ന്യൂഡല്‍ഹി: പ്രീ പെയ്ഡ് കോള്‍, ഡേറ്റ നിരക്കുകള്‍കുത്തനെ ഉയര്‍ത്തി രാജ്യത്തെപ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 42 ശതമാനം വരെയാണു വോഡഫോണ്‍ വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നു മുതല്‍ ഇരു കമ്പനികളുടെയും പുതിയ നിരക്കുകള്‍ നിലവില്‍ വരും.

നേരത്തെയുള്ളവയ്ക്കു പകരം 49,79,149,249,299,379,399,599,699,1499,2399 രൂപയുടെ പ്ലാനുകളാണു വോഡഫോണ്‍ ഐഡിയ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട്, 28, 84, 365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ളവയാണ് ഈ പ്ലാനുകള്‍. ഇവയെല്ലാംനിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42ശതമാനം വര്‍ധനവോടെയുള്ളതാണ്. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രസ്താവനയിലൂടെയാണ് കമ്പനി അറിയിച്ചത്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കു മിനുട്ടിന് ആറു പൈസ ഈടാക്കും.

Read Also:  ഒരിക്കലും ഹിന്ദുത്വ ആശയം ഉപേക്ഷിക്കില്ല: ഉദ്ധവ് താക്കറെ

എയര്‍ടെല്‍ 50 പൈസ മുതല്‍ 2.85 രൂപ വരെയാണു ദിവസനിരക്കില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളിന് മിനുട്ടിന് ആറ് പൈസ ഈടാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 50,922 കോടിയുടെ നഷ്ടമാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനുള്ളത്. ഇതേത്തുടര്‍ന്നാണ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ഏതൊരു കോര്‍പ്പറേറ്റും നേടിയ ഏറ്റവും ഉയര്‍ന്ന ത്രൈമാസ നഷ്ടമാണിത്.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഇതിന് പുറമെയാണ് ലൈസന്‍സ് ഫീ, സ്പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നിവയടക്കം 44000 കോടി നല്‍കാന്‍ കമ്പനിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

രാജ്യത്തെ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ ജിയോയുടെ കടന്നുവരവാണ് വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കു തിരിച്ചടിയായത്. ഇരു കമ്പനികളുടെയും സമ്മര്‍ദത്തെത്തുടര്‍ന്നു ജിയോയും നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജിയോയുടെ പുതിയ പ്ലാനുകള്‍ ഡിസംബര്‍ ആറിനു നിലവില്‍ വന്നേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook