ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളിലൊന്നായ ആപ്പിളിനെ ഇന്ത്യയിലെത്തിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനത്തില്‍ ചിലതെല്ലാം ചൈനയ്ക്ക് പുറത്തേക്കെത്തിക്കാന്‍ ആപ്പിള്‍ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം സാധ്യതകള്‍ തേടുന്നത്. ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ നിര്മ്മാണാത്തിനായുള്ള ശേഷി വിപുലീകരിക്കുന്നതിനായി കേന്ദ്രം ഒന്നിലധികം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ച വിവരം.
കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിക്ഷേപം എത്തിക്കാനുള്ള താത്പര്യം അറിയിച്ചതായാണ് സൂചന. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് ഇന്ത്യയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
“ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ നിർമ്മാണം എന്നിവയിലെ അവസരങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി ഞങ്ങൾ എല്ലാ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പല സംസ്ഥാനങ്ങളും ഇതിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്,” കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇതിന്റെ ഭാഗമായി, ഉത്പാദന പ്ലാന്റുകളിലെ തൊഴിലാളികളുടെ ഡോർമിറ്ററികളുടെ മാതൃകകൾ പര്യവേക്ഷണം ചെയ്യാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ സജ്ജീകരണങ്ങൾ ആഗോള നിലവാരത്തിലുള്ളതാണെന്ന് ഉറപ്പാക്കാൻ അവർക്ക് ചെയ്യാന്‍ കഴിയുന്നത് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഐടി ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പുനഃക്രമീകരിക്കുന്നത് മുതൽ രാജ്യത്ത് ഉത്പാദന ശാലകള്‍ സ്ഥാപിക്കുന്നതിന് ആഗോള കമ്പനികളെ ആകർഷിക്കുന്നതിനുള്ള നയപരമായ ഇടപെടലുകള്‍ക്കായി കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
ചൈനീസ് നഗരമായ ഷെങ്ഷൗവിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ നിർമ്മാണ ശാലയില്‍ പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളായിരുന്നു ഇതിന് കാരണം. അതിനാലാണ് പുതിയ രാജ്യങ്ങളില്‍ നിര്‍മ്മാണം ആരംഭിക്കാൻ ആപ്പിള്‍ പദ്ധതിയിടുന്നത്.