ന്യൂഡല്‍ഹി: വമ്പൻ ഓഫർ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. 333 രൂപയ്ക്ക് ഡാറ്റ റീ ചാർജ് ചെയ്താൽ 90 ദിവസ കാലാവധിയിൽ 270 ജിബി ത്രീജി ലഭിക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസേന 3 ജിബി വീതമായിരിക്കും ഈ പ്ലാനിൽ ലഭിക്കുക.

‘ദില്‍ കോല്‍ കെ ബോല്‍’ എന്ന പേരില്‍ 349 രൂപയുടെ മറ്റൊരു പ്ലാനും ‘നെഹലേ പെ ദേഹല’ എന്ന പേരിൽ 395 രൂപയുടെ പ്ലാനും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 349 രൂപയുടെ പ്ലാനിൽ ലോക്കല്‍, എസ്ടിഡി കോളുകള്‍ അണ്‍ലിമിറ്റഡായിരിക്കും. ഇവയ്ക്കൊപ്പം ത്രീ ജി സ്പീഡില്‍ 2 ജിബി ഡാറ്റ എല്ലാ ദിവസും ലഭിക്കും. 2 ജിബി ഡാറ്റയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വേഗത സെക്കന്‍ഡില്‍ 80 കിലോബൈറ്റായി കുറയും. 28 ദിവസമാണ് വാലിഡിറ്റി.

395 രൂപയുടെ പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റ വീതം ലഭിക്കും. കൂടാതെ ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് 3000 മിനിറ്റ് സൗജന്യ കോളുകളും മറ്റു നെറ്റ്‌വർക്കുകളിലേക്ക് 1800 മിനിറ്റും സൗജന്യ കോളുകൾ ലഭിക്കും. 71 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കെല്ലാം മൂന്നു പ്ലാനുകളും ലഭിക്കും.

ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ വെല്ലുവിളി ഉയർത്താനാണ് ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുളളത്. 309, 509 രൂപയുടെ റീ ചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം ഒരു ജിബി, 2 ജിബി ലഭിക്കുന്ന പ്ലാനാണ് ജിയോയുടെ ധൻ ധനാ ധൻ പ്ലാൻ. ജിയോയുടെ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ