കേരളത്തില്‍ ബിഎസ്എന്‍എല്ലിന്‍റെ 4ജി സേവനം ആരംഭിച്ചു. ഇടുക്കിയിലാണ് 4ജി സേവനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം എന്നീ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭിക്കുക.

വൈകാതെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായി ബിഎസ്എന്‍എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ബി എസ് എൻ എൽ സി.എം.ഡി അനുപം ശ്രീവാസ്തവയെ ആദ്യകാൾ വിളിച്ച് 4 ജി പ്ലാൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ബാക്കി സ്ഥലങ്ങളിലും ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോക്ടർ പി.ടി. മാത്യു പറഞ്ഞു.
സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്തതാവിനു കൂടിയ ഡാറ്റാ വേഗതയോടൊപ്പം മികച്ച അനുഭവവും പ്രദാനം ചെയ്യുന്നതാണ് ഈ പദ്ധതിയെന്ന് ജനറൽ മാനേജർ ഡോ. എസ്. ജ്യോതി ശങ്കർ അറിയിച്ചു.

ഉപഭോക്താവിന്റെ തിരഞ്ഞെടുത്ത ഒരു ലാൻഡ്‌ലൈൻ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കൽ/STD/ റോമിംഗ് കാളുകൾ വിളിക്കാൻ കഴിയുന്ന മൈബൈൽ ഹോം പ്ലാനും ആരംഭിച്ചു. ഉപഭോക്താവിന് തന്രെ ലാൻഡ്‌ലൈൻ നമ്പറിനോട് അവസാനത്തെ ആറക്കങ്ങൾ വരെ സാമ്യമുള്ള മൊബൈൽ നമ്പർ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അദ്ധ്യക്ഷ ശോഭ കോശിയ്ക്കു `ഹോം പ്ലാൻ 67 ന്രെ ആദ്യ സിം നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റർനാഷണൽ മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിങ് സൗകര്യവും ബിഎസ്എൻഎൽ ഇന്ന് മുതൽ ആരംഭിച്ചു.

ഹോം പ്ലാൻ 67 ന്റെ പ്ലാനിന്റെ പ്രത്യേകതകൾ
ലാൻഡ്‌ലൈൻ നമ്പറിനോട് സാമ്യമുള്ള മൊബൈൽ നമ്പർ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 67 രൂപയുടെ 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ഇന്ത്യയിൽ എവിടേക്കും റോമിങ് ഉൾപ്പെടെ ബി എസ് എൻ എൽ കോളുകൾക്ക് സെക്കന്റിന് ഒരു പൈസയും മറ്റു കോളുകൾക്ക് സെക്കന്റിന് 1.2 പൈസയുമാണ് നിരക്ക്.

ഇരുപതു രൂപയുടെ സംസാരമൂല്യവും 500 MB ഡാറ്റയും ആദ്യമാസം സൗജന്യമായി ലഭിക്കും. 10 KBക്ക് ഒരു പൈസ എന്നതായിരിക്കും ഡാറ്റാ നിരക്ക്. 110, 200, 500, 1000 എന്നീ ടോപ്അപ്പുകൾക്ക് മുഴുവൻ സംസാരമൂല്യം ലഭിക്കും. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി സ്കീം പ്രകാരം ഈ പ്ലാനിൽ നിന്നും ഏതെങ്കിലും നാല് ലോക്കൽ നമ്പറുകളിലേക്ക് ബി.എസ്.എൻ.എൽ നമ്പറിന് മിനിട്ടിന് 20 പൈസ നിരക്കിലും മറ്റ് നമ്പറുകളിലേയ്ക്ക് മിനിട്ടിന് 30 പൈസ നിരക്കിലും വിളിക്കാൻ സാധിക്കുമെന്ന് ബി എസ് എൻ എൽ അറിയിച്ചു.

അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റർനാഷണൽ മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിങ് സൗകര്യം

അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദർശകർക്കും ഉപകരിക്കുന്ന തരത്തിൽ റ്റി- മൊബൈൽ കമ്പനിയുമായി ചേർന്ന് ഇന്റർനാഷണൽ മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിങ് സൗകര്യം നിലവിൽ വന്നു. നേപ്പാളിലേക്കുള്ള റോമിങ് സൗകര്യം എൻസെൽ കമ്പനിയുമായി ചേർന്നാണ് നടപ്പാക്കിയിരിക്കുന്നത്. ഇൻകമിങ് എസ് എം എസുകൾ സൗജന്യമാണ് എന്നത് ഈ പ്ലാനിന് പ്രത്യേകതയാണെന്ന് ബി എസ് എൻ എൽ​ പറയുന്നു. . റോമിങ് സമയത്ത് ഉള്ള സൗജന്യ ഇൻകമിങ് കോളർ ഐഡി സൗകര്യവും ലഭിക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ