചാന്ദ്ര ദിനത്തിനപ്പുറം ആയുസ്സില്ല. എന്നിരുന്നാലും, ചന്ദ്രയാന്‍ -3 ന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങള്‍ അവസാനിച്ചതോടെ, ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഐഎസ്ആര്‍ഒ സാധ്യതകള്‍ തേടുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.