തിരുവനന്തപുരം:കൊറോണവൈറസിനെ തളയ്ക്കാനും വെല്ലുവിളിക്കാനുമുള്ള ആശയങ്ങള്‍ കൈയിലുണ്ടോ. നിങ്ങളെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ (കെഎസ് യുഎം ) വിളിക്കുന്നു. ലോകമെങ്ങും പടരുന്ന കോവിഡ്19 എന്ന മഹാവ്യാധിയെ വെല്ലുവിളിക്കാനുള്ള ആശയങ്ങളും പരിഹാര മാര്‍ഗങ്ങളും തേടുകയാണ് സ്റ്റാര്‍ട്ടപ് മിഷന്‍.

ഇതിനായി ‘ബ്രേക്ക് കൊറോണ’ എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍, സംരംഭകര്‍, വ്യക്തികള്‍, എന്‍ജിഒ-കള്‍, ജനസമൂഹങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം.

ബ്രേക്ക് കൊറോണയില്‍ ഇവര്‍ക്ക് പങ്കെടുക്കാനുള്ള വിഭാഗങ്ങള്‍ ഇവയാണ്: രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പിന്തുണ, സമൂഹ രോഗബാധ തടയല്‍, ഭക്ഷണം, മരുന്ന്, അവശ്യസാധനങ്ങള്‍ക്ക് എന്നിവയുടെ വിതരണം, കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള സഹായം, ലോക് ഡൗണ്‍ സംവിധാനത്തിനുള്ള പിന്തുണ, ആശുപത്രികളിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ പരിഹാരമാര്‍ഗങ്ങള്‍ക്ക് പിന്തുണ, മാസ്‌കുകള്‍, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, കോവിഡ്-19 വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍.

Read Also: കോവിഡ് 19: ഡിഫന്‍സ് ഫോഴ്സില്‍ അംഗമാകാന്‍ ടൊവിനോയും സണ്ണി വെയ്‌നും പൂര്‍ണിമയും

സാങ്കല്പികമായ ആശയങ്ങളല്ല വേണ്ടത്. പരീക്ഷണത്തിനുള്ള സമയമില്ലാത്തതിനാല്‍ വിശദമായ പരിഹാര മാര്‍ഗങ്ങളും ആ മാര്‍ഗങ്ങളിലേയ്ക്കും ലക്ഷ്യങ്ങളിലേയ്ക്കും എത്തുന്ന നടപടിക്രമങ്ങളുമാണ് സമര്‍പ്പിക്കേണ്ടത്. വിദഗ്ധരുടെ പാനല്‍ തെരഞ്ഞെടുക്കുന്ന എന്‍ട്രികളിന്‍മേല്‍ അനന്തര നടപടികള്‍ കെഎസ് യുഎം സ്വീകരിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ശാഖയുടെയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook