ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് ടെലിഫോൺ സർവ്വീസുമായി ബിഎസ്എൻഎൽ രംഗത്ത്. ബിഎസ്എൻഎല്ലിന്റെ വിങ്ങ്സ് മൊബൈൽ ആപ്പിലൂടെ ഇന്ത്യയിൽ ഉടനീളം ഏത് ഫോൺ നമ്പറിലേക്കും വിളിക്കാനാവും.

ഈ വർഷം ജൂലൈയിലാണ് ബിഎസ്എൻഎൽ വിങ്ങ്സ് ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഏത് മൊബൈൽ നമ്പറിലേക്കും സൗജന്യ വോയ്സ് കോൾ ചെയ്യാനാകുമെന്നതാണ് പ്രത്യേകത. ഇതിന് വിങ്സ് ആപ് കോൾ വിളിക്കുന്നയാളുടെ കൈവശം മാത്രം ഉണ്ടായാൽ മതി. മറ്റ് ആശയവിനിമയ ആപ്പുകളെ അപേക്ഷിച്ച് വിങ്സിനെ വേറിട്ടതാക്കുന്നതും ഇതാണ്.

അതേസമയം വീഡിയോ കോൾ വിളിക്കാൻ വിങ്സ് ആപ്പ് മറുവശത്തെ ആളുടെ ഫോണിലും വേണം. വിങ്സ് ആപ്പിലൂടെ ഇന്ത്യക്ക് പുറത്തെ നമ്പറിലേക്ക് വോയ്‌സ് കോൾ വിളിക്കാൻ 2,000 രൂപ അധികം നൽകണം.

വിഡിയോ കോൾ സൗകര്യം വിങ്ങ്സിൽ ഒരുക്കിയിട്ടുണ്ടെങ്കിലും നിലവിൽ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും ലഭ്യമല്ല. ബിഎസ്എൻഎൽ വിങ്ങ്സ് പുറത്തിറക്കി രണ്ടാഴ്ചക്കം 4,000 ബുക്കിങ്ങ് പിന്നിട്ടു എന്നാണ് റിപ്പോർട്ട്.

എന്താണ് ബിഎസ്എൻഎൽ വിങ്സ് ?

ഈ ചോദ്യം പലരിലും അവശേഷിക്കുന്നുണ്ടാകും. ബിഎസ്എൻഎൽ പുറത്തിറക്കിയ ഇന്റർനെറ്റ് ടെലിഫോൺ സർവ്വീസാണ് ബിഎസ്എൻഎൽ വിങ്സ്. മൊബൈലിൽ വിങ്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ​ ഏത് നമ്പറിലേക്കും വിളിക്കാം.

വിളിക്കുന്ന ആളുടെ ഫോണിൽ വിങ്സ് ആപ്പ് വേണെമന്ന നിർബന്ധമില്ല. എന്നാൽ വീഡിയോ കോൾ ചെയ്യണമെങ്കിൽ​ രണ്ടു ഫോണിലും വിങ്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ബിഎസ്എൻഎൽ വിങ്ങ്സ് പ്രവർത്തിക്കുന്നതിന് ഇന്റർനെറ്റോ, മൊബൈൽ ഡാറ്റായോ വേണം. 3ജി/4ജി ഡാറ്റാ നെറ്റ്‌വർക്ക് അല്ലെങ്കിൽ വൈഫൈയോ ഉപയോഗിച്ച് വിങ്സ് വഴി വിളിക്കാം.

വിങ്സ് കണക്ഷനായി ഉപഭോക്താകൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഒറ്റ തവണ രജിസ്റ്ററേഷന് 1,099 രുപ ഒടുക്കണം. മൊബൈൽ ഫോൺ, ലാപ്ടോപ്പ്,നോട്ട്ബുക്ക് എന്നിവയിൽ വിങ്സ് ആപ്പ് ഉപയോഗിക്കാം. അന്താരാഷ്ട്ര കോളിനായി 2000 രൂപ അധികമായി നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook