കാനണ്‍ 6 ഡിയുടെ പരിഷ്‌കരിച്ച പതിപ്പായ കാനണ്‍ 6ഡി മാര്‍ക്ക് 2 അവതരിപ്പിച്ചു. പ്രൊഫഷണല്‍- അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത മോഡല്‍ പോര്‍ട്രയിറ്റ്- യാത്രാ ഫോട്ടോഗ്രഫിക്ക് മികച്ച ഉപകരണമാണ്.

26.3 മെഗാപിക്സല്‍ സിഎംഒഎസ് ആയി ക്യാമറയുടെ സെന്‍സര്‍ ഉയര്‍ത്തിയിട്ടുണ്ട്. എക്സ്പോഷര്‍ വ്യാപ്തി ഉയര്‍ത്തിയത് വെളിച്ചക്കുറവുളള സാഹചര്യത്തിലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായകരമാണ്. പരമാവധി ഐഎസ്ഒ സെന്‍സിറ്റിവിറ്റി 40000 എന്നത് എക്സ്റ്റന്‍ഡ് ചെയ്യുമ്പോള്‍ 102,400 ആണ്. 6 ഡി യുടെ ഏറ്റവും വലിയ പോരായ്മ ആയിരുന്നു 11 ഏരിയ ഓട്ടോ ഫോക്കസ് പോയന്റ്‌സ്. മാര്‍ക്ക് II വില്‍ 45 ഏരിയ ഓട്ടോ ഫോക്കസ് പോയ്ന്റ്‌സ് ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോക്കസിംഗ് സ്പീഡിന് ഇത് വളരെയധികം സഹായകമാകും.

5ആക്‌സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനവും ക്യാമറയിലുണ്ട്. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ 5ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഇലക്കമുളളപ്പോഴും കൃത്യമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും. കാനന്‍ ഫുള്‍ ഫ്രെയിം ക്യാമറയില്‍ ആദ്യമായിട്ടാണ് 5ആക്‌സിസ് ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉള്‍പ്പെടുത്തുന്നത്.

പൊടിയും വെള്ളവും കയറാതെ സഹായിക്കുന്ന വെതര്‍ സീല്‍ഡ് സംവിധാനവും മോഡലിന്റെ സവിശേഷതയാണ്. ഇരട്ട പിക്‌സല്‍ സിഎംഒഎസ് ഓട്ടോ ഫോക്കസിംഗ് വസ്തുവിനെ ട്രാക്ക് ചെയ്ത് മികച്ച ഫോട്ടോ പകര്‍ത്താന്‍ സഹായകമാണ്.

ടച്ച് ചെയ്ത് സെറ്റിംഗ്സ് മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഡിസ്പ്‍പ്ലെ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്പ്‍പ്ലെയില്‍ തൊട്ട് ഫോക്കസ് ചെയ്യാനും ഈ സൗകര്യത്തിലൂടെ സാധിക്കും. വൈഫൈ · ബ്ലൂടൂത്ത് സംവിധാനം ലഭ്യമാക്കുന്ന ക്യാമറയില്‍ ചിത്രങ്ങളും വീഡിയോയും എത്രയും പെട്ടെന്ന് തന്നെ കോപ്പി ചെയ്യാനോ മൂവ് ചെയ്യാനോ സഹായകമാകും. അതു പോലെ ഫോണുമായി കണക്ട് ചെയ്ത് ഷൂട്ടിംഗ് നിയന്ത്രിക്കാനും സൗകര്യമുണ്ട്.

ക്യാമറയില്‍ ജിപിഎസ് സംവിധാനം ഉള്‍പ്പെടുത്തിയത് ചിത്രങ്ങള്‍ ഏത് സ്ഥലത്ത് വെച്ച് എടുത്തതാണെന്ന് തിരിച്ചറിയാനും സഹായിക്കും. 144.0 x 110.5 x 74.8 മില്ലിമീറ്ററാണ് ക്യാമറയുടെ വലുപ്പം. 1999 ഡോളര്‍ വിലയുളള ക്യാമറ ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഏകദേശം 1,20,000 രൂപയ്ക്ക് ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook