തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എന്‍എല്‍ ഒരു മാസത്തേക്കു ബ്രോഡ്ബാന്‍ഡ് സേവനം സൗജന്യമായി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിദിനം അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടിയാണ് സൗജന്യമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം ഇന്റര്‍നെറ്റ് കണക്ഷനുകളുടെ വേഗത്തെ സാരമായി തന്നെ ബാധിച്ചിട്ടുണണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് (വര്‍ക്ക് ഫ്രം ഹോം) വര്‍ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇന്റര്‍നെറ്റ് സ്പീഡിനെ സ്വാധീനിക്കുന്നുണ്ട്. വീട്ടിനകത്ത് കഴിയുമ്പോള്‍ സമയം പോക്കുന്നതിനായി ആളുകള്‍ വീഡിയോ സ്ട്രീമിങ് അടക്കമുള്ള ഓണ്‍ലൈന്‍ സേവനങ്ങളെ ആശ്രയിക്കുന്നതും ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിനെ ബാധിക്കും.

കൊറോണയെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കിയെന്ന കണക്കുകള്‍ വിവിധ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്. ചൈനയും ഇറ്റലിയുമടക്കമുള്ള രാജ്യങ്ങളില്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗം കുറഞ്ഞതായി സ്പീഡ് ടെസ്റ്റിങ് സേവനദാതാക്കളായ ഊക്‌ല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മാർച്ച് പകുതിയ്ക്ക് ശേഷമണ് ഇന്ത്യയിൽ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തുടങ്ങിയത്. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ച് ആദ്യവാരം ഇന്ത്യയില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ വേഗം കൂടിയതായാണ് ഊക്‌ലയുടെ കണക്കുകൾ പറയുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഫിക്‌സഡ് ലൈന്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ 69-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പിന്നീട് മൂന്ന് സ്ഥാനം പിറകിലേക്ക് പോയി. 36.95 എംബിപിഎസ്, 37.09 എംബിപിഎസ് എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ കണക്കുപ്രകാരം ഇന്ത്യയിലെ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ ശരാശരി ഡൗണ്‍ലോഡ്, അപ്‌ലോഡ് സ്പീഡുകള്‍. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ ലോകത്ത് 128-ാം സ്ഥാനത്താണ് ഇന്ത്യ. 11.83 എംബിപിഎസ്, 4.61 എംബിപിഎസ് എന്നിങ്ങനെയാണ് ഫെബ്രുവരിയിലെ ശരാശരി ഡൗണ്‍ലോഡ്, അപ്‌ലോഡ് സ്പീഡുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook