രണ്ടു പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ പുതുക്കി. കഴിഞ്ഞ ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ 9, 29 രൂപയുടെ രണ്ടു പ്ലാനുകളാണ് പുതുക്കിയത്. ഈ രണ്ടു പ്ലാനുകൾ വഴി സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസ്സുകളും ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നു.

ഒൻപതു രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയിസ് കോൾ, 2 ജിബി ഡാറ്റ, 100 എസ്എംഎസ്സ് എന്നിവയായിരുന്നു നേരത്തെ ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഒരു ദിവസമായിരുന്നു കാലാവധി. എന്നാൽ പുതുക്കിയ പ്ലാനിൽ ഡാറ്റയിൽ മാത്രമാണ് വ്യത്യാസം. ഇനി മുതൽ 9 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു ജിബി ഡാറ്റ മാത്രമായിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുക.

നേരത്തെ 29 രൂപയ്ക്ക് റീചാർജ് ചെയ്താൽ 14 ജിബി ഡാറ്റ ലഭിക്കുമായിരുന്നു. ഇപ്പോഴിത് ഒരു ജിബി ഡാറ്റ ആക്കി ചുരുക്കി. അൺലിമിറ്റഡ് വോയിസ് കോൾ, 300 എസ്എംഎസ്സ്, സൗജന്യ ഹലോ ടൂൺ എന്നിവയിൽ മാറ്റമില്ല. ഏഴു ദിവസമാണ് പ്ലാനിന്റെ കാലാവധി.

റിലയൻസ് ജിയോ 52 രൂപയ്ക്ക് ഏഴു ദിവസത്തെ കാലാവധിയിൽ 150 എംബിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ജിയോയുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎൽ പ്ലാൻ ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാണ്. എയർടെല്ലിന്റെ 59 രൂപയുടെ പ്ലാൻ പ്രകാരം ഏഴു ദിവസം അൺലിമിറ്റഡ് വോയിസ് കോൾ, 100 എസ്എംഎസ്സ്, ഒരു ജിബി ഡാറ്റ എന്നിവ ലഭിക്കും. വോഡഫോണിന്റെ 47 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയിൽ വെറും 500 എംബി ഡാറ്റയാണ് ലഭിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook