സ്മാർട്ട് വാച്ചുകൾ ഇപ്പോൾ വിപണിയിൽ ആവശ്യക്കാർ വർധിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ്. സ്മാർട്ട് വാച്ചുകൾ എന്ന് നമ്മൾ ഇന്ന് വിശേഷിപ്പിക്കുന്ന ധാരാളം വെയറബിളുകൾ ഉപകരണങ്ങൾ വിപണിയിലുണ്ട്. നിങ്ങളുടെ ശാരീരികക്ഷമത ട്രാക്കുചെയ്യാനും വിവിധ അറിയിപ്പുകൾ കാണിക്കാനും നിങ്ങളുടെ ഫോണിൽനിന്ന് കോളുകൾ സ്വീകരിക്കാനും കഴിയുന്ന ധരിക്കാവുന്ന ബാൻഡുകളും വാച്ചുകളും ഇന്ന് പല രൂപത്തിലും വലുപ്പത്തിലും വിലയിലും ലഭ്യമാണ്.
10,000 രൂപയിൽ താഴെയുള്ള ഒരു ബജറ്റ് സ്മാർട്ട് വാച്ച് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ അതിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.
ഗുണ നിലവാരം
ഒരു നല്ല ബജറ്റ് സ്മാർട്ട് വാച്ചിന് ദൃഢമായതരത്തിലുള്ള നിർമാണ നിലവാരം ഉണ്ടായിരിക്കണം. വാച്ച് നിങ്ങളുടെ കൈയിൽ ധരിച്ചാൽ അത് വിലകുറഞ്ഞ ഉൽപ്പന്നമായി അനുഭവപ്പെടരുത്. പെട്ടെന്ന് ഇളകാവുന്നതോ അല്ലെങ്കിൽ മൃദുവായതോ ആയ ബട്ടണുകൾ, അയഞ്ഞ സ്ട്രാപ്പുകൾ, വലിയ ഫ്രെയിമിനകത്തുള്ള ഗുണനിലവാരമില്ലാത്ത ഡിസ്പ്ലേ എന്നിവ കണ്ടാൽ ആ സ്മാർട്ട് വാച്ച് ഒഴിവാക്കുന്നതാണ് നല്ലത്. മികച്ച രീതിയിൽ നിർമിക്കപ്പെട്ട വാച്ച് തിരഞ്ഞെടുക്കുക. ദൃഢമായ മെറ്റൽ അല്ലെങ്കിൽ ഹാർഡ് പ്ലാസ്റ്റിക് ഫ്രെയിമുള്ള വാച്ച് പരിഗണിക്കുക.
സ്ക്രീൻ വളരെ വലുതല്ലെങ്കിലും, കുറഞ്ഞ ബെസലുകളുള്ള ഒരു സ്മാർട്ട് വാച്ച് പരിഗണിക്കുക. നിങ്ങൾ പിന്നീട് വാച്ചിലെ സ്ക്രീൻ എങ്ങനെ ക്രമീകരിച്ചാലും അത് ഭംഗിയോടെ കാണപ്പെടാൻ ഇത് സഹായിക്കും. കൂടാതെ, കൂടുതൽ പണം ചിലവഴിക്കുകയാണെങ്കിൽ പരിഗണിക്കേണ്ടത് അമോലെഡ് ഡിസ്പ്ലേ പാനലാണോ വാച്ചിൽ എന്നതാണ്. അത് മികച്ച രീതിയിൽ നിറങ്ങളെ കാണിക്കും. പരസ്പരം മാറ്റാവുന്ന വാച്ച് സ്ട്രാപ്പുകളുണ്ടോ എന്നും നോക്കുക. അത് നിലവിലുള്ള സ്ട്രാപ്പ് തകരാറിലാക്കിയാൽ എളുപ്പത്തിൽ മാറ്റാൻ നിങ്ങളെ സഹായിക്കും.
ഫീച്ചറുകൾ
ഓരോ സ്മാർട്ട് വാച്ചിലും ഹൃദയമിടിപ്പ്, നടക്കുകയോ ഓടുകയോ ചെയ്യുമ്പോഴുള്ള കാലടികൾ തുടങ്ങിയ അളക്കാനും രേഖപ്പെടുത്താനുമുള്ള ട്രാക്കർ പോലുള്ള ചില അവശ്യ ഫീച്ചറുകൾ ഉണ്ടായിരിക്കും. എന്നിരുന്നാലും, എസ്പിഒടു സെൻസർ അല്ലെങ്കിൽ സ്ലീപ്പ് ട്രാക്കിംഗ് പോലുള്ള ഫീച്ചറുകളുമുള്ള വാച്ചിനായി അന്വേഷിക്കുക. നല്ല ഒരു ബജറ്റ് സ്മാർട്ട് വാച്ചിൽ നിരവധി വാച്ച് ഫെയ്സുകളും ഒരു ഓട്ടോ ബ്രൈറ്റ്നെസ് സെൻസറും ഉണ്ടായിരിക്കും.
ശാരീരികക്ഷമത നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെങ്കിൽ, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വാച്ചിലെ പ്രത്യേക ഫിറ്റ്നസ് മോഡുകൾ പരിശോധിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന കായിക പ്രവർത്തനങ്ങളോ അല്ലെങ്കിൽ വ്യായാമങ്ങളോ സ്മാർട്ട് വാച്ചിൽ പിന്തുണയ്ക്കുന്നതാണെങ്കിൽ, നിങ്ങൾക്ക് അവ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടു പോവാൻ സാധിക്കും.
കൃത്യമായ ട്രാക്കിംഗ് ഫലങ്ങൾ
എല്ലാ സ്മാർട്ട് വാച്ചുകളിലും മുഴുവൻ സമയവും ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ അളവ്, ഫിറ്റ്നസ് സംബന്ധിയായ മറ്റ് വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തും. എന്നാൽ നിങ്ങൾ വാങ്ങിയ സ്മാർട്ട് വാച്ച് കൃത്യമായ ഫലങ്ങളാണ് രേഖപ്പെടുത്തുന്നതെന്ന് ഉറപ്പിക്കാനാവില്ല. വിവിധ സ്മാർട്ട് വാച്ചുകളിലെ ട്രാക്കിംഗ് എത്രത്തോളം കൃത്യമാണെന്നും എത്രത്തോളം കൃത്യതയില്ലാത്തതാണെന്നുമുള്ള ആളുകളുടെ റിവ്യൂ പരിശോധിച്ച ശേഷം സ്മാർട്ട് വാച്ചിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലത്.
സോഫ്റ്റ്വെയർ, ആപ്പുകൾ
സ്മാർട്ട് വാച്ചുകൾ അവ ഏത് സോഫ്റ്റ്വെയറിലാണോ പ്രവർത്തിക്കുന്നത് അതനുസരിച്ച് അവയിൽ മാറ്റം വരുന്നു. 10,000 രൂപയിൽ താഴെയുള്ള വിലയിൽ ഗൂഗിൾ വെയർ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ച് നിങ്ങൾക്ക് വാങ്ങാൻ കഴിഞ്ഞേക്കില്ല. എങ്കിലും ഉപയോഗിക്കാൻ എളുപ്പമുള്ള നല്ല സോഫ്റ്റ്വെയറിനായി നോക്കുക. ഒപ്പം ഫീച്ചറുകളും പരിഗണിക്കുക.
സ്മാർട്ട് വാച്ചിന്റെ പൂർണ്ണ ശേഷിക്ക് ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന കമ്പാനിയൻ ആപ്ലിക്കേഷനും അതുപോലെ തന്നെ പ്രധാനമാണ്. കമ്പാനിയൻ ആപ്ലിക്കേഷനും ഉപയോഗിക്കാൻ ബുദ്ധിമുട്ടില്ലാത്തതാണെന്ന് ഉറപ്പാക്കുക.
ബാറ്ററി ശേഷി
ഒരൊറ്റ ചാർജിൽ നിങ്ങളുടെ വാച്ച് എത്ര നേരം പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി എന്ന് പരിശോധിക്കുക. ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ, മിതമായ ഉപയോഗത്തിൽ കുറഞ്ഞത് 15-20 ദിവസമെങ്കിലും ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന വാച്ചുകൾ നോക്കുക. നിങ്ങളുടെ സ്മാർട്ട് വാച്ചിൽ ലഭ്യമായ ഫീച്ചറുകൾ അനുസരിച്ച് കൂടുതൽ ഫീച്ചറുകളുള്ളതും എന്നാൽ 3-7 ദിവസത്തെ ബാറ്ററി ലൈഫ് ഒരു ചാർജിൽ ലഭിക്കുന്നതുമായയ വാച്ചുകളും നിങ്ങൾക്ക് നോക്കാം.
ഫീച്ചറുകളും ബാറ്ററി ലൈഫും പരിഗണിച്ച് നിങ്ങൾക്ക് സ്മാർട്ട് വാച്ച് വാങ്ങാവുന്നതാണ്. നിങ്ങളുടെ ഉപയോഗം അടിസ്ഥാന ആവശ്യങ്ങൾക്കാണെങ്കിൽ, കുറഞ്ഞ ഫീച്ചറുകളുള്ളതും എന്നാൽ കൂടുതൽ ബാറ്ററി ലൈഫ് ഉള്ളതുമായ ഒരു സ്മാർട്ട് വാച്ച് വാങ്ങുന്നത് പരിഗണിക്കാം.. മറുവശത്ത്, ബ്ലൂടൂത്ത് കോളിംഗ്, മുഴുവൻ സമയ ട്രാക്കിംഗ് പോലുള്ള ഫീച്ചറുകൾ നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെങ്കിൽ ബാറ്ററി ശേഷിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാം.